ഒരു ദിവസം തന്നെ പല തവണ, പല ഭക്ഷണങ്ങളുടെ ഭാഗമായി പഞ്ചസാര ഉപയോഗിക്കാറുണ്ട് നമ്മളിൽ പലരും. ഇത് അനാരോഗ്യകരമായ ശീലമാണ്. പഞ്ചസാരയുടെ ഉപയോഗം പൂർണ്ണമായും നിർത്തിയാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?
പഞ്ചസാര ഉപേക്ഷിച്ചാൽ ആരോഗ്യം
ഹൈലൈറ്റ്:
- പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിന് ദോഷകരമാണെന്ന് നമുക്കറിയാം.
- പഞ്ചസാര ഉപയോഗം നിർത്തിയാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് മനസ്സിലാക്കാം
ദിവസം എത്ര തവണ ചായയും കാപ്പിയും കുടിക്കുന്നു അപ്പോഴെല്ലാം പഞ്ചസാര നിർബന്ധം, മധുരമുള്ള പഞ്ചസാര ചേർത്ത സ്നാക്കുകൾ ഒഴിവാക്കാനേ വയ്യ. ഇത് കൂടാതെ പഞ്ചസാര ചേർത്ത മറ്റ് പാനീയങ്ങൾ കഴിക്കുന്നത് വേറെ. ഇങ്ങനെ ഒരു ദിവസം എത്ര മാത്രം പഞ്ചസാരയാണ് നാം കഴിക്കുന്നത്? ഇത് ആരോഗ്യകരമായ ശീലമാണോ? അമിതമായി പഞ്ചസാര കഴിക്കുന്നത് ഹൃദ്രോഗം മുതൽ കാൻസർ സാധ്യത വരെ വർധിപ്പിക്കുന്നു. അതുകൊണ്ട് തന്നെയാണ് പഞ്ചസാരയെ വെളുത്ത നിറമുള്ള വിഷം എന്ന് പോലും വിളിക്കുന്നത്.
നിങ്ങൾ ഒരു മധുരപ്രേമിയാണെങ്കിൽ, പഞ്ചസാരയുടെ ആസക്തിയെ ചെറുക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. മധുരപലഹാരങ്ങൾ, ചോക്ലേറ്റ്, ശീതളപാനീയങ്ങൾ, ജ്യൂസുകൾ എന്നിവയൊക്കെ നമുക്ക് പ്രിയങ്കരമാണെങ്കിലും, പഞ്ചസാര നിറച്ചതിനാൽ ഈ ഭക്ഷ്യവസ്തുക്കളിലൂടെ നിങ്ങൾ ധാരാളം കലോറി ഉപയോഗിക്കുന്നു. ശുദ്ധീകരിച്ച വെളുത്ത പഞ്ചസാര ആസക്തി വരുത്തുമെന്ന് മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അപകടകരവുമാണ്.
എന്നാൽ പഞ്ചസാര പൂർണ്ണമായും ഉപേക്ഷിച്ചാൽ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് അറിയാമോ? ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക
ചർമ്മ സൗന്ദര്യം
പഞ്ചസാര ഉപേക്ഷിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ ഘടനയെ ഗണ്യമായി മെച്ചപ്പെടുത്തുകയും മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കുകയും ചെയ്യും. പഞ്ചസാര കൂടുതലായി അടങ്ങിയ മധുരപലഹാരങ്ങൾ ഇൻസുലിൻ വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം, ഇത് ചർമ്മത്തിൽ വീക്കം ഉണ്ടാക്കുന്നു. ഭക്ഷണത്തിൽ നിന്ന് പഞ്ചസാര കുറയ്ക്കുന്നത് കൊളാജന്റെ അളവ് മെച്ചപ്പെടുത്തുകയും ചർമ്മത്തിന്റെ വാർദ്ധക്യം വൈകിപ്പിക്കുകയും ചുളിവുകൾ തടയുകയും നിങ്ങളുടെ നിറം മെച്ചപ്പെടുത്തുകയും ചെയ്യും.
ഓർമ്മശക്തി
നിങ്ങൾ ഒരു മധുരപ്രേമിയും, പലപ്പോഴും പഞ്ചസാര അടങ്ങിയ ഭക്ഷ്യ വിഭവങ്ങൾ കഴിക്കുകയും ചെയ്യുന്ന ആളാണെങ്കിൽ, നിങ്ങൾക്ക് മസ്തിഷ്ക പ്രവർത്തനത്തിൽ ചിലപ്പോൾ മന്ദത നേരിട്ടേക്കാം. പഞ്ചസാര കഴിക്കുന്നത് നിങ്ങളുടെ ഓർമശക്തിയെ ബാധിക്കും. അതിനാൽ, പഞ്ചസാര ഉപേക്ഷിച്ചതിന് ശേഷം, നിങ്ങളുടെ ഓർമ്മശക്തി മെച്ചപ്പെടുകയും കാര്യങ്ങൾ ഓർത്തെടുക്കുവാനുള്ള ശേഷിയിൽ ഗണ്യമായ പുരോഗതി കാണുകയും ചെയ്യാം.
