ഹൈലൈറ്റ്:
- ഐഡഹോയിലെ ബോയ്‌സിൽ താമസിക്കുന്ന താബോർ ആണ് തന്റെ കാമുകന്റെ പരസ്ത്രീ ബന്ധം കണ്ടുപിടിച്ചത്.
- ബെക്കാ, അബി, താബോർ എന്നിവ സുഹൃത്താക്കളാവുകയും ഒരു റോഡ് ട്രിപ്പ് നടത്താനും തീരുമാനിച്ചു.
- 5000 ഡോളർ ചിലവഴിച്ചു ഒരു ക്യാമ്പെർ ബസ് തയ്യാറാക്കി ബാം ബസ് എന്ന് പേരിട്ട് ജൂൺ 25ന് അവർ യാത്ര ആരംഭിച്ചു.
ചിലർ പ്രണയത്തിൽ ‘തേപ്പ്’ കിട്ടിയവരാവും. ഇങ്ങനെ സംഭവിക്കുമ്പോൾ ഒരു കൂട്ടർ തന്റെ വിധി എന്നോർത്ത് മുന്നോട്ട് പോവും വേറെ ചിലർ ചതിച്ച കക്ഷിക്ക് രണ്ടെണ്ണം കൊടുക്കാൻ നോക്കും. എന്നാൽ ഒരേ സമയം മൂന്ന് സ്ത്രീകളെ പ്രണയിച്ച ‘വില്ലനെ’ എന്ത് ചെയ്യും? മോർഗൻ താബോർ എന്ന് പേരുള്ള യുവതിയാണ് തന്റെ കാമുകന്റെ ചതിയിൽ പെട്ടത്.
ഇൻസ്റ്റാഗ്രാമിൽ തന്റെ കാമുകനോടൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത പെൺകുട്ടിയെ തപ്പിയിറങ്ങിയ താബോർ ഒടുവിൽ ചിത്രത്തിലെ യുവതിയുമായും തന്റെ കാമുകൻ ബന്ധത്തിലാണ് എന്ന് മനസ്സിലാക്കി. “മറ്റൊരു പെൺകുട്ടിയുമൊത്തുള്ള അവന്റെ ഫോട്ടോ കണ്ടപ്പോൾ തോന്നിയ വികാരം വിവരിക്കാൻ എനിക്ക് വാക്കുകളില്ല. ഞാൻ അയാളെ വിവാഹം കഴിക്കാൻ പോവുകയായിരുന്നു. വീടിനെക്കുറിച്ചും ഞങ്ങളുടെ വിവാഹം എങ്ങനെയായിരിക്കുമെന്നും എന്നൊക്കെ സംസാരിച്ചിരിക്കെയാണ് അയാൾ ഇത് ചെയ്തത്”, ഐഡഹോയിലെ ബോയ്‌സിൽ താമസിക്കുന്ന താബോർ സിഎൻഎന്നിനോട് പറഞ്ഞു.
അബി റോബേർട്സ് എന്ന് പേരുള്ള രണ്ടമത്തെ യുവതിയും താബോറും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ പേരുമായി തങ്ങളുടെ കാമുകന് ബന്ധമുണ്ട് എന്ന് മനസ്സിലാക്കി. ഇതോടെ ഇവരെയെല്ലാം വീഡിയോ കോളിൽ ബന്ധിപ്പിച്ച ശേഷം കാമുകനെ വിളിച്ചു വരുത്തി താബോർ. പിടിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയതോടെ ഒഴികഴിവുകളും വിശദീകരണങ്ങളും നൽകാൻ ശ്രമിച്ച കാമുകൻ ഒരേ സമയം ഒന്നിലധികം സ്ത്രീകളോടൊത്ത് ജീവിക്കുന്നത് നല്ലതാണെന്ന് പറഞ്ഞതോടെ താബോർ വീട്ടിൽ നിന്നും ഇറക്കിവിട്ടു.
അവിടെ കഴിഞ്ഞില്ല കാര്യങ്ങൾ. യുവാവിന്റെ ആറോളം കാമുകിമാരിൽ ഒരാളായ ബെക്കാ കിംഗ് ഒരു ദിവസം അബിയെയും താബോറിനെയും കാണാൻ തീരുമാനിച്ചു. ബെക്കാ, അബി, താബോർ എന്നിവ സുഹൃത്താക്കളാവുകയും ഒരു റോഡ് ട്രിപ്പ് നടത്താനും തീരുമാനിച്ചു. ഈ വർഷം മാർച്ചിൽ ഒരു പഴയ സ്കൂൾ ബസ് കണ്ടെത്തിയ മൂവരും 5000 ഡോളർ ചിലവഴിച്ചു ഒരു ക്യാമ്പെർ ബസ് പോലെയാക്കി. ബാം ബസ് എന്ന് പേരിട്ട ക്യാമ്പെർ ബസുമായി ജൂൺ 25ന് അവർ യാത്ര ആരംഭിച്ചു.
ഐഡഹോയിൽ നിന്നാരംഭിച്ച യാത്രയിൽ വ്യോമിംഗിലെ ഗ്രാൻഡ് ടെറ്റൺ നാഷണൽ പാർക്കും മൊണ്ടാനയിലേക്കുള്ള യാത്രയിൽ യെല്ലോസ്റ്റോൺ നാഷണൽ പാർക്കും അവർ സന്ദർശിച്ചു. ഇപ്പോൾ ഈ നാഷണൽ പാർക്കിലാണ് ഇവർ തമ്പടിച്ചിരിക്കുന്നത്. മൂന്ന് സ്ത്രീകളും യാത്രയ്ക്ക് പണം കണ്ടെത്തുന്നതിനായി യാത്രക്കിടെ ജോലി ചെയ്യുന്നുണ്ട്. മാത്രമല്ല യാത്ര കേട്ടറിഞ്ഞു പലരും സഹായിക്കുന്നുമുണ്ട്. നവംബറിൽ യാത്ര അവസാനിപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും ഇനിയും തുടരാനാണ് മൂവരുടെയും തീരുമാനം. ഒരു ചതി അങ്ങനെ ഒരു യമണ്ടൻ യാത്രയ്ക്ക് തന്നെ വഴി തെളിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cheated by same guy, these 3 women goes for an epic road trip after becoming friends
Malayalam News from malayalam.samayam.com, TIL Network