24 മണിക്കൂറും പണി നടക്കുന്നു; മുംബൈ-അഹമ്മദാബാദ് അതിവേഗപാത 30% പൂർത്തിയായി: ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇതുവരെ

24-മണിക്കൂറും-പണി-നടക്കുന്നു;-മുംബൈ-അഹമ്മദാബാദ്-അതിവേഗപാത-30%-പൂർത്തിയായി:-ഇന്ത്യയുടെ-ആദ്യത്തെ-ബുള്ളറ്റ്-ട്രെയിൻ-പദ്ധതി-ഇതുവരെ
ശ്രുതി എം. എം.

റെയില്‍ യാത്രാപ്രേമികളും ഒപ്പം ഇന്ത്യന്‍ ജനതയും കാത്തിരിക്കുന്ന ഗതാഗത സ്വപ്‌നങ്ങളിലൊന്നാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് റെയില്‍ പദ്ധതി. 2017ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട പദ്ധതികളിലൊന്നു കൂടിയാണിത്. പദ്ധതി പൂര്‍ത്തിയായാല്‍ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് റെയില്‍ പദ്ധതിയെന്ന ഖ്യാതിയും നേടും. ഇക്കാരണങ്ങളാല്‍ ബുള്ളറ്റ് റെയില്‍പാതയുടെ പുരോഗതി അറിയാനും ആളുകള്‍ തല്‍പ്പരരാണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് ബുള്ളറ്റ് പദ്ധതിയുടെ 30% പൂര്‍ത്തിയായിട്ടുണ്ട്. 2023 ഏപ്രിൽ വരെയുള്ള പുരോഗതിയാണിത്. ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ രേഖകളിൽ 26 ശതമാനമേ കാണിക്കുന്നുള്ളൂ. ഇതുപക്ഷെ ഫെബ്രുവരി വരെയുള്ള കണക്കാണ്. ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുമുണ്ട്. അതേസമയം, കണ്‍സ്ട്രക്ഷന്‍ വേള്‍ഡിന്റെ റിപ്പോര്‍ട്ടനുസരിച്ച് മെയ് 2023ലെ കണക്കുപ്രകാരം 33.68% പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്.

അതിവേഗം മുന്നോട്ട്

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളിലും ധാരണയായിട്ടുണ്ടെന്നതാണ് പ്രധാന നേട്ടങ്ങളിലൊന്ന്. 28 കരാര്‍ പാക്കേജുകളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ഇതില്‍ 23 എണ്ണം ഇതിനകം നല്‍കുകയും നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തതാണ്. ഫൗണ്ടേഷന്‍, പില്ലര്‍ നിര്‍മ്മാണം, ഗര്‍ഡര്‍ കാസ്റ്റിംഗ് എന്നിവയില്‍ ഗണ്യമായ പുരോഗതിയും കൈവരിച്ചിട്ടുണ്ട്. 45,621.17 കോടി രൂപയാണ് പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചതെന്നാണ് റെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കുന്നത്.

പദ്ധതിയുടെ പ്രവൃത്തിപുരോഗതി സംസ്ഥാനാടിസ്ഥാനത്തില്‍ തരം തിരിച്ചാല്‍ ഗുജറാത്തിന്റെ ഭാഗത്ത് വരുന്ന നിര്‍മാണ പ്രവൃത്തികളില്‍ 100ല്‍ 32.93 ശതമാനമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇതില്‍ 54.74% സിവില്‍ ജോലികളായിരുന്നു. മഹാരാഷ്ട്രയിലെ മൊത്തം പൂര്‍ത്തിയായ 13.72% പദ്ധതികളില്‍ പില്ലര്‍ തൂണ്‍ വര്‍ക്ക് വരുന്ന 257.06 കി.മീ പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 155.48 കിലോമീറ്ററിലെ പിയര്‍ വര്‍ക്കുകളും 37.64 കിലോമീറ്ററില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതും നടന്നുകഴിഞ്ഞു.

