പേടിയല്ല, സന്തോഷമാണ് വിശ്വാസമെന്ന് കരുതുന്ന മനുഷ്യരുടെ നാട്‌; കെ ടി ജലീലിന്റെ ഇന്തോനേഷ്യൻ കുറിപ്പുകൾ രണ്ടാം ഭാഗം

പേടിയല്ല,-സന്തോഷമാണ്-വിശ്വാസമെന്ന്-കരുതുന്ന-മനുഷ്യരുടെ-നാട്‌;-കെ-ടി-ജലീലിന്റെ-ഇന്തോനേഷ്യൻ-കുറിപ്പുകൾ-രണ്ടാം-ഭാഗം

ഭാഗം: 2

വിവിധ സംസ്‌കാരങ്ങൾ നിറഞ്ഞാടുന്ന ഒരു ഭൂപ്രദേശത്ത് ഹിന്ദുമുസ്ലിംബൗദ്ധ കൃസ്ത്യൻ ജനവിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന ഐക്യം പറഞ്ഞ് പ്രതിഫലിപ്പിക്കാൻ പ്രയാസമാണ്. ഇവിടെ ഭൂരിപക്ഷന്യൂനപക്ഷ വേർതിരിവുകളില്ല. ലോകത്തിലെ ഏറ്റവുമധികം മുസ്ലിങ്ങളുള്ള രാജ്യത്താണിതെന്നോർക്കണം. ഇസ്ലാമോഫോബിയ പിടികൂടിയ മനോരോഗികൾ ഒരാഴ്‌ച ഇന്തോനേഷ്യയിൽ വന്ന് താമസിച്ചാൽ ആ ‘അസുഖം’ മാറിക്കിട്ടും. തീവ്രസ്വഭാവമുള്ള മുസ്ലിങ്ങളിലെ ‘തലതിരിഞ്ഞ” ധാരണക്കാർക്കും ഇന്തോനേഷ്യൻ ജീവിതം ഒറ്റമൂലിയാകും. തീർച്ച.

ബഡുയി ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന ഗ്രാമത്തിലേക്കാണ് രണ്ടാം ദിവസം രാവിലെതന്നെ പുറപ്പെട്ടത്. നസ്റിൻ ബാനുവും ആമസോണിലെ കമ്പ്യൂട്ടർ എഞ്ചിനീയർ കോട്ടയം സ്വദേശി ജസ്റ്റിനും വഴികാട്ടാൻ കൂടെയുണ്ടായിരുന്നു. നല്ലൊരു ക്രിക്കറ്റ് പ്ലെയർകൂടിയാണ് ജസ്റ്റിൻ. ബഡുയി ഗ്രാമത്തിലേക്ക് ജക്കാർത്തയിൽ നിന്ന് 150 കിലോമീറ്റർ ദൂരമുണ്ട്. ആറുവരിപ്പാതയും നാലുവരിപ്പാതയും ഗ്രാമങ്ങളുടെ വീതി കൂടിയ നാഡികൾ പോലെ നീണ്ടുനിവർന്ന് കടന്നു പോകുന്ന കാഴ്ച സുന്ദരമാണ്. റോഡിൻ്റെ ഇരുവശവും ശ്രദ്ധിച്ചാൽ  അന്തിക്കാട് പ്രദേശത്ത്കൂടെയോ മലപ്പുറത്തെ ഒരു ഗ്രാമത്തിലൂടെയോ കടന്ന് പോകുന്ന പ്രതീതി. കതിരിട്ട നെൽപാടങ്ങളും, വാഴയും, മാവും, പ്ലാവും, മുളയും, കപ്പയും, തെങ്ങും പാം പനകളും നിറഞ്ഞ ഗ്രാമങ്ങൾ.

വിശാലമായ ദേശീയ പാതയിൽ നിന്ന് ഡിവൈഡറുകളില്ലാത്ത സാധാരണ രണ്ടുവരി റോഡിലേക്ക് പതുക്കെ തിരിഞ്ഞു. വൃത്തിയുള്ള ചെറു അങ്ങാടികൾ റോഡിനിരുഭാഗത്തും യഥേഷ്ടം കാണാം. ചെമ്പ അങ്ങാടിയിൽ നിർത്തി ചായകുടിച്ചു. നാടൻ പലഹാരങ്ങൾ കണ്ണാടിക്കൂട്ടിൽ നിരത്തി വെച്ചിട്ടുണ്ട്. ഓരോ നാട്ടിൽ പോയാലും അവിടുത്തെ ഭക്ഷണം കഴിക്കാനാണ് എനിക്കിഷ്ടം.

