എരിവും ഇളം മധുരവും ചേർന്ന ഫോവ ചട്ണി; കൊങ്കണി വീടുകളിലെ പ്രിയ വിഭവം

എരിവും-ഇളം-മധുരവും-ചേർന്ന-ഫോവ-ചട്ണി;-കൊങ്കണി-വീടുകളിലെ-പ്രിയ-വിഭവം

വിൽ എന്നും കൊങ്കണി ഭക്ഷണരീതിയുടെ അവിഭാജ്യ ഘടകമാണ്. ക്ഷേത്രങ്ങളിലും വീടുകളിലും മിക്ക പൂജകളിൽ പ്രസാദമായി അവിൽ ശർക്കര പാനിയിൽ വിളയിച്ചത് ആണ് വിളമ്പുക. വൈകീട്ട് പലഹാരമായും അവിൽ വിളയിച്ചെടുക്കും. ഇത് കൂടാതെ അവിൽ കൊണ്ടുള്ള മറ്റൊരു പ്രധാന വിഭവമാണീ കാണുന്ന ” ഫോവ ചട്ണി ” അല്ലെങ്കിൽ അവിൽ ചട്ണി.

ഇത് സാധാരണ അവിൽ നനച്ചത് പോലെ മധുരമല്ല എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഇത്തിരി എരിവും ഇളം മധുരവും കൂട്ടത്തിൽ മല്ലി ജീരകം പൊടിച്ചതിന്റെ മണവും. മിക്കവാറും വൈകീട്ട് പലഹാരമായാണ് ഇതുണ്ടാക്കുക. മടിയുള്ള പ്രഭാതങ്ങളിൽ പ്രാതലായും ആവാം.

വെള്ള അവിലാണ് സാധാരണ എടുക്കുക. അടുപ്പത്തു വെച്ചുള്ള കലാപരിപാടികൾ ഇല്ലാതെ ചുമ്മാ മിക്സിങ് മാത്രമാണെന്നതും സംഗതി എളുപ്പത്തിലാക്കും.

സാധാരണ പഴം ചേർത്ത് കഴിക്കാനാണ് പലരും ഇഷ്ടപ്പെടുക. വല്ല മിക്സ്ചറും ഒക്കെ കൂടെയുണ്ടെങ്കിൽ ബോണസ്. എന്നാൽ ഇത് രണ്ടുമല്ലാതെ വിശേഷവസരങ്ങളിൽ ഫോവ ചട്ണിക്കൊപ്പം കൂട്ട് വരുന്നതാണ് കടല ഉപ്പേരി. കടല അല്പം ചാറോടു കൂടെ താളിച്ചെടുക്കുന്നതാണ് ഇതിന്റെ രീതി.  ചില വീടുകളിൽ ഉപ്പുമാവിനൊപ്പവും അവൽ ചട്ണി വിളമ്പാറുണ്ട്. ഓരോരുത്തർക്കും ഓരോ രുചിയും ഓരോ ഇഷ്ടങ്ങളുമാണല്ലോ.

ഏതായാലും ഇന്ന് ഫോവ ചട്ണിക്കൊപ്പം പഴവും മിക്സ്ചറും മാത്രം. കുട്ടികൾക്ക് ഒക്കെ വളരെ ഇഷ്ടപ്പെടുന്ന ഈ വിഭവം ഉണ്ടാക്കി നോക്കൂ.

ചേരുവകൾ

വെള്ള അവൽ  – ആവശ്യത്തിന് 
തേങ്ങാ തിരുമ്മിയത് – 2 കപ്പ് 
മല്ലി – 1 ടേബിൾ സ്പൂൺ 
ജീരകം – 2 ടീസ്പൂൺ 
വറ്റൽ മുളക് അല്പം എണ്ണയിൽ വറുത്തത് –  5-6 എണ്ണം 
ഉപ്പ് – ആവശ്യത്തിന് 
ശർക്കര   – 2 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

മല്ലി , ജീരകം , വറ്റൽ മുളക് എന്നിവ ഒരു ഇടികല്ലിൽ വെച്ചോ അല്ലെങ്കിൽ മിക്സിയിലോ നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് ശർക്കര ചേർത്ത് ഒന്നുകൂടെ പൊടിക്കുക. തേങ്ങാ തിരുമ്മിയതിലേക്ക് ഈ പൊടിയും ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. ശർക്കരയും ഉപ്പും അലിഞ്ഞു തുടങ്ങുമ്പോൾ തന്നെ അല്പം  നനവ് ഈ കൂട്ടിൽ കാണും. വിളമ്പുന്നതിനു അല്പം മുൻപ് ആവശ്യത്തിനുള്ള വെള്ള അവൽ ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അവൽ ചട്ട്ണി തയ്യാർ. കടല താളിച്ചതോ ചെറുപഴമോ , മിക്സ്ചറോ ചേർത്ത് കഴിക്കാം…

Content Highlights: phova chutney, konkani recipes, konkani sweet recipes, malayalam recipes

Exit mobile version