പുരുഷന്മാരിലെ വന്ധ്യതയും ചികിത്സ രീതികളെക്കുറിച്ചും ഡോക്ടർ സംസാരിക്കുന്നു

പുരുഷന്മാരിലെ-വന്ധ്യതയും-ചികിത്സ-രീതികളെക്കുറിച്ചും-ഡോക്ടർ-സംസാരിക്കുന്നു

​എന്താണ് വന്ധ്യത?

​എന്താണ് വന്ധ്യത?

ഒരു വർഷത്തെ സ്വാഭാവിക ലൈംഗിക ബന്ധത്തിന് ശേഷം ഗർഭം ധരിക്കാനുള്ള കഴിവില്ലാത്തതാണ് വന്ധ്യത. സാധാരണഗതിയിൽ ലൈംഗികബന്ധം തുടങ്ങി ഒരു മാസത്തിനകം ഗർഭം ധരിക്കാനുള്ള സാധ്യത 20 ശതമാനമാണ്. ആറുമാസത്തിനകം ഇത് 70 ശതമാനമാകാം. ഒരു വർഷത്തിനകമാണെങ്കിൽ 85 ശതമാനവും, ഒന്നര വർഷത്തിനകം 90 ശതമാനവും രണ്ടുവർഷത്തിനകം 95 ശതമാനവുമാകും. വന്ധ്യതയുടെ കാരണങ്ങളിൽ പുരുഷന്മാരും സ്ത്രീകളും തുല്യ പങ്കാളികളാണ്. മറ്റ് അജ്ഞാതമായ കാരണങ്ങളും ഗർഭധാരണം വൈകാൻ കാരണമായേക്കാം.

എച്ച് ഐ വി- ലക്ഷണങ്ങളും ചികിത്സയും

എച്ച് ഐ വി- ലക്ഷണങ്ങളും ചികിത്സയും

​പുരുഷ വന്ധ്യതയുടെ കാരണങ്ങൾ

ഒരു സ്ത്രീയെ ഗർഭം ധരിക്കാനും കുട്ടിയുടെ ഗർഭധാരണത്തിന് ജനിതക വസ്തുക്കൾ നൽകാനുമുള്ള പുരുഷന്റെ കഴിവിനെയാണ് പുരുഷന്റെ പ്രത്യുൽപാദനക്ഷമത എന്ന് വിളിക്കുന്നത്. ഇത് ബീജത്തിന്റെ ഗുണനിലവാരം, അളവ്, ബീജത്തിന്റെ ചലന ശേഷി, ഹോർമോൺ അസന്തുലിതാവസ്ഥ, ജനിതക ഘടകങ്ങൾ, പ്രത്യുൽപാദന വ്യവസ്ഥയുടെ തകരാറുകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിക്കുന്നുണ്ട്.

​ജീവിത ശൈലി വന്ധ്യതക്ക് വഴിയൊരുക്കും

അമിത മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം, പൊണ്ണത്തടി, സമ്മർദ്ദം മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങൾ, ആരോഗ്യപരമായ അവസ്ഥകൾ തുടങ്ങി ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. നിക്കോട്ടിൻ അടങ്ങിയ മരുന്നുകളുടെ ഉപയോഗം ഉറക്ക കുറവിനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിക്കും. ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നത് വഴി ബീജത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും വന്ധ്യത പരിഹരിക്കാനും വഴിയൊരുക്കും.

പ്രധാന കാരണങ്ങൾ എന്താണ്?

കീടനാശിനികൾ, രാസവസ്തുക്കൾ, ഹെവി മെറ്റൽസ്, റേഡിയേഷൻ എന്നിവയുമായുള്ള സംസർഗം ബീജത്തിന്റെ പ്രവർത്തനത്തെയും ഉൽപാദനത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത്തരം പാരിസ്ഥിതിക കാരണങ്ങൾ ഒഴിവാക്കുന്നതും വന്ധ്യത പരിഹരിക്കാൻ സഹായിക്കും. ഹോർമോൺ അസന്തുലിതാവസ്ഥ, അണുബാധകൾ, ജനിതക തകരാറുകൾ തുടങ്ങിയ ചില രോഗാവസ്ഥകൾ പുരുഷ വന്ധ്യതയ്ക്ക് കാരണമാകും. സമയബന്ധിതമായ മെഡിക്കൽ ഇടപെടലും ചികിത്സയും തേടുന്നത് ഈ അടിസ്ഥാന അവസ്ഥകളെ പരിഹരിക്കാൻ കഴിയും. സ്ത്രീകളെ പോലെ പുരുഷന്മാരിലും പ്രായവും വന്ധ്യതയിക്ക് കാരണമാകുന്നുണ്ട്. പ്രായം വർദ്ധിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം കുറക്കുന്നതിനും കുട്ടികളിൽ ജനിതക വൈകല്യങ്ങളുണ്ടാകാനുമുള്ള സാധ്യത വർദ്ധിപ്പിക്കും.