നല്ല ഉറക്കം
നിങ്ങൾ എപ്പോഴെങ്കിലും രാത്രി വൈകി ഒരു മധുരപലഹാരം കഴിക്കുകയും പിന്നീട് ഉറങ്ങാൻ ബുദ്ധിമുട്ടുകയും ചെയ്തിട്ടുണ്ടോ? പഞ്ചസാര നിങ്ങൾക്ക് തൽക്ഷണ ഊർജ്ജം നൽകുകയും അലസതയെ അകറ്റുകയും ചെയ്യുന്നതിനാലാണിത്. ഭക്ഷണത്തിൽ നിന്ന് പഞ്ചസാര കുറയ്ക്കുക. അത് നിങ്ങളുടെ ഉറക്കചക്രം പുനഃസ്ഥാപിക്കുകയും നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കൽ
നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ നിന്ന് പഞ്ചസാര കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ വേഗത്തിലാക്കുന്നുവെന്ന് പറയാതെ വയ്യ. ഇത് ഏത് തരത്തിലുള്ള ഡയറ്റുമാവട്ടെ, പഞ്ചസാര ഉപേക്ഷിക്കുന്നത് എല്ലാവർക്കും ഗുണം ചെയ്യുന്ന ഒരു കാര്യമാണ്. കേക്ക്, ചോക്ലേറ്റ് മുതൽ സോഡ, മിഠായികൾ എന്നിവ വരെയുള്ള ഭക്ഷണപദാർത്ഥങ്ങളെല്ലാം പഞ്ചസാര നിറച്ചതാണ്, ഇത് ആത്യന്തികമായി നിങ്ങളുടെ ദൈനംദിന കലോറി ഉപഭോഗം വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുക, ദിവസേന വ്യായാമം ചെയ്യാൻ ആരംഭിക്കുക, ആരോഗ്യകരമായതും വൃത്തിയുള്ളതുമായ ഭക്ഷണക്രമത്തിലേക്ക് മാറുക. അതിലൂടെ ആഴ്ചകൾക്കുള്ളിൽ ശരീരഭാരം കുറയുന്നതിന് സാക്ഷ്യം വഹിക്കുക.
പഞ്ചസാര ആസക്തി എങ്ങനെ നേരിടാം
പഞ്ചസാരയുടെ ആസക്തി ബാധിക്കുമ്പോൾ, അവയെ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. മാത്രമല്ല, ഈ സമയത്ത് പലപ്പോഴും നാം നമ്മുടെ പ്രിയപ്പെട്ട മധുരപലഹാരങ്ങൾ കഴിക്കുകയും ചെയ്യുന്നു. നിങ്ങളും നിങ്ങളുടെ ആസക്തി നിയന്ത്രിക്കാൻ ശ്രമിക്കുകയാണെങ്കിൽ, ആദ്യം ചെയ്യേണ്ടത് വെളുത്ത പഞ്ചസാരയ്ക്ക് പകരം ആരോഗ്യകരമായ മധുരങ്ങൾ പകരം ഉൾപ്പെടുത്തുക എന്നതാണ്. ഇതുവഴി, നിങ്ങൾ അനാരോഗ്യകരമായ മധുരങ്ങളിൽ നിന്ന് ആരോഗ്യകരമായ പതിപ്പിലേക്ക് പതുക്കെ മാറും.
പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കാനുള്ള മറ്റൊരു മാർഗം ഒരു ഗ്ലാസ് വെള്ളം കുടിക്കുക എന്നതാണ്. പലപ്പോഴും ദാഹം ആസക്തിയിലേക്ക് നയിക്കുകയും, വയറ്റിൽ വെള്ളം നിറയുന്നത് ഈ ആസക്തിയെ ഇല്ലാതാക്കുകയും ചെയ്യും. മധുരമുള്ള എന്തെങ്കിലും കഴിക്കാൻ നിങ്ങൾക്ക് തോന്നുമ്പോഴെല്ലാം ഒരു പഴം കഴിക്കുവാൻ തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ ശരീരത്തിന് സ്വാഭാവിക പഞ്ചസാര നൽകും ഒപ്പം ഒരേ സമയം ആരോഗ്യകരവുമാണ്.
പഞ്ചസാരയ്ക്ക് പകരം
ആരോഗ്യകരമായ ചില മധുരപലഹാരങ്ങളിലേക്ക് നിങ്ങൾ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് ദോഷകരമായ ഫലങ്ങളൊന്നും ഉണ്ടാക്കില്ല, അതേസമയം നിങ്ങളുടെ വിഭവത്തിന് സ്വാദും നൽകുന്നു. ശർക്കര പൊടി, മേപ്പിൾ സിറപ്പ്, സ്റ്റീവിയ, തേങ്ങാ പഞ്ചസാര, ഈന്തപ്പഴം, എന്നിവയൊക്കെ പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാം.
രാവിലെ കുടിക്കാം ഈ കുക്കുമ്പർ ഡീറ്റോക്സ് ഡ്രിങ്ക്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : know these positive health effects of quitting sugar
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download