ഗ്രാമീണർക്ക് പ്രാദേശിക ഭാഷ മാത്രമേ അറിയൂ. ഇന്തോനേഷ്യൻ ഭാഷയുടെ ലിപി ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് സമാനമാണ്. ജനങ്ങൾ പൊതുവെ ശാന്തശീലരാണെന്ന് അവരുടെ പെരുമാറ്റത്തിൽ നിന്നിറയാം. വിനയം മുഖമുദ്രയാക്കിയ മനുഷ്യർ. ഉൾഗ്രാമത്തിലെ ഒരു പൊതു ടോയ്ലെറ്റ് പോലും വൃത്തിയായി സൂക്ഷിച്ചത് മതിപ്പുളവാക്കുന്ന കാര്യമാണ്. ഉൾനാടുകളിൽ പോലും ജനങ്ങൾ പുലർത്തുന്ന ശുചിത്വ ബോധം പ്രശംസനീയം തന്നെ.

ഇന്തോനേഷ്യക്കാർ പരസ്പരം ബഹുമാനിക്കുന്നതിൽ ഒട്ടും പിശുക്ക് കാണിക്കുന്നില്ല. മുതിർന്നവരെ ‘ബഹുമാന്യദേഹമേ’ എന്ന അർത്ഥത്തിൽ ‘ബാപ’എന്ന് വിളിച്ചാണ് വയസ്സിൽ ഇളവവർ അഭിസംബോധന ചെയ്യാറ്. പ്രായമുള്ള സ്ത്രീകളെ ‘ഇബു’ (ബഹുമാന്യരെ)എന്നാണ് വിളിക്കുക. ഇളയവരെ ‘അനിയാ, അനിയത്തീ” എന്ന അർത്ഥത്തിൽ ‘അടെ’എന്നും വിളിക്കും. ഇന്തോനേഷ്യയിൽ ഇത് സർവ്വ സാധാരണമാണ്. പെൺകുട്ടികൾ സ്വയം ജോലിയെടുത്ത് വരുമാനം ഉണ്ടാക്കുന്നത് കൊണ്ടുതന്നെ പൊതുവെ തൻ്റേടികളാണ്. ചെറുതും വലുതുമായ എല്ലാ കടകളിലും സ്ത്രീകളെ ഉടമസ്ഥരായോ ജോലിക്കാരായോ കാണാം. പുരുഷൻമാർ അലസരായാണ് അനുഭവപ്പെട്ടത്.

സിഗരറ്റും വലിച്ച് അങ്ങാടികളിലെ ബസ്റ്റോപ്പുകളിൽ നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരിക്കുന്ന കുറേപേരെ കാണാനിടയായി. അവർ കുഴപ്പക്കാരല്ല. എപ്പോഴും സ്ഥാപന ഉടമകൾ പുരുഷൻമാരെ ഉത്തേജിപ്പിച്ചു കൊണ്ടേയിരിക്കണം.

എന്നാൽ സ്ത്രീകൾ അങ്ങിനെയല്ല. അവർ സദാസമയം കർമ്മനിരതരാണ്. പെൺകുട്ടികളുടെ വിവാഹം രക്ഷിതാക്കൾക് ഒരു ഭാരമേയല്ല. പുരുഷൻ സ്ത്രീക്ക് നല്ല നിലയിൽ തന്നെ ‘വിവാഹമൂല്യം’ നൽകണം. ഇന്തോനേഷ്യയിൽ സ്ത്രീകളാണ് വിവാഹ മോചനത്തിന് സാധാരണ മുൻകയ്യെടുക്കാറെത്രെ.

സ്കൂൾ പഠന കാലത്ത് തന്നെ മാതാപിതാക്കൾ കുട്ടികളുടെ വിവാഹം പറഞ്ഞുവെക്കും. ചെറുപ്പംമുതലേ അടുത്തറിയാനും മനസ്സിലാക്കാനും ഇത് സഹായിക്കുമെന്നാണ് അനുഭവസ്ഥർ അഭിപ്രായപ്പെട്ടത്.

ഗ്രാമങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കുറവല്ല. ജക്കാർത്തയുടെ പുറത്തേക്ക് പോയാൽ കുന്നും പുഴകളും സുലഭമായി കാണാം.

റോഡിനിരുഭാഗങ്ങളിലുമുള്ള കാഴ്ചകൾ കണ്ട് രണ്ടര മണിക്കൂർ യാത്ര ചെയ്താണ് ബാൻതൻ പ്രൊവിശ്യയിലെ ബദുയി ഗോത്രക്കാർ താമസിക്കുന്ന കാടും കുന്നുമുള്ള പ്രദേശത്ത് എത്തിയത്. കുന്നിൻ്റെ താഴ് വാരത്ത് കാർ നിർത്തി ഞങ്ങൾ കുന്നുകയറാൻ തുടങ്ങി. ഉരുളൻ കല്ല് കൊണ്ട് തീർത്ത നടപ്പാതയിലൂടെ അൽപദൂരം നടന്നാൽ ഗോത്രവർഗക്കാരുടെ ആവാസ സ്ഥലത്തെത്താം.