കൃത്യമല്ലാത്ത ലൈംഗിക ബന്ധം

ശരിയായ ലൈംഗിക ബന്ധം ഉണ്ടായാലേ ഗർഭധാരണം നടക്കൂ. തുറന്ന സംസാരവും ഫോർപ്ലേയും ശരിയായ ലൈംഗിക ബന്ധത്തിന് വളരെ അത്യാവശ്യമാണ്. ആവശ്യമാണ്. ധൃതിവയ്ക്കാതെ മാനസിക സമ്മർദ്ദം ഒഴിവാക്കി സമയമെടുത്ത് മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഗർഭധാരണത്തിനുള്ള സാധ്യത വർധിപ്പിക്കും. ലൈംഗികാവയവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രത്യുൽപാദനക്ഷമതയെ ബാധിക്കും.

എങ്ങനെ കണ്ടെത്താം എന്തൊക്കെയാണ് ചികിത്സ രീതികൾ

പുരുഷ പ്രത്യുൽപ്പാദനത്തിന്റെ കാരണം വിശകലനം ചെയ്യുന്നതിനുള്ള അടിസ്ഥാന ചികിത്സയാണ് ബീജ വിശകലനം. പരിശോധനാഫലം തെറ്റാനുള്ള സാധ്യതകൾ ഉള്ളതിനാൽ വിദഗ്ധനായ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആധികാരിക ലാബിൽ മാത്രം പോകുക. പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന മെഡിക്കൽ അവസ്ഥകളുള്ള വ്യക്തികൾ സ്വയം ചികിത്സ ചെയ്യരുത്. കൃത്യമായ വൈദ്യോപദേശം തേടേണ്ടത് വളരെ നിർണായകമാണ്. ഹോർമോൺ തെറാപ്പികൾ, ആൻറിബയോട്ടിക്കുകൾ, വെരിക്കോസെലെസ് ശസ്ത്രക്രിയ, അണുബാധക്കുള്ള ആന്റിബയോട്ടിക്കുകൾ, കൗൺസിലിങ്ങുകൾ എന്നിവയും ഉൾപ്പെടും.

ജീവിതശൈലിയിൽ മാറ്റങ്ങളും പോഷകാഹാരവും

ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങൾ, പുകവലി, അമിതമായ മദ്യപാനം തുടങ്ങിയ ദോഷകരമായ ശീലങ്ങൾ ഒഴിവാക്കുക തുടങ്ങി ജീവിതശൈലിയിൽ കൊണ്ടുവരാൻ കഴിയുന്ന ലളിതമായ മാറ്റങ്ങൾ പ്രത്യുൽപാദനക്ഷമതയെ നല്ല രീതിയിൽ സ്വാധീനിക്കും. ആന്റിഓക്‌സിഡന്റുകൾ, മിനറലുകൾ, വിറ്റാമിനുകൾ തുടങ്ങിയവയും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ബീജത്തിന്റെ ഗുണനിലവാരവും ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും ഇവ സഹായിക്കും.

അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എ.ആർ.ടി)

പുരുഷ വന്ധ്യത പരിഹരിക്കാനുള്ള നൂതന ചികിത്സ രീതികളാണ് അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി. ഇൻട്രാ യൂട്രസ് ഇൻസെമിനേഷൻ (ഐ.യു.ഐ), ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്), ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇഞ്ചക്ഷൻ (ഐ.സി.എസ്‌.ഐ), ടെസ്റ്റിക്കുലാർ സ്പേം എക്സ്ട്രാക്ഷൻ (ടി.ഇ.എസ്‌.ഇ ) തുടങ്ങിയവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.