പരിസ്ഥിതിയെ പരിഗണിച്ച്, കരുതലോടെ

ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ വരുന്ന വലിയൊരു പ്രശ്നമാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ. പദ്ധതിപ്രദേശത്ത് വരുന്ന 8003 മരങ്ങള്‍ മാറ്റി നട്ടപ്പോള്‍ 83,600 വൃക്ഷത്തൈകള്‍ പുതിയതായും വച്ച് പിടിപ്പിച്ചിട്ടുണ്ട്.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി ബാന്ദ്ര-കുര്‍ള കോംപ്ലക്‌സ് സ്റ്റേഷന്‍ നിര്‍മ്മാണ കരാര്‍ നേടിയത് ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡിന്റെയും (എച്ച്‌സിസി) മേഘാ എഞ്ചിനീയറിംഗ് & ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ്. ഭൂനിരപ്പില്‍ നിന്ന് 24 മീറ്റര്‍ (ഏകദേശം) ആഴത്തില്‍ നിര്‍മ്മിക്കുന്ന മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയിലെ ഒരേയൊരു ഭൂഗര്‍ഭ സ്റ്റേഷനായിരിക്കും ഈ സ്റ്റേഷന്‍, അതിന്റെ പ്രവൃത്തികളും ഇപ്പോള്‍ നടന്ന് വരികയാണ്. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സ് (ബികെസി) സ്റ്റേഷന്‍ ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളും എലവേറ്റഡ് റൂട്ടിലായിരിക്കും.

പദ്ധതി ഇതുവരെ:

2013 – പദ്ധതി നിര്‍ദ്ദേശം വരുന്നു.
2017 – പദ്ധതിക്ക് തറക്കല്ലിട്ട് മോദി.
2017 – ജപ്പാനുമായുള്ള സഹകരണം പ്രാബല്യത്തില്‍. ജപ്പാനിലെ ഷിന്‍കാന്‍സെന്‍ ടെക്‌നോളജി കമ്പനിയാണ് പദ്ധതിക്കായി സഹകരിക്കുന്നത്.
2018 – പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചു.
2022 ഡിസംബര്‍ – നിര്‍മ്മാണത്തിന്റെ 24.73 ശതമാനം പൂര്‍ത്തിയായി.

24 മണിക്കൂറും പണി നടക്കുന്നു

ബുള്ളറ്റ് റെയിന്‍ പദ്ധതി പൂര്‍ത്തിയാക്കാനായി 24 മണിക്കൂറും പണി നടക്കുന്നതായാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷണവും പറഞ്ഞത്. ഇക്കാര്യം ബോധ്യപ്പെടുത്താനായി അദ്ദേഹം ട്വിറ്റ് ചെയ്ത ഡേറ്റ പറയുന്നത് ഇങ്ങനെയാണ്: ദിനംപ്രതി അരക്കിലോമീറ്റര്‍ ദൂരത്തില്‍ പില്ലര്‍ നിര്‍മാണ വര്‍ക്ക് പുരോഗതി പദ്ധതി കൈവരിക്കുന്നുണ്ട് എന്നാണ്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

12 സ്റ്റേഷനുകൾ

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിക്ക് മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര & നഗര്‍ ഹവേലി വഴി 508 കിലോമീറ്ററിലധികം ദൂരമുണ്ട്. ഇതിനിടയിൽ 12 സ്റ്റേഷനുകള്‍ ഉണ്ടാകും. മഹാരാഷ്ട്രയില്‍ 155.76 കി.മീ (മുംബൈ സബര്‍ബനില്‍ 7.04 കി.മീ, താനെയില്‍ 39.66 കി.മീ, പാല്‍ഘറില്‍ 109.06 കി.മീ), ഗുജറാത്തില്‍ 348.04 കി.മീ. നീളവും ദാദ്ര & നഗര്‍ ഹവേലിയില്‍ 4.3 കി.മീ നീളവുമായിരിക്കും ശൃംഖലയ്ക്ക്. ഗുജറാത്തില്‍ 956 ഹെക്ടറും ദാദ്ര & നഗര്‍ ഹവേലിയില്‍ എട്ട് ഹെക്ടറും മഹാരാഷ്ട്രയില്‍ 432 ഹെക്ടറും ഉള്‍പ്പെടെ ആകെ 1,396 ഹെക്ടറാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.