ബഡുയി കുന്നിൻചെരുവിൽ 112ഓളം ഗോത്രവർഗ്ഗ കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്. പനയോലയും മുളയും ഉപയോഗിച്ചുണ്ടാക്കിയ വീടുകളിലാണ് താമസം. മതമോ ദൈവമോ ഇവർക്കില്ല. വിവാഹാഘോഷങ്ങൾ മാത്രമാണ് ബഡുയികളുടെ ഏക ആഘോഷം. മതപരമായ ഉൽസവങ്ങളൊന്നുമേയില്ല. വിവാഹാഘോഷ നാളുകളിൽ എല്ലാവരും ഒത്തുകൂടി ആടിപ്പാടിത്തിമർക്കും.

വിളവെടുപ്പിൻ്റെ നാളുകളും കാട്ടുവിഭവങ്ങൾ ഭരണാധികാരികൾക്ക് കൈമാറുന്ന ദിവസവും ബഡുയികൾക്ക് മതേതര ഉൽസവ ദിനങ്ങളാണ്. ഒരു ശക്തിയേയും ഇവർ ആരാധിക്കുന്നില്ല. ഭൂമിയും പ്രകൃതിയുമാണ് സർവസ്വവുമെന്ന് കരുതുന്നവരാണ് ബഡുയികൾ. ഇവരുടെ വീടുകൾ വൈദ്യുതീകരിച്ചിട്ടില്ല. പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന  ആദിവാസികൾ.

കാട്ടിലെ അപൂർവ്വ പഴങ്ങളും തേനുൾപ്പടെയുള്ള ഉൽപന്നങ്ങളും വിറ്റാണ് ഈ ഗോത്രവർഗ്ഗക്കാർ ജീവിക്കുന്നത്. നൂല് വാങ്ങി ചർക്കയിൽ സ്വയം നെയ്യുന്ന ഷോളുകളും മുത്തുമാലകളും മരങ്ങൾക്കൊണ്ടുള്ള കൗതുക വസ്തുക്കളും ഓരോ വീടിനോടും ചേർന്നുള്ള ചെറിയ കടകളിൽ വിൽക്കാൻ വെച്ചിട്ടുണ്ട്. ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചത് ഒരു ബഡുയി കുടുംബത്തിൽ നിന്നാണ്. ഉണക്കമൽസ്യം വറുത്തതും കോഴി പൊരിച്ചതും പച്ചരിച്ചോറും ചമ്മന്തിയും കപ്പയും കപ്പയുടെ ഇല വാട്ടിയതുമായിരുന്നു വിഭവങ്ങൾ.

ഭക്ഷണം നന്നേ ബോധിച്ചു. കേരള സമാജം സെക്രട്ടറി നസ്റിൻ ബാനുവാണ് എല്ലാം ഏർപ്പാട് ചെയ്തത്. ബഡുയികൾ അപൂർവ്വമായേ പട്ടണങ്ങളിലേക്ക് പോകാറുള്ളൂ. കുട്ടികളൊന്നും സ്കൂളിൽ പോകുന്നില്ല. ടൂറിസ്റ്റുകളായി എത്തുന്നവർക്കായി കാട്ടുവിഭവങ്ങൾ ശേഖരിച്ച് വീടുകളോട് ചേർന്ന ഔട്ട്ലെറ്റുകളിൽ എത്തിക്കുന്ന ജോലിയാണ് ഇവർക്ക്. കുട്ടികൾ സ്കൂളിൽ പോയാൽ തങ്ങളുടെ ഗോത്രവർഗ്ഗ സംസ്കാരം നശിക്കുമെന്നാണ് മുതിർന്നവർ വിശ്വസിക്കുന്നത്.

ബഡുയി ഗോത്ര വർഗ്ഗക്കാരൻ

ഒറ്റപ്പെട്ട് ജീവിക്കാനും പട്ടണങ്ങളിൽ നിന്ന് അകന്ന് നിൽക്കാനും ആഗ്രഹിച്ച ഗോത്രവർഗ്ഗക്കാരെ ജനങ്ങളുമായി ബന്ധിപ്പിക്കാൻ നഗരവാസികളെ ഗോത്ര ഊരുകളിലെത്തിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കി. തത്ഫലമായി ബഡുയി ഗോത്ര ഊരുകളുള്ള പ്രദേശം ടൂറിസ്റ്റ് കേന്ദ്രമാക്കി ഗവൺമെൻ്റ് മാറ്റി.

