ഇഡ്ഡലിക്കൊപ്പം ചമ്മന്തിയും സാമ്പാറും; കിടിലൻ കോമ്പിനേഷനെന്ന് വിയറ്റ്നാം വ്ളോ​ഗർ |വീഡിയോ

ഇഡ്ഡലിക്കൊപ്പം-ചമ്മന്തിയും-സാമ്പാറും;-കിടിലൻ-കോമ്പിനേഷനെന്ന്-വിയറ്റ്നാം-വ്ളോ​ഗർ-|വീഡിയോ

സൗത്ത് ഇന്ത്യൻ രുചികളിൽ പ്രധാനമാണ് ദോശയും ഇഡ്ഡലിയുമൊക്കെ. പ്രാതലിന് മിക്കവീടുകളിലും ഇവയിലേതെങ്കിലും സ്ഥിരവുമാണ്. ഇതുവരെ സൗത്ത് ഇന്ത്യൻ രുചികൾ കഴിച്ചിട്ടില്ലാത്ത ഒരു ഫുഡ് വ്ളോ​ഗർ ആദ്യമായി ഇഡ്ഡലി കഴിക്കുന്നതിന്റെ വീ‍ഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമത്തിൽ നിറയുന്നത്. 

ഫുഡ് വിത് സോയ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീ‍ഡിയോ പുറത്തുവന്നിരിക്കുന്നത്. ഇഡ്ഡലിയും വടയും ചട്നികളുമൊക്കെ ആദ്യമായി കഴിക്കുകയാണ് കക്ഷി. ഇഡ്ഡലിയും വടയും സാമ്പാറും ചട്നികളും വച്ച പാത്രത്തിനു മുന്നിലിരിക്കുന്ന വ്ളോ​ഗറിൽ നിന്നാണ് വീ‍ഡിയോ ആരംഭിക്കുന്നത്. ശേഷം മൂന്നുവിധത്തിലുള്ള ചട്നികളെക്കുറിച്ചും സാമ്പാറിനെക്കുറിച്ചുമൊക്കെ വ്ളോ​ഗർ പറയുന്നുണ്ട്. 

അരിയാഹാരത്തിന് പ്രസിദ്ധമാണ് സൗത്ത് ഇന്ത്യയെന്നും ആവിയിൽ വേവിച്ച ഇഡ്ഡലി തനിക്കേറെ ഇഷ്ടമായെന്നുമാണ് വ്ളോ​ഗർ പറയുന്നത്. ഇഡ്ഡലി മൂന്നു ചട്നികളിലും സാമ്പാറിലുമൊക്കെ മുക്കി ആസ്വദിച്ച് കഴിക്കുന്നുണ്ട്. ശേഷം വടയും സാമ്പാറിൽ മുക്കി കഴിക്കുന്നതു കാണാം.

ഇതുമാത്രമല്ല തന്നെ ഇഡ്ഡലി തയ്യാറാക്കാൻ പഠിപ്പിക്കുമോ എന്ന് ക്യാപ്ഷനിൽ ചോദിക്കുന്നുമുണ്ട് കക്ഷി. സസ്യാഹാരികൾക്ക് പറ്റിയ ആഹാരമാണ് ഇതെന്നും വീട്ടിൽ ഇഡ്ഡലി ഉണ്ടാക്കേണ്ട വിധം പഠിപ്പിക്കുമോ എന്നുമാണ് ചോദിക്കുന്നത്. 

ഇതിന് മറുപടിയായി പലരും ഇഡ്ഡലിയുടെയും ചട്നികളുടെയും റെസിപ്പിയും പങ്കുവെച്ചിട്ടുണ്ട്. ചിലരാകട്ടെ ഇഡ്ഡലി കഴിക്കേണ്ട വിധവും പഠിപ്പിക്കുന്നുണ്ട്. വീഡിയോയിൽ കണ്ടതുപോലെ ഇഡ്ഡലി പകുതി കഷ്ണമാക്കിയല്ല കഴിക്കേണ്ടതെന്നും കുറച്ചു ഭാ​ഗം മാത്രമെടുത്ത് സാമ്പാറിലോ ചട്നിയിലോ മുക്കി കുതിർത്താണ് കഴിക്കേണ്ടതെന്നുമാണ് അവർ പറയുന്നത്. 

Content Highlights: vietnamese food blogger reacts on having south indian food for the first time

Exit mobile version