വരൂ… കാണൂ… വനം മ്യൂസിയം

വരൂ…-കാണൂ…-വനം-മ്യൂസിയം

അഞ്ചൽ  > കുളത്തൂപ്പുഴയാറിന്റെ തീരത്ത് തനത് ഭൂപ്രകൃതിയും ആധുനിക സജ്ജീകരണങ്ങളും കോർത്തിണക്കിയ വനം മ്യൂസിയം ഉടൻ നാടിനു സമർപ്പിക്കും. രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ മ്യൂസിയത്തിന്റെ ഉദ്ഘാടനം ആ​ഗസ്തിൽ നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. 
 

കുളത്തൂപ്പുഴ ജങ്ഷനിൽ മലയോര ഹൈവേയോട് ചേർന്നാണ് മ്യൂസിയം നിർമിച്ചിരിക്കുന്നത്. ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപം കുട്ടിവനവും കല്ലടയാറിന്റെ തീരങ്ങളുമാണ് നിർമാണത്തിനായി തെരഞ്ഞെടുത്തത്.  9.8 കോടിരൂപ ചെലവിലുള്ള പദ്ധതി വിവിധ ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്.  വനനശീകരണം നടത്താതെ കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിച്ച് പ്രകൃതിസംരക്ഷണം ഉറപ്പാക്കിയുള്ളതാണ് നിർമാണരീതി. വനംവകുപ്പിന്റെ എല്ലാ മ്യൂസിയങ്ങളുടെയും ശൃം​ഖല ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യാന്തര തലത്തിൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയങ്ങളുമായി നെറ്റ്‍വർക്ക് മുഖേന ബന്ധിപ്പിക്കും. ഈ വിഷയത്തിൽ  സെമിനാറും സിമ്പോസിയവും ഒരുക്കുന്നതിനായി എക്സിബിഷൻ ഹാൾ, ഓ‍ഡിയോ വിഷ്വൽ റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്. 
 

ഇക്കോഷോപ്പും അനുബന്ധ സൗകര്യങ്ങളും ഗസ്റ്റ്ഹൗസ് സൗകര്യം സഞ്ചാരികളെ ആകർഷിക്കുന്നതിനായി നദിക്കരയിൽ സ്നാനഘട്ടവും പൂന്തോട്ടങ്ങളും എന്നിവയെല്ലാം മ്യൂസിയത്തിന്റെ ഭാ​ഗമാണ്. സസ്യങ്ങൾ, ജീവജാലങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ അറിവുകളും നേടുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പെയിന്റിങ്ങുകൾ, വ്യത്യസ്ഥങ്ങളായ ഫോട്ടോ ശേഖരങ്ങൾ, ശില്‍പ്പങ്ങൾ പുരാവസ്തു ശേഖരങ്ങൾ എന്നിവയും മ്യൂസിയത്തിന്റെ ഭാ​ഗമാകും. ആ​ഗസ്ത് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന രീതിയിലാണ് അവസാനഘട്ട മിനുക്കുപണികൾ പുരോ​ഗമിക്കുന്നത്. ഇതിനോട് ചേർന്ന് സംഗീത സംവിധായകൻ രവീന്ദ്രന് സ്മാരകമായി കുളത്തൂപ്പുഴ പഞ്ചായത്ത് നിർമിക്കുന്ന രാഗസരോവരത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. ഇതിന്റെ ഉദ്ഘാടനവും ഉടൻ നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version