ഓരോദിവസവും ഇവിടെയെത്തുന്ന നൂറുകണക്കിന് ആളുകൾ കല്ലുപാകിയ നടപ്പാത വഴി നടന്ന് മല കയറും. ഊരുകളോട് ചേർന്ന കടകളിൽ വിൽക്കാൻ വെച്ച വസ്തുക്കൾ വില നൽകി വാങ്ങും. പുറമെ നിന്ന് വരുന്നവരുമായി നിരന്തര സമ്പർക്കത്തിലേർപ്പെടാൻ അവസരമുണ്ടാക്കിയാൽ കാലംകൊണ്ട് ബഡുയികളെ അക്ഷരാഭ്യാസമുള്ളവരാക്കി പരിവർത്തിക്കാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്. കറുത്ത ഗോത്രവർഗ്ഗക്കാരല്ല, വെളുത്ത ഗോത്ര സമൂഹമാണ് ഇന്തോനേഷ്യയിലെ ബഡുയികൾ.

പട്ടണവാസികളായ ടൂറിസ്റ്റുകളുമായുള്ള നിരന്തര സമ്പർക്കം പരമ്പരാഗത വേഷം ഉപേക്ഷിച്ച് ആധുനിക വസ്ത്രം ധരിക്കാൻ ഗോത്രവർഗ്ഗക്കാർക്ക് പ്രേരണയായി. മൊബൈൽ ഉപയോഗിക്കാനും അവർ പഠിച്ചു. മൊബൈൽ ചാർജ് ചെയ്യാൻ കുന്നിൻ്റെ അടിവാരത്തുള്ള ബസ്സ്റ്റാൻഡിലെ കടകളെയാണ് ബഡുയികൾ ആശ്രയിക്കുന്നത്. കുറേ വർഷങ്ങൾ കഴിഞ്ഞാൽ ഇവരെയും ഇന്തോനേഷ്യയുടെ പൊതുജീവിതത്തിലെത്തിക്കാൻ സാധിക്കുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.

യാത്രക്കിടയിൽ ഗ്രാമവാസികൾ നടത്തുന്ന മക്കാനികളെയാണ് ചായക്കായി ആശ്രയിച്ചത്. മിക്കവാറും ചായക്കടകൾ നടത്തുന്നത് സ്ത്രീകളാണ്. അതുകൊണ്ടാവണം പലഹാരങ്ങൾക്ക്

നല്ല രുചിയുണ്ട്. മാനസിക പിരിമുറുക്കം ഒട്ടുമില്ലാത്തവരാണ് ഇന്തോനേഷ്യക്കാർ. എങ്ങും എവിടെയും ചിരിക്കുന്ന മുഖങ്ങളേ കാണാനാകൂ. ദേഷ്യം പിടിക്കാൻ അറിയാത്ത ജനത എന്ന പേരും ഇന്തോനേഷ്യക്കാർക്കുണ്ട്. പെട്ടന്ന് ദേഷ്യം പിടിക്കുന്നവരെ കുറച്ചു ദിവസം ഇന്തോനേഷ്യയിൽ കൊണ്ടുവിട്ടാൽ മതി. അവരുടെ ദേഷ്യം പമ്പകടക്കും. ആളുകൾ കശപിശ കൂടുന്നതോ തർക്കിക്കുന്നതോ ബഹളം വെക്കുന്നതോ എവിടെയും കാണാനായില്ല.

ശുദ്ധ പ്രകൃതക്കാരായ പച്ച മനുഷ്യർക്കിടയിലൂടെ സഞ്ചരിക്കുന്നത് ഒരു സുകൃതമായാണ് തോന്നിയത്.
കളഞ്ചയ എന്ന സ്ഥലത്ത് എത്തിയപ്പോൾ നല്ലൊരു സ്കൂൾ ശ്രദ്ധയിൽ പെട്ടു. വണ്ടി നിർത്തി ഇറങ്ങി.

അപ്പർ പ്രൈമറി സ്കൂളാണ്. മനോഹരമായ പുതിയ സ്കൂൾ കെട്ടിടം കണ്ടപ്പോൾ ഒന്നാം പിണറായി സർക്കാർ നടപ്പിലാക്കിയ പൊതു വിദ്യാഭ്യാസയജ്ഞം ഇന്തോനേഷ്യൻ ഗവൺമെൻ്റും നടപ്പിലാക്കിയോ എന്ന് സംശയിച്ചു. ശനിയാഴ്ച സ്കൂൾ അവധിയാണ്.

അദ്ധ്യാപകരോ വിദ്യാർത്ഥികളോ ഇല്ല. ക്ലാസ്സുകൾ അടഞ്ഞു കിടന്നു. പ്രധാന കവാടം തുറന്നിട്ടിരിക്കുന്നു.

ചെന്ന് നോക്കിയപ്പോൾ സ്കൂളിനടുത്തുള്ള ചെറിയ കുട്ടികൾ കോമ്പൗണ്ടിൽ കളിക്കുന്നു. ഞങ്ങളെ കണ്ടപാടെ അവർ അടുത്തുവന്നു. കൈ കൊടുത്തപ്പോൾ അവരും കൈ തന്നു. പിന്നെ അവർ ഞങ്ങളുടെ കൈ മുത്തി. ഇളമുറക്കാർ മുതിർന്നവരുടെ കൈ ചുംബിക്കുന്നത് ഇന്തോനേഷ്യയുടെ പൈതൃകമാണ്. തിരിച്ചു പോരവെ സ്കൂളിനടത്തുള്ള വീടുകളിലും കയറി.