  • പുരുഷ ബീജം നേരിട്ട് ഗർഭാശയത്തിലേക്ക് കുത്തിവയ്ക്കുന്ന ചികിത്സ രീതിയാണ് ഇൻട്രാ യൂട്രസ് ഇൻസെമിനേഷൻ. ബീജം ശേഖരിച്ച് ഏറ്റവും മികച്ചതും ആരോഗ്യകരവും പൂർണമായി വികസിച്ചതും മാത്രമേ ബീജ സങ്കലനത്തിന് ഉപയോഗിക്കുകയുള്ളൂ.
  • ഏറ്റവും ഫലപ്രദമായ കൃത്രിമ ബീജസങ്കലന രീതികളിൽ ഒന്നാണ് ഇൻവിട്രോ ഫെർട്ടിലൈസേഷൻ. ശരീരത്തിന് പുറത്ത് വച്ച് അണ്ഡവും ബീജവും കൃത്രിമമായി സംയോജിപ്പിക്കും. കൃത്രിമ ബീജസങ്കലനത്തിലൂടെ ഉണ്ടാക്കിയ ഭ്രൂണം ഗർഭാശയത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
  • ഒരു ബീജം അണ്ഡത്തിൽ കുത്തിവച്ച് ബീജം കുറവുള്ളവർക്ക് ഫലപ്രദമാകുന്ന ചികിത്സാരീതിയാണ് ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇഞ്ചക്ഷൻ.
  • ബീജത്തിൻ്റെ ‍ഡിഎൻഎ പരിശോധിക്കാനുള്ളതാണ് സ്പേം ഡി.എൻ.എ ഫ്രാഗ്മെന്റേഷൻ ടെസ്റ്റിംഗ്ചില ആളുകളിൽ ബീജത്തിലെ ജനിതക ഘടകമായ ഡി.എൻ.എക്ക് കേടുപാടുകൾ സംഭവിക്കുന്നത് മൂലം ഗർഭം അലസാനുള്ള ഉയർന്ന സാധ്യതകളുണ്ട്. ബീജത്തിന്റെ ഡി.എൻ.എ പരിശോധക്കാനുള്ള നൂതന മാർഗ്ഗങ്ങൾ ഇന്ന് നിലവിലുണ്ട്. ഡി.എൻ.എ ഘടകങ്ങൾ പരിശോധന നടത്തി വേണ്ട ചികിത്സ നൽകുന്നതിലൂടെ വന്ധ്യത പരിഹരിക്കാൻ കഴിയും
  • ചികിത്സകളോ ശസ്ത്രക്രിയകളോ മൂലം പ്രത്യുൽപാദനക്ഷമത നഷ്ടമാകാനുള്ള സാഹചര്യങ്ങളിൽ, ബീജം ക്രയോപ്രിസർവേഷൻ പോലുള്ള ആധുനിക ചികിത്സകൾ വഴി ഭാവിയിൽ ഗർഭധാരണത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു. ശുക്ലത്തിൽ നിന്ന് ബീജം വേർതിരിച്ചെടുത്ത് ശീതീകരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്.

​മൈക്രോ ടെസി

പുരുഷ വന്ധ്യത നേരിടുന്നവർക്ക് ഏറെ ആശ്വാസകരമായ ചികിത്സാ രീതിയാണ് മൈക്രോ ടി.ഇ.എസ്.ഇ, അഥവാ മൈക്രോ സർജിക്കൽ ടെസ്റ്റിക്കുലാർ സ്പേം എക്സ്ട്രാക്ഷൻ. ഐ.വി.എഫ്, ഐ.സി.എസ്.ഐ പോലുള്ള വന്ധ്യത ചികിത്സകൾക്കായി വൃഷണങ്ങളിൽ നിന്ന് നേരിട്ട് ബീജം എടുക്കുകയാണ് ചെയ്യുന്നത്. ബീജം വേർതിരിച്ചെടുക്കുന്നതിനുള്ള മറ്റ് പരമ്പരാഗത എക്സ്ട്രാക്ഷൻ രീതികളെ അപേക്ഷിച്ച് കൂടുതൽ കൃത്യവും ഫലപ്രദവുമായ നൂതന ചികിത്സയാണിത്. ശക്തമായ ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് ഉപയോഗിച്ച് നടത്തുന്ന ശസ്ത്രക്രിയ ആയതിനാൽ കൂടുതൽ കൃത്യമായി ബീജം വഹിക്കുന്ന കോശങ്ങൾ തിരിച്ചറിയാനും വേർതിരിച്ചെടുക്കാനും കഴിയും.

എങ്ങനെ പ്രശ്നത്തെ നേരിടാം

കുട്ടികൾക്കായി ശ്രമിക്കുന്ന ദമ്പതികൾ സ്ത്രീയുടെ പ്രത്യുൽപാദനക്ഷമത പോലെ തന്നെ പുരുഷ പ്രത്യുത്പാദനക്ഷമതയും അതുമായി ബന്ധപ്പെട്ട ഘടകങ്ങളും മനസ്സിലാക്കേണ്ട്ത് ഏറെ നിർണായകമാണ്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെയും ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുകളുടെ വൈദഗ്ധ്യം തേടുന്നതിലൂടെയും ലഭ്യമായ ചികിത്സാ ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യുന്നതിലൂടെയും, വ്യക്തികൾക്ക് പുരുഷ വന്ധ്യതയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ തരണം ചെയ്യാൻ കഴിയും. പുരുഷ വന്ധ്യതക്കുള്ള ചികിത്സകളിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും,കൂടുതൽ ഗവേഷണവും വികസനവും അത്യന്താപേക്ഷിതമാണ്. സ്റ്റെം സെൽ തെറാപ്പി, ജീൻ തെറാപ്പി, റീജനറേറ്റീവ് മെഡിസിൻ തുടങ്ങിയ അത്യാധുനിക രീതികൾക്കുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്, ഇത് ഭാവിയിൽ പുരുഷ വന്ധ്യത ചികിത്സിയിൽ വിപ്ലവം സൃഷ്ടിക്കും.

English Summary: Infertility in men

കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Exit mobile version