ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൊന്നായിരുന്ന പടകാളി ചണ്ഡി ചങ്കരിയുടെ മറ്റൊരു വേർഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രത്തിൻ്റെ സംഗീത സംവിധായകൻ എ. ആർ റഹ്മാനെ പോലും ഞെട്ടിച്ച പ്രകടനമായിരുന്നു വീഡിയോയിലുള്ള കലാകാരനായ പയ്യൻ്റേത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെറുപ്പുളശേരിയിലെ വരമ്പ് എന്ന സായാഹ്ന കൂട്ടായ്മയുടെ ഭാഗമായി നടന്ന പരിപാടിക്കിടെ ആണ് ഹാർമോണിയത്തിൽ കാണികളെ ഒന്നടങ്കം വിസ്മയിപ്പിച്ച് ഈ പ്രകടനം കാഴ്ചവെച്ചത്.
യോദ്ധ സിനിമയിലെ പടകാളി ചണ്ഡി ചങ്കരി എന്ന ഗാനം അനായാസമായിരുന്നു ഹാർമോണിയത്തിൽ ഈ യുവ കലാകാരൻ വായിച്ചത്. പ്രായഭേദമന്യേ ഒരു കൂട്ടം കാഴ്ചക്കാരുടെ മുന്നിലായിരുന്നു ശരണിൻ്റെ പ്രകടനം. സംഗീതത്തോട് പ്രത്യേക താത്പര്യമുള്ള ഒരു വിഭാഗത്തിൻ്റെ കൂട്ടായ്മയാണ് വരമ്പ്. വീഡിയോയിൽ ശരണിൻ്റെ പിതാവ് സുധീഷ് ശേഖറിനെയും കാണാം. എല്ലാവർക്കും ആവേശവും അത്ഭുതവും സൃഷ്ടിക്കുന്നതായിരുന്നു ഈ കൊച്ചു കലാകാരൻ്റെ പ്രകടനം.
Town & tribal frames എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ പുറത്ത് വന്നത്. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ വൈറലാകുകയും ചെയ്തു. സംഗീത സംവിധായകൻ എ ആർ റഹ്മാനും ശരണിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടതോടെ സംഗതി സൂപ്പർ വൈറലായെന്ന് തന്നെ പറയാം.
അതുൽ എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോ എടുത്തത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റുകളുമായി എത്തിയിരിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ് നിൽക്കുകയാണ് ഈ മിടുക്കൻ. യോദ്ധ ചിത്രത്തിന് വേണ്ടി പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാനാണ് ഈ ഗാനത്തിന് ഈണമൊരിക്കിയിരിക്കുന്നത്.
English Summary: Viral video of padakaali chandi chankiri