അപരിചിതരായിട്ടും അവർ സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ചു. ഓഫീസ് റൂമിൽ ഇരുത്തി. വരുന്ന അതിഥികൾക്ക് കഴിക്കാൻ ടീപോയിയുടെ മുകളിൽ മൂന്ന് വെള്ള പ്ലാസ്റ്റിക് കുപ്പികളിൽ വ്യത്യസ്ത പലഹാരങ്ങൾ നിറച്ച് വെച്ചിരിക്കുന്നു.  ഇന്തോനേഷ്യയിലെ എല്ലാ വീടുകളിലും ഇത് പതിവാണത്രെ. അത് കഴിക്കാൻ വീട്ടമ്മ വിനയഭാവത്തിൽ ആവശ്യപ്പെട്ടു. അവരുടെ സ്നേഹം നിറഞ്ഞ അഭ്യർത്ഥന മാനിച്ച് കുപ്പി തുറന്ന് ഓരോന്നെടുത്ത് തിന്നു. അപ്പോഴേക്കും വീട്ടുകാരി

വെള്ളം കൊണ്ടുവന്നു. ആതിഥ്യമര്യാദയിൽ ആരെയും കവച്ചുവെക്കും ഇന്തോനേഷ്യൻ രീതികൾ.

ജക്കാർത്ത ഉൾപ്പടെ എല്ലാ പട്ടണങ്ങളിലും ചുരുങ്ങിയത് രണ്ട് വാഹനങ്ങളെങ്കിലും ഒരു വീട്ടിലുണ്ടാകും. അതുകൊണ്ടു തന്നെ ഇടവിട്ട ദിവസങ്ങളിലാണ്, ഒറ്റഇരട്ട നമ്പർ വെച്ച് വാഹനങ്ങൾക്ക് റോഡിലിറങ്ങാനുള്ള അനുമതി. എന്നിട്ടും ഗതാഗതക്കുരുക്കിൽ ജക്കാർത്ത വീർപ്പ് മുട്ടുമ്പോൾ നമുക്കും ‘ശ്വാസംമുട്ട്’ അനുഭവപ്പെടും. തലങ്ങും വിലങ്ങും ഇടതടവില്ലാതെ മോട്ടോർ ബൈക്കുകൾ നഗരഗ്രാമ വ്യത്യാസമില്ലാതെ ചീറിപ്പായുന്നത് ചെറിയ അലോസരമുണ്ടാക്കി. 

ബൈക്കില്ലാത്ത ഒരു വീടുപോലും ഇന്തോനേഷ്യയിൽ ഉണ്ടാവില്ലെന്നാണ് നസ്റിൻ ബാനു പറഞ്ഞത്. ടൗണിനകത്തും റോഡുകളുടെ ഓരങ്ങളിലും മരങ്ങൾ നിർലോഭം വളർന്ന് നിൽക്കുന്നത് മനസ്സിന് കുളിരേകും. നഗര ഹൃദയത്തിലാണെങ്കിലും കണ്ണായ സ്ഥലങ്ങളിൽ ഇടതൂർന്ന മരങ്ങൾ ഉയർന്ന് നിൽക്കുന്നത് ജക്കാർത്തയുടെ പ്രത്യേകതയാണ്.

കണ്ടൽകാടുകൾ കേടുപാടുകൾ കൂടാതെ പട്ടണമദ്ധ്യത്തിൽ സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്. വായുമലിനീകരണത്തിൽ നിന്ന് ”പട്ടണ വനങ്ങൾ’ ജക്കാർത്തക്ക് നൽകുന്ന സംരക്ഷണ കവചം പ്രധാനമാണ്. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന നഗര ഹൃദയങ്ങളെല്ലാം സസ്യലതാതികൾ കൊണ്ട് നിറയണമെന്ന് ജക്കാർത്ത നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

ഞായറാഴ്ച രാവുകൾ ഇന്തോനേഷ്യക്കാർക്ക് അടിച്ചുപൊളിക്കാനുള്ള ദിവസമാണ്. അന്ന് ഹോട്ടലുകളായ ഹോട്ടലുകളെല്ലാം ജനങ്ങളെക്കൊണ്ട് നിറയും. പൊതുവെ ‘പുറംഭക്ഷണം’ ഇഷ്ടപ്പെടുന്നവരാണ് മലേഷ്യക്കാരും ഇന്തോനേഷ്യക്കാരും. സ്ത്രീകളെല്ലാം ജോലിക്കാരായത് കൊണ്ടാകാം ഇത്തരമൊരു ജീവിത രീതി വളർന്നുവന്നത്.

