പെട്ടെന്ന് ഭാരം കുറയ്ക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുമോ?
Authored by റ്റീന മാത്യു | Samayam Malayalam | Updated: 9 Aug 2023, 6:20 pm
പലപ്പോഴും ശരിയല്ലാത്ത ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ ഹൃദയാഘാതത്തിന് കാരണമാകാറുണ്ട്. പെട്ടെന്ന് അമിതഭാരം കുറയ്ക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഭാരം കുറയ്ക്കുന്നതിന് മുൻപ്
അമിതഭാരം കുറയ്ക്കുന്നത് നല്ലതാണെങ്കിലും ആരോഗ്യത്തിന് അനുയോജ്യമായ രീതിയിൽ മാത്രം ഭാരം കുറയ്ക്കാൻ ശ്രമിക്കുക. അശാസ്ത്രീയമായ രീതിയിലുള്ള ഭാരം കുറയ്ക്കൽ പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. പട്ടിണി കിടന്നും വെള്ളം കുടിക്കാതെയും അമിതമായി വ്യായാമം ചെയ്തും വണ്ണം കുറയ്ക്കുന്നത് ആരോഗ്യത്തെ വളരെ മോശമായി ബാധിച്ചേക്കാം. ഡയറ്റ്, വ്യായാവുമൊക്കെ ശരീരത്തിന് അനുയോജ്യമായത് മാത്രം തിരഞ്ഞെടുക്കുക.
ഹൃദയ വാൽവുകളിലെ പ്രശ്നങ്ങളും അതിൻ്റെ ലക്ഷണങ്ങളെയും ചികിത്സയെക്കുറിച്ചും ഡോക്ടർ പറയുന്നു
ഹൃദയ വാൽവുകളിലെ പ്രശ്നങ്ങളും അതിൻ്റെ ലക്ഷണങ്ങളെയും ചികിത്സയെക്കുറിച്ചും ഡോക്ടർ പറയുന്നു
ഡോക്ടറെ സന്ദർശിക്കുക
കൃത്യമായി ഡോക്ടറെ കണ്ട് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഡയറ്റ് പിന്തുടരുക. പ്രൊഫഷണലിൻ്റെ സഹായത്തോടെ പിന്തുടരുന്ന ഡയറ്റും വ്യായാമവുമൊക്കെ ആരോഗ്യത്തിന് നല്ലതാണ്. ഭാരം കുറയ്ക്കുന്നതിന് മുൻപ് മറ്റ് രോഗങ്ങളില്ലെന്ന് ഉറപ്പ് വരുത്തേണ്ടതും പ്രധാനമാണ്. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ബിഎംഐ എന്നിവയെല്ലാം പരിശോധിച്ച ശേഷം മാത്രം ഡയറ്റും വ്യായാവും ആരംഭിക്കുക. കൂടാതെ അവയവങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് ഏറെ പ്രധാനമാണ്.
വേഗത്തിൽ ഭാരം കുറയ്ക്കരുത്
കീറ്റോ ഡയറ്റ് പോലെയുള്ളവ പിന്തുടർന്ന് വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്ന നിരവധി ആളുകളുണ്ട്. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് യാഥാർത്ഥ്യം. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും വ്യായാമം ചെയ്യാതെയും ഭാരം കുറയ്ക്കാം എന്ന മോഹന വാഗ്ദാനങ്ങളിൽ വീഴാതിരിക്കാൻ ശ്രമിക്കുക. സമയമെടുത്ത് ഘട്ടംഘട്ടമായി വേണം ഭാരം കുറയ്ക്കാൻ. ഒരു മാസം എത്ര ഭാരം കുറയ്ക്കാമെന്ന് പ്രൊഫഷണലിൻ്റെ സഹായത്തോടെ മനസിലാക്കി പ്രവർത്തിക്കുക. ഒരു മാസം വെറും രണ്ടോ മൂന്നോ കിലോയാണ് ആരോഗ്യകരമായി കുറയ്ക്കാൻ കഴിയുന്നത്.
കീറ്റോ ഡയറ്റ്
പെട്ടെന്ന് വണ്ണം കുറയ്ക്കാൻ പലരും കീറ്റോ ഡയറ്റ് പിന്തുടരാറുണ്ട്. കാർബോഹൈഡ്രേറ്റുകൾ കുറച്ച് കൊഴുപ്പ് അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്ന രീതിയാണ് കീറ്റോ ഡയറ്റ്. ഈ കൊഴുപ്പിൽ നിന്ന് ശരീരം ആവശ്യമായ ഊർജ്ജം വലിച്ച് എടുക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ തുടങ്ങും. കീറ്റോ ഡയറ്റിൽ അമിതമായി അനിമൽ പ്രോട്ടീൻ കഴിക്കുന്നതും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഈ പ്രോട്ടീനിൽ ഇരുമ്പിൻ്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇരുമ്പ് കൂടുന്നത് കോശങ്ങൾക്ക് മുറിവ് ഉണ്ടാകാനും അതുപോലെ ഹൃദയാഘാതത്തിനും കാരണമാകുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക