വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ സംസ്ഥാനത്ത് തന്നെ പിടിച്ചുനിറുത്താനുള്ള പശ്ചാത്തലം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്‌: കെ എന്‍ ബാലഗോപാല്‍

വിദ്യാസമ്പന്നരായ-ചെറുപ്പക്കാരെ-സംസ്ഥാനത്ത്-തന്നെ-പിടിച്ചുനിറുത്താനുള്ള-പശ്ചാത്തലം-ഒരുക്കാനാണ്-സര്‍ക്കാര്‍-ശ്രമിക്കുന്നത്‌:-കെ-എന്‍-ബാലഗോപാല്‍

കൊച്ചി> വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ സംസ്ഥാനത്ത് തന്നെ പിടിച്ചുനിറുത്താനുള്ള പശ്ചാത്തലം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍. ബാലഗോപാല്‍ പറഞ്ഞു. കൊച്ചി ലെ മെറിഡിയനില്‍ നടന്ന പതിനഞ്ചാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്-2023ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യവിഭവ മൂലധനത്തില്‍ കേരളത്തിന് വികസിത രാജ്യങ്ങളുടേതിന് തുല്യമായ വലിയ മികവുണ്ട്. ഭാവിയെ മുന്നില്‍ക്കണ്ട് അത് കൂടുതല്‍ മെച്ചപ്പെടുത്തണം.

പലരും പറയുന്നുണ്ട് കേരളത്തില്‍ നിന്ന് ചെറുപ്പക്കാര്‍ പലരും വിദേശത്തേക്ക് പോകുകയാണെന്ന്. ശരിയാണ്. പക്ഷേ, അവര്‍ക്ക് ലോകത്തെവിടെയും പ്രവര്‍ത്തിക്കാനുള്ള മികവ് സമ്മാനിച്ചത് കേരളമാണെന്ന് ഓര്‍ക്കണം. കഴിവുള്ള നിരവധി പേര്‍ വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോയിട്ടുണ്ട്. കേരളത്തിന് പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനായി സഹകരിക്കണം. ഈയിടെ അമേരിക്കയില്‍ നടന്ന ലോക കേരള സഭയില്‍ അവിടുത്തെ നിരവധി മലയാളി പ്രൊഫഷണലുകള്‍ പിന്തുണ വാഗ്ദാനം ചെയ്തു. കേരള കമ്പനികള്‍ പലതും ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വളരുന്നു. ഇനിയും ഇത്തരം വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. അടിസ്ഥാന സൗകര്യരംഗത്ത് കേരളത്തിന്റെ മികവെന്തെന്ന് അരിക്കൊമ്പനെ കൊണ്ടുപോയ റോഡിന്റെ നിലവാരം കണ്ടപ്പോള്‍ ലോകം തിരിച്ചറിഞ്ഞതാണ്.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം മികവ് കൂടുതല്‍ മെച്ചപ്പെടുത്തി ഒരുപോലെ മുന്നേറാനാണ് ശ്രമം. ആയിരം കോടി രൂപ വീതം ചെലവോടെ മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ വരുന്നത് ഇതിന് ഉദാഹരണമാണ്. സംരംഭകരുടെ പ്രോത്സാഹനത്തിനായി കെ.എഫ്.സി മുഖേനയുള്ള വായ്പകള്‍ പോലും ആകര്‍ഷക പലിശയോടെ എളുപ്പമാക്കി. സര്‍ക്കാരും സംരംഭകരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ വികസനലക്ഷ്യങ്ങള്‍ നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.ധനത്തിന് വലിയ പങ്ക്‌സംരംഭകരുടെയും ഉപഭോക്താക്കളുടെയും വളര്‍ച്ച ഉറപ്പാക്കി മുന്നേറുന്നതില്‍ ‘ധനം’ വഹിക്കുന്നതും വലിയ പങ്കാണെന്ന് ധനമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ധനം ബിസിനസ് മാഗസിന്റെ 35ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പുരസ്‌കാരങ്ങളായ ധനം ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഇന്‍ഫോസിസ് സ്ഥാപകാംഗവും മുന്‍ വൈസ് ചെയര്‍മാനും നിലവില്‍ ആക്സിലര്‍ വെഞ്ച്വേഴ്‌സിന്റെ ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണനും ധനം ചെയ്ഞ്ച് മേയ്‌ക്കര്‍ അവാര്‍ഡ് കുടുംബശ്രീ മിഷനും സമ്മാനിച്ചു. ഇവര്‍ക്കു പുറമെ ഫാക്ടിനെ തുടര്‍ച്ചയായി ലാഭപാതയിലെത്തിച്ച ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ കിഷോര്‍ റുംഗ്ത – ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍, ധനം എസ്എംഇ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം – പോപ്പീസ് ബേബി കെയര്‍ പ്രോഡക്റ്റ്സ് സി എം ഡി ഷാജു തോമസ്, സേവന മെഡിനീഡ്സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ബിനു ഫിലിപ്പോസ് – ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍, ആള്‍നൂഴികള്‍ വൃത്തിയാക്കുന്ന ശുചീകരണ റോബോട്ട് ബാന്‍ഡികൂട്ടിന്റെ സൃഷ്ടാക്കളായ ജെന്റോബോട്ടിക്സ് – ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരം എന്നനിവയും മന്ത്രി സമ്മാനിച്ചു. എങ്ങനെ ബിസിനസുകളെ അടുത്ത തലത്തിലേക്ക് വളര്‍ത്താം എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ പാനല്‍ ചര്‍ച്ചയില്‍ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ എമിരറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഐബിഎസ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ്, ബിസ്‌ലരി ഇന്റര്‍നാഷണല്‍ സിഇഒ ജോര്‍ജ് ആഞ്ചലോ, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ പങ്കെടുത്തു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version