ഇന്തോനേഷ്യയിലെ ഗ്രാമീണ മേഖലകളിലെ പല മുസ്ലിം പള്ളികൾക്കും ക്ഷേത്ര രൂപങ്ങളോട് സാദൃശ്യമുണ്ട്. ഇൻഡോപേർഷ്യൻ വാസ്തുവിദ്യാ രീതിയാണ്

മസ്ജിദുകളുടെ നിർമ്മാണത്തിൽ അവലംഭിച്ചിരിക്കുന്നത്. അതും പറഞ്ഞ് ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന അവകാശവാദവുമായി ആരും ഇവിടെ ‘പിടിച്ചടക്കലിന്’ വരില്ലെന്ന് ആശിക്കാം. ഇന്തോനേഷ്യയിൽ ഹൈന്ദവമുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ തീവ്രൻമാരില്ലാത്തത് ഭാഗ്യം.

വിവിധ സംസ്കാരങ്ങൾ നിറഞ്ഞാടുന്ന ഒരു ഭൂപ്രദേശത്ത് ഹിന്ദുമുസ്ലിംബൗദ്ധ കൃസ്ത്യൻ ജനവിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന ഐക്യം പറഞ്ഞ് പ്രതിഫലിപ്പിക്കാൻ പ്രയാസമാണ്. ഇവിടെ ഭൂരിപക്ഷന്യൂനപക്ഷ വേർതിരിവുകളില്ല. ലോകത്തിലെ ഏറ്റവുമധികം മുസ്ലിങ്ങളുള്ള രാജ്യത്താണിതെന്നോർക്കണം. ഇസ്ലാമോഫോബിയ പിടികൂടിയ മനോരോഗികൾ ഒരാഴ്ച ഇന്തോനേഷ്യയിൽ വന്ന് താമസിച്ചാൽ ആ ‘അസുഖം’ മാറിക്കിട്ടും. തീവ്രസ്വഭാവമുള്ള മുസ്ലിങ്ങളിലെ ‘തലതിരിഞ്ഞ” ധാരണക്കാർക്കും ഇന്തോനേഷ്യൻ ജീവിതം ഒറ്റമൂലിയാകും. തീർച്ച.

ആധുനിക ജക്കാർത്തയുടെ പുതിയ മുഖമാണ് ഇന്താ കപുക്ക് (ജകഗ). ബദുയി വില്ലേജിൽ നിന്ന് നേരെ പോന്നത് ഇങ്ങോട്ടാണ്. പണ്ഡായ്,  ദുബായിലെ പാൽമ് ഐലൻഡ് മാതൃകയിലുള്ള ഒരു സമുച്ഛയമാണ്. ഉത്തര ജക്കാർത്തയിലെ പെൻജാറിങ്ങാനിൽ തുടങ്ങി പടിഞ്ഞാറാൻ ജക്കാർത്തയിലെ തങ്കറാങ്ങ് എയർപോർട്ടിനപ്പുറം വരെ നീണ്ടു നിവർന്നു കിടക്കുന്ന 17 മനുഷ്യ നിർമ്മിത ദ്വീപുകൾ!

ഇന്തോനേഷ്യയിലെ ഒന്നാം നമ്പർ ചൈനീസ് പ്രോപ്പർട്ടി ഗ്രൂപ്പായ അഗുങ് നിർമ്മിക്കുന്ന, നാളത്തെ ജക്കാർത്തയുടെ കച്ചവട കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമാകാൻ പോകുന്ന വമ്പൻ ഡെസ്റ്റിനേഷൻ!!
നേരം വൈകിയതിനാൽ അവിടുത്തെ ഏറ്റവും പ്രശസ്തമായ പാന്റ് ജോറാൻ എന്ന ചൈനാ തെരുവാണ് സായാഹ്നം ചെലവിടാൻ തെരഞ്ഞെടുത്തത്. നമ്മുടെ മറൈൻഡ്രൈവ് പോലെ ഒരു സ്ഥലം. കടൽ നികത്തി നിർമ്മിച്ച ബിൽഡിംഗുകളാണ് ചുറ്റും.

സിങ്കപ്പൂരിലെ ചൈനാ സിറ്റി മാതൃകയിൽ രൂപകൽപ്പന ചെയ്ത ചൈനീസ് ബുദ്ധ അമ്പലവും നിരവധി വൈവിദ്ധ്യങ്ങളാർന്ന ഭോജന ശാലകളുമുള്ള മനോഹരമായ സ്ട്രീറ്റ്. ജീവിതം ഒന്നേയുള്ളുവെന്നും അത് വലിയ ആഭാസങ്ങളില്ലാതെ ജീവിച്ചുതീർക്കണമെന്നും വിശ്വസിക്കുന്നവരാണ് മഹാഭൂരിഭാഗം ഇന്തോനേഷ്യക്കാരും. വിശ്വാസത്തോടൊപ്പം ആസ്വാദനവും ജീവിതത്തിൻ്റെ ഭാഗമാക്കിയ ജനത! സമ്പാദ്യം ബാങ്ക് ലോക്കറിലിട്ട് പൂട്ടിവെക്കേണ്ട ഒന്നല്ലെന്ന് വിചാരിക്കുന്ന സമൂഹം. പണം കെട്ടിപ്പൂട്ടി വെക്കാനുള്ളതല്ല ക്രയവിക്രയം ചെയ്യാനുള്ളതാണെന്ന മുഹമ്മദ് നബിയുടെ ജീവിത വീക്ഷണം അറിഞ്ഞോ അറിയാതെയോ സ്വയത്തമാക്കിയ നാട്ടുകാർ.

