റെക്കോര്‍ഡ് പുതുക്കാനുള്ള ഒരുക്കത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി

റെക്കോര്‍ഡ്-പുതുക്കാനുള്ള-ഒരുക്കത്തില്‍-ഇന്ത്യന്‍-ഓഹരി-വിപണി

റെക്കോര്‍ഡ് പുതുക്കാനുള്ള ഒരുക്കത്തിലാണ്  ഇന്ത്യന്‍ ഓഹരി വിപണി. ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങളുടെ സജീവ സാന്നിധ്യത്തില്‍ ഒരു മാസമായി തുടരുന്ന ബുള്‍ റാലിയാണ് റെക്കോര്‍ഡ് തലത്തിലേയ്ക്ക് സൂചികയെ കൈപിടിച്ച് അടുപ്പിക്കുന്നത്. വാരാന്ത്യം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിങിലാണ് സെന്‍സെക്‌സും നിഫ്റ്റിയും. സെന്‍സെക്‌സ് 759 പോയിന്റ്റും നിഫ്റ്റി സൂചിക 262 പോയിന്റ് പ്രതിവാര നേട്ടത്തിലാണ്.

ഒരു മാസകാലയളവില്‍ സെന്‍സക്‌സ് 1452 പോയിന്റ്റും നിഫ്റ്റി 539 പോയിന്റ്റും ഉയര്‍ന്നപ്പോള്‍ നടപ്പ് വര്‍ഷം ബോംബെ സൂചിക2543 പോയിന്റ്റും നിഫ്റ്റി 720 പോയിന്റ്റും മുന്നേറി. ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് 23 ശതമാനം മികവിലാണ്.നിഫ്റ്റി മുന്‍വാരത്തിലെ 18,662 ല്‍ നിന്നും ഓപ്പണിങ് വേളയില്‍ 18,559 ലേയ്ക്ക് തളര്‍ന്നങ്കിലും പിന്നീട് ദൃശ്യമായ തിരിച്ചു വരവില്‍18,864 വരെ ഉയര്‍ന്നങ്കിലും റെക്കോര്‍ഡായ 18,887 ലേയ്ക്കുള്ള ദൂരം 21 പോയിന്റ്റായി കുറച്ച ശേഷം മാര്‍ക്കറ്റ് ക്ലോസിങില്‍ 18,826 ലാണ്. ഈ വാരം റെക്കോര്‍ഡ് പ്രകടനം കാഴ്ച്ചവെച്ചാല്‍ സൂചികയുടെ ആദ്യ പ്രതിരോധം 18,940 ല്‍ തല ഉയര്‍ത്തും. ബുള്‍ റാലിക്ക് ആ തടസം മറികടക്കാനായാല്‍ നിഫ്റ്റി 19,054 വരെ മുന്നേറാം. അതേ സമയം ഉയര്‍ന്ന തലത്തില്‍ ലാഭമെടുപ്പിന് ഓപ്പറേറ്റര്‍മാര്‍ രംഗത്ത്ഇറങ്ങയാല്‍ 18,635  18,444 റേഞ്ചില്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം.

ബോംബെ സെന്‍സെക്‌സ് 62,984 ല്‍ നിന്നുള്ള മുന്നേറ്റത്തില്‍ വാരാവസാനം 63,520 വരെ കയറിയ ശേഷം മാര്‍ക്കറ്റ് ക്ലോസിങില്‍ 63,384 പോയിന്റ്റിലാണ്. ഡിസംബറില്‍ രേഖപ്പെടുത്തിയ 63,584 പോയിന്റ്റാണ് സെന്‍സെക്‌സിന്റ റെക്കോര്‍ഡ്. ഈ വാരം റെക്കോര്‍ഡ് തകര്‍ത്താന്‍സെന്‍സെക്‌സിന് 63,700 റേഞ്ചിനെ ലക്ഷ്യമാക്കി നീങ്ങും. ഫണ്ടുകള്‍ ലാഭമെടുപ്പിന് നീക്കംനടത്തിയാല്‍ 62,860  62,340 ല്‍ താങ്ങുണ്ട്. മുന്‍ നിര ഓഹരിയായ ഇന്‍ഫോസീസ്, എച്ച് സി എല്‍, ഐ റ്റി സി, എയര്‍ടെല്‍, സണ്‍ ഫാര്‍മ്മ,

ഇന്‍ഡസ് ബാങ്ക്, എച്ച് യു എല്‍, ടാറ്റാ മോട്ടേഴ്‌സ്, എം ആന്റ എം തുടങ്ങിയവ നിക്ഷേപ  താല്‍പര്യത്തില്‍ തിളങ്ങിയപ്പോള്‍ എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ, വിപ്രോ തുടങ്ങിയവയ്ക്ക് തളര്‍ച്ചനേരിട്ടു. വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം 82.42 ല്‍ നിന്നും 81.89 ലേയ്ക്ക് കരുത്ത് നേടി. 57 പൈസയാണ് മൂല്യത്തില്‍ ഉയര്‍ന്നത്.ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര നേട്ടമാണിത്. വിദേശ നാണയ കരുതല്‍ ശേഖരം ജൂണ്‍ ഒന്പതിന് അവസാനിച്ച വാരം 1.128 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 525.073 ബില്യണ്‍ ഡോളറായി. വിദേശ ഫണ്ടുകള്‍ പിന്നിട്ടവാരം 7274 കോടിരൂപയുടെ നിക്ഷേപവും 627 കോടിയുടെ വില്‍പ്പനയും നടത്തി. അതേ സമയം ആഭ്യന്തര ഫണ്ടുകള്‍ 1156 കോടിയുടെ വില്‍പ്പനയും 2475 കോടി രൂപയുടെ ഓഹരി വാങ്ങലും നടത്തി. വിദേശ ഫണ്ടുകള്‍ ജൂണില്‍ ഇതിനകം 16,406 കോടി
രൂപ നിക്ഷേപിച്ചു.

രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ റേറ്റിങ് പുനപരിശോധനയ്ക്ക് ഒരുങ്ങുന്നു. മൂഡീസ് സര്‍വീസസും എസ് ആന്റ് പിയും റേറ്റിങ് പുതുക്കിയാല്‍ വിദേശ നിക്ഷേപം ഉയരാം. അതേ സമയം കാലവര്‍ഷം ദുര്‍ബലവസ്ഥയില്‍ നീങ്ങുന്നതും ആഗസ്റ്റിന് ശേഷം എല്‍ നിനോ പ്രതിഭാസം വരള്‍ച്ചയ്ക്ക് ഇടയാക്കുമെന്ന സൂചനകളും കണക്കിലെടുത്താല്‍ റേറ്റിങ് ഏജന്‍സികളുടെ നീക്കം നിര്‍ണായകമാവും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version