തണുത്ത കാലാവസ്ഥയില്‍നിന്ന് വേനല്‍ക്കാലത്തേക്കുള്ള ചുവടുവെപ്പിലാണ് കാലാവസ്ഥ ഇപ്പോള്‍. അടിക്കടിയുള്ള കാലാവസ്ഥാമാറ്റം ചര്‍മത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. പഴങ്ങള്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഉറപ്പുവരുത്തുന്നതിനൊപ്പം സൗന്ദര്യ സംരക്ഷണത്തിലും കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ചര്‍മ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ പഴങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. പഴങ്ങള്‍ ചര്‍മത്തിന്റെ പുറമെ പുരട്ടുന്നത് മാത്രമല്ല, അവ കഴിക്കുന്നത് കൊണ്ടും ചര്‍മസൗന്ദര്യം നിലനിര്‍ത്താന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.
തക്കാളി
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളമായി അടങ്ങിയ പഴമാണ് തക്കാളി. ഈ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ ഇല്ലാതാക്കുന്നതിനൊപ്പം മുഖക്കുരുവിനെയും തുരത്തുന്നു. ചര്‍മകോശങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം സൂര്യപ്രകാശം ഏല്‍ക്കുമ്പോഴുള്ള നാശത്തെ ചെറുക്കുകയും ചെയ്യുന്നു.
ഓറഞ്ച്
വിപണിയില്‍ ലഭ്യമായ മിക്ക സൗന്ദര്യ ലേപനങ്ങളിലും ഓറഞ്ച് അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് കഴിക്കുന്നതും ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്തും. ചര്‍മത്തിന്റെ നാശം തടയുന്നതിനും ഓറഞ്ചിന് വലിയ പങ്കുണ്ട്.
അവക്കാഡോ
ധാതുക്കളും ആരോഗ്യപ്രദമായ കൊഴുപ്പും ധാരാളമടങ്ങിയിട്ടുള്ള പഴമാണ് അവക്കാഡോ. ഇത് രണ്ടും നമ്മുടെ ചര്‍മത്തിന് ഏറെ ഗുണകരമാണ്. കൂടാതെ, അവക്കാഡോയില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇ എന്നിവ ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
തണ്ണിമത്തന്‍
95 ശതമാനവും വെള്ളമടങ്ങിയ തണ്ണിമത്തന്‍ ചര്‍മത്തിന്റെ മൃദുത്വം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി, ലൈക്കോപീന്‍, വിറ്റാമിന്‍ എ എന്നിവയും ചര്‍മത്തിന്റെ തിളക്കവും മൃദുത്വവും കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നു.
സൗന്ദര്യവർധക വസ്തുക്കൾ വിലക്കുറവിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക
Content highlights: fruits for healthy glowing skin fruits for healthy skin