കൊട്ടാര സമാന വീടുകൾ അപൂർവ്വമാണ് ജക്കാർത്തയിൽ. സിംഹഭാഗം വീടുകൾക്കും തട്ടുകളില്ല. ഗ്രാമങ്ങളിലെ വീടുകൾക്ക് ഒരു തമിഴ് ഛായ തോന്നി. എല്ലാവരും പൊതുവെ ജോലി ചെയ്യുന്നവരായിട്ടും എന്തേ ചെറിയ വീടുകൾ എന്ന എൻ്റെ സംശയത്തിൻ്റെ ഉത്തരമാണ് റസ്റ്റോറൻ്റുകളിലും ഷോപ്പിംഗ് മോളുകളിലുമുള്ള ജനത്തിരക്ക്. കിട്ടുന്ന പണം കൂറ്റൻ വീടുകൾ നിർമ്മിക്കനല്ല ഇന്തോനേഷ്യക്കാർ ഉപയോഗിക്കുന്നത്. നല്ല ഭക്ഷണം കഴിച്ചും മികച്ച

വസ്ത്രങ്ങൾ അണിഞ്ഞും മുഖകാന്തി നിലനിർത്തിയും അവർ ജീവിതം തിമർക്കുകയാണ്.

മതത്തെ ആനന്ദദായകമാക്കിയ ഒരു ജനത. പേടിയല്ല, സന്തോഷമാണ് വിശ്വാസമെന്ന് കരുതുന്ന മനുഷ്യർ. തേടിയ വള്ളി കാലിൽ ചുറ്റിയപോലെ ഒരു തോന്നൽ. കൂടാതെ പുരാതന ചൈനീസ് കൊട്ടാര സദൃശ്യമായ സൂചി (Tzu Chi) സെന്റർ! അത്യന്താധുനിക ചൈനീസ് ആശുപത്രി….

ലോകോത്തര നിലവാരമുള്ള കച്ചവട സ്ഥാപനങ്ങൾ, കണ്ണിനെ ത്രസിപ്പിക്കുന്ന കെട്ടിടങ്ങൾ, അപ്പാർട്ടുമെൻ്റുൾ, പ്രകൃതിരമണീയമായ കടൽത്തീരങ്ങൾ,.. ജപ്പാൻ പട്ടണം, അംസ്റ്റർഡാം തീരം, നിർമാണം പുരോഗമിക്കുന്ന അറബ് വില്ലേജ്… അങ്ങിനെയങ്ങിനെ ഒരുപാട് അത്ഭുതങ്ങളുടെ കലവറയാണ് അന്താ കബുക് പ്രദേശം.

ചൈനാ സിറ്റിയുടെ മുമ്പിൽ തലയുയർത്തി നിൽക്കുന്ന പ്രൌഢഗംഭീരമായ ചുവന്ന നിറത്തിലുള്ള തട്ടുതട്ടായ ചൈനീസ് പഗോഡ ബുദ്ധ ക്ഷേത്രം വിസ്മയക്കാഴ്ചയാണ്. മറ്റൊരു ഭാഗത്തുള്ള ചൈനീസ് പാരമ്പര്യത്തിലെ ഐശ്വര്യത്തിന്റെ ദൈവമായ ‘ചായ് ഷെൻ യേ ഹോക്കീൻ’ പ്രതിമയുടെ സമീപത്തുള്ള ഭണ്ഡാരപ്പെട്ടിയിൽ ആളുകൾ പണം നിക്ഷേപിക്കുന്നത് കൗതുകത്തോടെ നോക്കി നിന്നു.

നോക്കെത്തും ദൂരത്തെല്ലാം ചൈനീസ് മാതൃകയിൽ പണിത കെട്ടിടങ്ങൾ. അവിടെ എത്തിപ്പെടുന്നവർക്ക് ചൈന കണ്ട പ്രതീതി തോന്നിയാൽ അത്ഭുതമില്ല. ശനിയാഴ്ച രാത്രിയായതിനാൽ പാട്ടും ഡാൻസുമായി പ്രൊഫഷണൽ കലാകാരികളും

കലാകാരൻമാരും ‘വിനോദമൂലയിൽ’ സംഘം കൂടിനിന്നവരെ ഹർഷപുളകിതരാക്കുന്നത് കാണാം. എല്ലാ വർഷവും ചൈനീസ് പുതുവർഷാരംഭത്തിൽ ഇവിടെ നടത്തപ്പെടുന്ന ”ചാപ് ഗൊ മേ ഫെസ്റ്റിവൽ’ വേളയിൽ ഈ പ്രദേശം മുഴുവൻ ജനമഹാ സമുദ്രമാകുമത്രെ!