എല്ലാ കരാറുകളും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പദ്ധതി എന്ന് രാജ്യത്തിന് സമര്‍പ്പിക്കുവെന്ന് കൃത്യമായി പറയാന്‍ സാധിക്കൂവെന്ന് മന്ത്രി വൈഷ്ണവ് പറയുന്നു. ഭൂമി ഏറ്റെടുക്കലിലെ വെല്ലുവിളികള്‍ പരിഹരിക്കുക എന്നതിലാണ് പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ പ്രഥമ പരിഗണനയില്‍ ഇപ്പോള്‍ ചെയ്ത് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദേശം 1389.5 ഹെക്ടര്‍ ഭൂമി ആവശ്യമുള്ളതില്‍ ഇതുവരെ ഏറ്റെടുത്തിരിക്കുന്നത് 1381.9 ഹെക്ടറാണ്. മഹാരാഷ്ട്രയിലാണ് ഭൂമി ഏറ്റെടുക്കുന്നതില്‍ ഏറ്റവും വലിയ കാലതാമസം നേരിട്ടത്. 2021ല്‍ പദ്ധതിക്കായി മഹാരാഷ്ട്രയില്‍ ഏറ്റെടുത്ത 196.19 ഹെക്ടര്‍ ഭൂമി മാത്രമായിരുന്നു. അത് 2023 ജൂണില്‍ 429.53 ഹെക്ടര്‍ ഭൂമിയിലേക്ക് വളർന്നു.

കടലിനടിയിലെ ആദ്യ റെയില്‍തുരങ്കം

മഹാരാഷ്ട്രയിലെ താനെയില്‍ 21 കിലോമീറ്ററില്‍ കടലിനടിയില്‍ തുരങ്കം നിര്‍മിക്കാന്‍ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറുമായി എന്‍എച്ച്എസ്ആര്‍സിഎല്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലെ റെയില്‍തുരങ്കമാണ് കരാര്‍ പ്രാബല്യത്തിലായാല്‍ യാഥാര്‍ത്ഥ്യമാവുക. താനെയില്‍ വരുന്ന ഈ കടലിനടിയിലെ തുരങ്കം ഏഴ് കിലോമീറ്റര്‍ നീളവും ഭൂനിരപ്പില്‍ നിന്ന് 25 മുതല്‍ 65 മീറ്റര്‍ വരെ താഴ്ചയിലുമായിരിക്കും. പതിനാറ് കിലോമീറ്റര്‍ തുരങ്കം ടിബിഎം ഉപയോഗിച്ചും അഞ്ച് കിലോമീറ്റര്‍ പുതിയ ഓസ്ട്രിയന്‍ ടണലിംഗ് മെത്തഡോളജി പ്രയോഗിച്ചുമാണ് വികസിപ്പിക്കുക. ഇത് 2024ല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

12 സ്റ്റേഷനുകളില്‍ സ്റ്റോപ്പുള്ള രീതിയില്‍ 508 കിലോമീറ്റര്‍ നീളത്തിലാണ് അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് റെയില്‍പാത വരിക. 320 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിനുകള്‍ പാതയില്‍ സഞ്ചരിക്കുക. ഇത് അഹമ്മദാബാദ് – മുംബൈ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക് വേണ്ടിവരുന്ന 6 മണിക്കൂര്‍ യാത്രയെ വെറും മൂന്ന് മണിക്കൂറായി ചുരുക്കും. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയുടെ സഹായത്തോടെ 1.1 ലക്ഷം കോടി രൂപയ്ക്കാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ചെലവിന്റെ 81ശതമാനം പണവും ജപ്പാനില്‍ നിന്നായിരിക്കും ലഭിക്കുക. 2026-ല്‍ ബുള്ളറ്റ് ട്രെയിന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്.

Exit mobile version