ശരീരഭാരം കുറയ്ക്കുന്നതിന് കുറുക്കുവഴി തേടുകയാണോ നിങ്ങള്‍? കഠിനമായ വ്യായാമമുറകളും ഡയറ്റുമെല്ലാം ക്രമീകരിച്ചിട്ടും ശരീരഭാരത്തില്‍ കാര്യമായ വ്യത്യാസമൊന്നും വരുന്നില്ലേ. എല്ലാവര്‍ക്കും ഒരേതരം ഡയറ്റ് പിന്തുടരുന്നത് ഫലവത്താവണമെന്നില്ല. ചിലര്‍ക്ക് പ്രോട്ടീന്‍ കൂടുതല്‍ ഉള്ളതും കലോറി കുറഞ്ഞവയും കഴിച്ചാല്‍ ശരീരഭാരം കുറഞ്ഞേക്കും. ചിലര്‍ക്കാകട്ടെ ഇത് യാതൊരുമാറ്റവും ഉണ്ടാക്കില്ല.
പുതിയൊരു ഡയറ്റിങ് രീതി പരിചയപ്പെടുത്തുകയാണ് ബോളിവുഡ് നടി ഭാഗ്യശ്രീ. വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്ന് പറയുകയാണ് അവര്‍.
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യഘടകമാണ്. നമ്മുടെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ പൂര്‍ണമാക്കാനും വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികള്‍ സഹായിക്കുന്നു. ഈ പച്ചക്കറികള്‍ ശീലമാക്കുന്നത് ശരീരം കൂടുതല്‍ ക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ-വീഡിയോയില്‍ ഭാഗ്യശ്രീ പറഞ്ഞു.
ചുരയ്ക്ക, പച്ചച്ചീര, തക്കാളി, കാബേജ്, വെള്ളരിക്ക, പച്ചടിച്ചീര, കക്കരിക്ക എന്നിവയിലെല്ലാം വെള്ളം ധാരാളമായുണ്ട്. കൂടാതെ, ഇവയില്‍ ദഹനത്തിന് സഹായിക്കുന്ന ഫൈബറും അടങ്ങിയിരിക്കുന്നു. ദഹനത്തെക്കൂടാതെ ഇന്‍സുലിന്റെ അളവ് ക്രമീകരിക്കുന്നതിനും ഈ നാരുകള്‍ സഹായിക്കുന്നുണ്ട്. കൂടാതെ, ഈ പച്ചക്കറികളില്‍ കലോറി വളരെക്കുറവാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പച്ചക്കറികളാണിവ-ഭാഗ്യശ്രീ കൂട്ടിച്ചേര്‍ത്തു.
Content highlights: bhagyashree shares weight loss diet tips, importants of water vegetables for diet