ലോകത്തിൻ്റെ ഏത് ഭാഗത്തും ഒരു മലയാളിയുടെ മക്കാനിയുണ്ടാകുമെന്ന് ദീർഘദർശനം ചെയ്ത എസ്.കെ പൊറ്റക്കാടിന് ബിഗ് സെല്യൂട്ട്. ഇന്തോനേഷ്യയിലെ ചൈനീസ് സിറ്റിയിലും ഒരു മലയാളിയുടെ ചായക്കട കണ്ടു, ‘കറി മലബാർ’. പൊറോട്ടയും ബിരിയാണിയും ചായയും മറ്റു മലബാർ വിഭവങ്ങളും ഇവിടെ കിട്ടും. ആലപ്പുഴ മുതുകുളം സ്വദേശി രാജ്മോഹനും ഭാര്യ ബിന്ദുവും ചേർന്നാണ് ‘കറി മലബാർ’ നടത്തുന്നത്. 

എം.കോം ബിരുദധാരിയായ രാജ്മോഹൻ 35 വർഷം മുമ്പ് ജക്കാർത്തയിലെത്തിയതാണ്. 3 മക്കൾ ജനിച്ചതും വളർന്നതും ഇവിടെയാണ്. സ്വന്തമായി കയറ്റുമതി ഇറക്കുമതി കൺസൽട്ടൻസി സ്ഥാപനമാണ് രാജ്മോഹൻ്റെ പ്രധാന ബിസിനസ്. നല്ലപാതി ബിന്ദുവാണ് ”കറി മലബാർ’ തുടങ്ങാൻ രാജ്മോഹന് പ്രേരണയായത്.

മൂന്നര പതിറ്റാണ്ടുകാലത്തെ ഇന്തോനേഷ്യൻ സഹവാസം അദ്ദേഹത്തെയും സ്വാധീനിച്ചിട്ടുണ്ടെന്ന് സംസാരത്തിലും പെരുമാറ്റത്തിലും ബോദ്ധ്യമായി.  ഇന്തോനേഷ്യയുടെ മുക്കുമൂലകൾ രാജ്മോഹന് അറിയാം. ബാലിയിലും അദ്ദേഹത്തിന് ഒരു റെസ്റ്റോറൻ്റ്റ് ഉണ്ട്, ‘സ്പൈസ് ജേർണി’. മക്കൾ ഉപരിപഠനാർത്തം വിദേശത്താണ്.

‘കറി മലബാറി’ൽ ചായ കുടിച്ചുകൊണ്ടിരിക്കെ തീർത്തും യാദൃശ്ചികമായാണ്  ആദർശ് ജനാർദ്ദനനെ കണ്ടത്. തൃശൂർ പുതുക്കാട്ടുകാരൻ. കേരള സമാജം സജീവാംഗം. ജലീലിൻ്റെയും നസ്രിൻ്റെയും നല്ല സുഹൃത്ത്. കുടുംബസമേതം ചുറ്റാനിറങ്ങിയതാണ്.

അപ്പോഴാണ് ഞങ്ങളെ കണ്ടത്. ‘കറി മലബാറിൽ’ ഇന്ത്യക്കാരാണ് ഉപഭോക്താക്കളിൽ അധികവും. ജക്കാർത്തയിലേക്ക് പോകുന്ന വിവരമറിഞ്ഞ് സുഹാസ് അവൻ്റെ സഹപാഠി ജക്കാർത്തയിൽ ഉള്ള കാര്യം പറഞ്ഞിരുന്നു.

ഞാൻ എത്തിയതു മുതൽ നൗഷാദ് സഹായിയായി ഉണ്ട്. കഴിഞ്ഞ 15 വർഷമായി യു.എ.യിലെ ഒരു കമ്പനിക്ക് വേണ്ടി ഇന്തോനേഷ്യയിൽ നിന്ന് പർച്ചേസ് ചെയ്യുന്നത് നൗഷാദാണ്.

എടപ്പാൾ കോലൊളമ്പ് സ്വദേശി. കാഴ്ചകൾ തീർത്ത വിസ്മയത്തിൽ മനസ്സ് വല്ലാതെ വികസിച്ച പോലെ. ഒരുപാട് നടന്നെങ്കിലും ക്ഷീണം അനുഭവപ്പെട്ടതേയില്ല. യാത്രക്കിടെ ഏതാണ്ട് അരമണിക്കൂർ നീണ്ട നല്ല മഴക്കും സാക്ഷിയായി. (തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version