‘ദേശീയപാതകൾക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ നാലിരട്ടി വില നൽകുന്നു; ഇനിയും വർദ്ധിപ്പിക്കാനാകില്ല’: നിതിൻ ഗഡ്കരി
Authored by പ്രണവ് മേലേതിൽ | Samayam Malayalam | Updated: 18 Aug 2023, 1:10 pm
ദേശീയപാതകൾക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ രണ്ടും നാലും ഇരട്ടിവില നല്‍കുന്നുണ്ടെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ലുധിയാനയിൽ കർഷകപ്രക്ഷോഭം കാരണം സ്ഥലമേറ്റെടുപ്പ് വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
നഷ്ടപരിഹാരം കൂട്ടണമെന്നാവശ്യപ്പെട്ട് കർഷകർ സമരം നടത്തുന്നതിനാൽ ചില ദേശീയപാതകളുടെ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിലാണെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി. ലുധിയാനയിലെ ഗ്രീൻഫീൽഡ് ഹൈവേക്ക് 75.543 കിലോമീറ്റർ റോഡിനാവശ്യമായ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന്റെ 65 ശതമാനം ഭൂമിയും ഇനിയും ഏറ്റെടുക്കാനായിട്ടില്ല. 2,461.64 കോടി രൂപയുടെ പദ്ധതിയാണിത്. ലുധിയാന-റോപാർ ഗ്രീൻഫീൽഡ് ഹൈവേക്ക് 8 കിലോമീറ്റർ സ്ട്രെച്ചിനാവശ്യമായ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. ഈ പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത് 2,857.14 കോടി രൂപയാണ്. സതേൺ ബൈപ്പാസിന്റെ നിർമ്മാണവും തടസ്സപ്പെട്ടിരിക്കുന്നത് ഭൂമി ഏറ്റെടുക്കാൻ കഴിയാത്തതു കൊണ്ടാണ്. 25.24 കിമി നീളമുള്ള പാതയിൽ 8 കിലോമീറ്റർ ഭാഗത്ത് ഭൂമി ഏറ്റെടുക്കൽ പ്രശ്നത്തിലാണ്. 986.85 കോടിയുടെ പദ്ധതിയാണിത്.
നഷ്ടപരിഹാരം ഇനിയും കൂട്ടാൻ സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു. ഇപ്പോൾ നൽകുന്ന നഷ്ടപരിഹാരം തന്നെയും മാർക്കറ്റ് വിലയുടെ രണ്ടും നാലും ഇരട്ടിയാണ്. ഇതിലും കൂടുതൽ നൽകാനാകില്ല.
ദേശീയപാതകളുടെ പ്രാധാന്യം കർഷകർ മനസ്സിലാക്കണമെന്ന് രാജ്യസഭാ എംപി സഞ്ജീവ് അറോറ പറഞ്ഞു. ന്യായമായ വില നല്കിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ദേശീയപാത വരുന്നതോടെ അതത് പ്രദേശങ്ങളിൽ വികസനത്തിന്റെ വലിയ കുതിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക