കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…

വടകര: ദിവസവും പാഴാക്കിക്കളയുന്ന ലിറ്റര്‍കണക്കിന് തേങ്ങാവെള്ളം ശീതളപാനീയമായി ഇനി കുപ്പിയില്‍ കിട്ടും. വടകര നാളികേര കര്‍ഷക ഉത്പാദക കമ്പനിയാണ് ഏഴുമാസത്തോളം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന ഈ ഉത്പന്നം ‘ഡി കൊക്കോസ് കോക്കനട്ട് വാട്ടര്‍’ എന്ന ബ്രാന്‍ഡ് നെയിമില്‍ വിപണിയില്‍ ഇറക്കുന്നത്. ഈ മാസം അവസാനം ഔദ്യോഗിക ലോഞ്ചിങ് നടക്കുമെന്ന് കമ്പനി ചെയര്‍മാന്‍ പ്രൊഫ. ഇ. ശശീന്ദ്രന്‍ പറഞ്ഞു.

ദിവസവും 5000 പച്ചത്തേങ്ങ വെട്ടി കൊപ്രയാക്കുന്ന വെളിച്ചെണ്ണ പ്ലാന്റ് കമ്പനിക്കുണ്ട്. ഈ തേങ്ങാവെള്ളമെല്ലാം പാഴാക്കുകയായിരുന്നു പതിവ്. ഇത് ഉപയോഗപ്പെടുത്താമെന്ന ചിന്തയിലാണ് തേങ്ങാവെള്ളം സംസ്‌കരിച്ച് ശീതളപാനീയമാക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള സാങ്കേതികവിദ്യ സി.പി.സി.ആര്‍.ഐ.യും മറ്റും വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍, ചില പരിമിതികള്‍കാരണം ഇതില്‍ കുറച്ച് പരീക്ഷണങ്ങളൊക്കെ നടത്തിയാണ് ഏഴുമാസത്തോളം സൂക്ഷിക്കാവുന്ന നിലയിലേക്ക് വികസിപ്പിച്ചെടുത്തത്. ഇത് വിജയകരമാണെന്ന് കമ്പനി അവകാശപ്പെട്ടു.

ദിവസം അയ്യായിരം തേങ്ങ വെട്ടുമ്പോള്‍ 500 ലിറ്റര്‍ തേങ്ങാവെള്ളം കിട്ടും. ആദ്യഘട്ടത്തില്‍ 250 ലിറ്റര്‍ വീതം രണ്ടുതവണ സംസ്‌കരിച്ചുകഴിഞ്ഞു. ആയിരം ലിറ്റര്‍വരെ സംസ്‌കരിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. മണിയൂരിലെ വെളിച്ചെണ്ണ പ്ലാന്റില്‍നിന്ന് തേങ്ങാവെള്ളം ചെമ്മരത്തൂരിലെ നീര പ്ലാന്റില്‍ എത്തിച്ചാണ് സംസ്‌കരിക്കുന്നത്. ഇതിനായി പുതിയ യന്ത്രം വാങ്ങിയിട്ടുണ്ട്. ഫില്ലിങ്ങിനും മറ്റും നീര പ്ലാന്റിലെ യന്ത്രങ്ങള്‍തന്നെയാണ് ഉപയോഗിക്കുന്നത്.

എട്ടുലക്ഷത്തോളം രൂപ ഈ സംരംഭത്തിനായി ചെലവഴിച്ചു. 200 മില്ലിയുടെ കുപ്പി 25 രൂപയ്ക്ക് വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. പ്രകൃതിദത്തപാനീയമെന്ന നിലയില്‍ ഈ ഉത്പന്നത്തിന് സ്വീകാര്യത കിട്ടുമെന്ന പ്രതീക്ഷയിലാണ് കമ്പനി. നിലവില്‍ മാര്‍ക്കറ്റില്‍ തേങ്ങാവെള്ളം ശീതളപാനീയമായി വില്‍ക്കുന്നത് കുറവാണ്. ഇതും പ്രതീക്ഷ പകരുന്ന ഘടകമാണ്.

Content highlights: coconut water will get in bottle vadakara coconut company

Exit mobile version