ഹൈലൈറ്റ്:
- മയൂഖയുടെ ആരോപണം കളവാണെന്ന് കുറ്റാരോപിതന്റെ സുഹൃത്തുക്കൾ
- കള്ളക്കേസിൽ കുടുക്കുന്നത് പതിവു രീതിയെന്ന് ആരോപണം
- 2016ൽ പീഡനം നടന്നെന്നാണ് ആരോപണം
തൃശൂർ: പീഡന പരാതി വ്യാജമെന്ന സീയോൻ ആത്മീയ കേന്ദ്രത്തിലെ മുൻ പ്രവർത്തകരുടെ ആരോപണങ്ങൾ തള്ളി കായിക താരം മയൂഖ ജോണി. സഭാ തർക്കത്തിന്റെ പേരിൽ ഒരു പെണ്ണും പീഡന പരാതി ഉന്നയിക്കില്ലെന്നും മയൂഖ പറഞ്ഞു.
തനിക്കെതിരെ തെളിവായി ഉണ്ടെന്നു പറയുന്ന വീഡിയോയെപ്പറ്റി അറിയില്ലെന്നും പ്രതിക്ക് വലിയ സ്വാധീനം ഉണ്ടെന്നതിന്റെ തെളിവാണ് സുഹൃത്തുക്കളുടെ വാർത്താ സമ്മേളനമെന്നും മയൂഖ പറഞ്ഞു.
പ്രതിക്കുവേണ്ടി വനിതാ കമ്മീഷനായിരുന്ന എംസി ജോസഫൈൻ ഇടപെട്ടെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്. മന്ത്രിതല ഇടപെടൽ അറിയാൻ കോളുകൾ പരിശോധിച്ചാൽ മതി. പരാതി ഉന്നയിച്ചത് സീയോൻ പ്രസ്ഥാനത്തിനു വേണ്ടിയല്ലെന്നും തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കിയാൽ നിയമ നടപടി ആലോചിക്കുമെന്നും മയൂഖ പറഞ്ഞു, ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
മയൂഖയുടെ ആരോപണം കളവാണെന്നാണ് സീയോൻ ആത്മീയ കേന്ദ്രത്തിലെ മുൻ പ്രവർത്തകർ വാർത്താ സമ്മേളനം വിളിച്ച് പറഞ്ഞത്. സംഘത്തിൽ നിന്നും പുറത്തു പോകുന്നവരെ കേസിൽ കുടുക്കുന്നത് സീയോൻ അംഗങ്ങളുടെ പതിവ് രീതിയാണെന്ന് പ്രതിയുടെ സുഹൃത്തുക്കൾ ആരോപിച്ചു. മയൂഖയും പരാതിക്കാരിയും സീയോൻ ആത്മീയ പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകരാണെന്ന് ആരോപണം നേരിടുന്ന ചുങ്കത്ത് ജോൺസന്റെ സുഹൃത്തുക്കൾ പറഞ്ഞു.
ചുങ്കത്ത് ജോൺസൻ പ്രസ്ഥാനം വിട്ട് പുറത്തു വന്നു. പ്രസ്ഥാനത്തിന്റെ സ്ഥാപകന്റെ മരണ ശേഷമായിരുന്നു ഇത്. ഇതിന്റെ വൈരാഗ്യം മൂലമാണ് വ്യാജ പീഡന പരാതി എന്നാണ് കുറ്റാരോപിതന്റെ സുഹൃത്തുക്കളുടെ ആരോപണം. സീയോൻ വിട്ട് പുറത്തു പോകുന്നവരെ ഉപദ്രവിക്കുന്നത് പുണ്യമാണെന്നാണ് പ്രസ്ഥാനത്തിലുള്ളവർ വിശ്വസിക്കുന്നതെന്നും കുറ്റാരോപിതന്റെ സുഹൃത്തുക്കൾ ആരോപിച്ചു.
2016 ൽ തന്റെ സുഹൃത്തിനെ ചുങ്കത്ത് ജോൺസൻ പീഡിപ്പിച്ചെന്നാണ് മയൂഖയുടെ ആരോപണം. ചാലക്കുടി മുരിങ്ങൂർ സ്വദേശി ജോൺസൻ പെൺകുട്ടിയുടെ വീട്ടിൽ കയറി പീഡിപ്പിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് എസ്പി പൂങ്കുഴലിക്ക് പരാതി നൽകിയെങ്കിലും മോശം സമീപനമാണ് ഉണ്ടായതെന്ന് മയൂഖ ആരോപിച്ചു.
വിസ്മയയുടെ മരണം: കിരണിനെ വീട്ടിലും ബാങ്കിലും എത്തിച്ച് തെളിവെടുപ്പ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : athlete mayookha johny denies all allegation regarding rape complaint
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download