മിൽമ മാതൃകയിൽ ഭക്ഷ്യോത്‌പന്നങ്ങൾക്കും സഹകരണശൃംഖല

മിൽമ-മാതൃകയിൽ-ഭക്ഷ്യോത്‌പന്നങ്ങൾക്കും-സഹകരണശൃംഖല

തിരുവനന്തപുരം: ഗുണനിലവാരവും വിലക്കുറവും ഉറപ്പാക്കി ഭക്ഷ്യോത്പന്നങ്ങള്‍ക്ക് മില്‍മ മാതൃകയില്‍ സഹകരണ വിപണനശൃംഖല ഒരുങ്ങുന്നു. സഹകരണസംഘങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കാന്‍ തയ്യാറാക്കിയ കോ-ഓപ് മാര്‍ട്ട് പദ്ധതിയാണ് വിപുലീകരിക്കുന്നത്.

സഹകരണസംഘങ്ങളുടെയും കര്‍ഷകക്കൂട്ടായ്മകളുടെയും ഉത്പന്നങ്ങള്‍ ‘കോ-ഓപ് കേരള’ എന്നപേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കും. കോഴിക്കോട്ടെ മാര്‍ക്കറ്റിങ് സഹകരണ സംഘമായ എന്‍.എം.ഡി.സി.ക്കാണ് (നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് മാര്‍ക്കറ്റിങ് സഹകരണ സംഘം) വിപണനശൃംഖല ഒരുക്കാനുള്ള ചുമതല.

‘ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്ട്’ എന്നപേരില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്താണ് പദ്ധതി തയ്യാറാക്കിയത്. ‘കോ-ഓപ് മാര്‍ട്ട്’ എന്നപേരില്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ തുടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, ഓരോ ജില്ലയിലും ഓരോ കോ-ഓപ് മാര്‍ട്ട് വീതം തുടങ്ങിയതുമാത്രമാണ് നടന്നത്.

പദ്ധതിനിര്‍വഹണം നാലായി വിഭജിച്ച് നാല് സംഘങ്ങള്‍ക്കാണ് നല്‍കിയത്. ഏകോപനച്ചുമതല ആര്‍ക്കുമുണ്ടായിരുന്നില്ല. ഉത്പന്നങ്ങള്‍ ശേഖരിക്കാനും സംവിധാനമുണ്ടായിരുന്നില്ല. ഇതോടെ പദ്ധതി നിലച്ചു.

സഹകരണസംഘം രജിസ്ട്രാറായി പി.ബി. നൂഹ് ചുമതലയേറ്റതോടെയാണ് പദ്ധതി പുതുക്കിയത്. ‘സഹകരണ വിപണന ശൃംഖല’ എന്ന ആശയം മുന്‍നിര്‍ത്തി എന്‍.എം.ഡി.സി. പദ്ധതിരേഖ തയ്യാറാക്കി. സഹകരണ സംഘങ്ങളിലൂടെ കാര്‍ഷികാധിഷ്ഠിത സംരംഭങ്ങളും മൂല്യവര്‍ധിത ഉത്പന്ന യൂണിറ്റുകളും തുടങ്ങി ഉത്പന്നങ്ങള്‍ കോ-ഓപ് മാര്‍ട്ടിലൂടെ വിറ്റഴിക്കുകയെന്ന കാഴ്ചപ്പാടാണ് എന്‍.എം.ഡി.സി. മുന്നോട്ടുവെച്ചത്.

സ്ത്രീ-കര്‍ഷക കൂട്ടായ്മകള്‍ക്കും സംരംഭകരാകാം. സഹകരണ ബാങ്കുകള്‍ വായ്പ നല്‍കും. ഉത്പന്നങ്ങള്‍ എന്‍.എം.ഡി.സി. ഏറ്റെടുത്ത് കോ-ഓപ് മാര്‍ട്ടുകളിലെത്തിക്കും. ഇത് അംഗീകരിച്ചാണ് സഹകരണ വിപണനശൃംഖല ഒരുക്കാനുള്ള ചുമതല എന്‍.എം.ഡി.സി.ക്ക് നല്‍കി ഉത്തരവായത്.

സഹകരണ ബാങ്കുകളിലൂടെ കാര്‍ഷിക വായ്പ നല്‍കി ഉത്പാദിപ്പിക്കുന്ന കാര്‍ഷികവിളകള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങുന്ന സംരംഭങ്ങള്‍ ഏറ്റെടുത്ത് എന്‍.എം.ഡി.സി. വഴി കോ-ഓപ് മാര്‍ട്ടുകളിലൂടെ വിറ്റഴിക്കുകയാണ് ലക്ഷ്യം. പാല്‍ സംഭരണവും വിപണനവും മില്‍മ ഏറ്റെടുത്ത മാതൃകയാണിത്. കര്‍ഷകര്‍ക്ക് വരുമാനവും സഹകരണ ബാങ്കുകള്‍ക്ക് വായ്പത്തിരിച്ചടവും ഇതിലൂടെ ഉറപ്പാക്കാനാകുമെന്ന് പദ്ധതിരേഖയില്‍ പറയുന്നു.

സംരംഭങ്ങള്‍ തുടങ്ങാനുള്ള സഹായം എന്‍.എം.ഡി.സി. നല്‍കും. കേരളബാങ്ക്, നബാര്‍ഡ്, നാഫെഡ്, എന്‍.സി.ഡി.സി. തുടങ്ങിയവയുടെ സാമ്പത്തികസഹായം ഇതിനായി ലഭ്യമാക്കും.

എല്ലാ പഞ്ചായത്തിലും കോ-ഓപ് മാര്‍ട്ടുകള്‍ സ്ഥാപിക്കുന്നതോടെ, സഹകരണ ഇ-കൊമേഴ്സിലേക്ക് കടക്കാനാകുമെന്നും പദ്ധതിരേഖ പറയുന്നു. 15,000 സഹകരണ സംഘങ്ങളാണ് കേരളത്തിലുള്ളത്. ഓരോ സംഘത്തിനുകീഴിലും ഒരു കോ-ഓപ് മാര്‍ട്ട് തുടങ്ങിയാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ശൃംഖലയായി ഇത് മാറുമെന്നാണ് കണക്കാക്കുന്നത്.

Content highlights: cooperative network for food products on the model of milma, N.M.D.C wiil Cordinate

Exit mobile version