കൊൽ‌ക്കത്ത മെട്രോയുടെ വളർച്ച മുരടിച്ചതെങ്ങനെ? ഇന്ത്യയുടെ ആദ്യ മെട്രോ സർവ്വീസിന്റെ ദുരവസ്ഥ

കൊൽ‌ക്കത്ത-മെട്രോയുടെ-വളർച്ച-മുരടിച്ചതെങ്ങനെ?-ഇന്ത്യയുടെ-ആദ്യ-മെട്രോ-സർവ്വീസിന്റെ-ദുരവസ്ഥ
ശ്രുതി എം. എം.

ചരിത്ര നഗരമാണ് കൊല്‍ക്കത്ത. രാജ്യത്തിന്റെ ആദ്യ തലസ്ഥാനനഗരി എന്ന ഖ്യാതി മുതല്‍ നിരവധി വിശേഷണങ്ങളുള്ള നഗരം. ദേശീയ-അന്തര്‍ദേശീയ ടൂറിസ്റ്റുകളുടെ സ്വപ്‌നയാത്രാ പട്ടികയിലുള്‍പ്പെടുന്ന കൊല്‍ക്കത്ത. രാജ്യത്ത് ആദ്യമായി മെട്രോ സര്‍വീസ് തുടങ്ങിയതും ഇതേ കൊൽക്കത്തയിലാണ്. 1984 ഒക്ടോബര്‍ 24ന്. ഡംഡം സ്റ്റേഷനിൽനിന്ന് തുടങ്ങുന്ന സർവ്വീസ് ഗോളിഗഞ്ചില്‍ അവസാനിക്കുംവിധമാണ് മെട്രോ സർവ്വീസ് തുടങ്ങിയത്. നിലവിൽ തിരക്കിന്റെ കാര്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ സർവ്വീസാണ് കൊൽക്കത്ത മെട്രോ. കാലമിത്രയായിട്ടും മൂന്ന് ലേനുകൾ മാത്രമാണ് ഈ മെട്രോയ്ക്കുള്ളത്.

ഇങ്ങനെ വികസനത്തിന്റെ ആദ്യക്കാരായിരുന്ന കൊല്‍ക്കത്തയിലെ മെട്രോ സര്‍വീസിന്റെ ഇന്നത്തെ അവസ്ഥ ആരെയും അത്ഭുതപ്പെടുത്തും. എന്താണ് കൊൽക്കത്ത മെട്രോയ്ക്ക് സംഭവിച്ചത് എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. കൊൽക്കത്ത മെട്രോയ്ക്ക് മാത്രമായി ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് വസ്തുത. കൊൽക്കത്ത നഗരത്തിനും, പശ്ചിമബംഗാളിനാകെയും സംഭവിച്ചതിന്റെ പ്രതിഫലനം മാത്രമാണ് മെട്രോ സർവ്വീസിന്റെ മുരടിപ്പിൽ കാണുന്നത്. ഈ മുരടിപ്പിന്റെ കാരണങ്ങളിലേക്ക് നോക്കിയാല്‍ നിരവധി ഘടകങ്ങൾ നമുക്ക് വേർതിരിച്ചറിയാനാകും. രാഷ്ട്രീയ കാരണങ്ങള്‍, സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം, നിര്‍മാണ പ്രവൃത്തി വൈകല്‍ തുടങ്ങി അവ നീളും. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്ന കൊൽക്കത്തയിലേക്ക് മലയാളികൾ ധാരാളമായി കുടിയേറിയിരുന്നു. ഇന്നാ പ്രതാപം കൊൽക്കത്തക്കില്ല.

Read: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 30% പൂർത്തിയായി; 24 മണിക്കൂറും പണി നടക്കുന്നു; ഇന്ത്യയുടെ ആദ്യത്തെ അതിവേഗ റെയിൽ ഇതുവരെ

ഇടതുഭരണകാലത്ത് തുടങ്ങിയ കൊല്‍ക്കത്ത മെട്രോയെ കൂടുതൽ വികസിപ്പിക്കുന്നതിനായി ചില പദ്ധതികൾക്ക് തുടക്കമിട്ടത് ഇന്ന് പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി പദത്തിലിരിക്കുന്ന മമതാ ബാനര്‍ജി തന്നെയാണ്. 2009ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിൽ അവർ റെയിൽവെ മന്ത്രിയായിരുന്ന കാലത്ത് കൊല്‍ക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോര്‍ അനുവദിച്ചു. സാള്‍ട്ട് ലേക്ക് സെക്ടറില്‍ നിന്ന് ഫൂല്‍ബഗാന്‍, സീല്‍ദാ, മഹാകരന്‍, ഹൗറ വഴി ഹൗറ മൈതാനിലേക്കുള്ള റൂട്ടിനായിരുന്നു അനുമതി. ഹൂഗ്ലി നദിയുടെ ഇരുവശത്തുമുള്ള കൊല്‍ക്കത്തയെയും ഹൗറയെയും ബന്ധിപ്പിക്കുന്നതിനൊപ്പം, പടിഞ്ഞാറൻ കൊൽക്കത്തയെയും കിഴക്കൻ കൊല്‍ക്കത്തയെയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. നിലവിലുള്ള മെട്രോ ലൈന്‍ വടക്ക് -തെക്ക് ഭാഗങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. പിന്നീട് യുപിഎ സര്‍ക്കാരുമായി തെറ്റിപ്പിരിഞ്ഞ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ശേഷം പശ്ചിമബംഗാളില്‍ മൂന്ന് പതിറ്റാണ്ട് ഭരണത്തിലിരുന്ന സിപിഎമ്മിനെ തകര്‍ത്ത് ബംഗാളിന്റെ മുഖ്യമന്ത്രിക്കസേരയിലേറി.

ദീര്‍ഘവിക്ഷണമില്ലാത്ത ദീദി

2011ല്‍ സംസ്ഥാന ഭരണത്തിലേക്ക് എത്തിയതോടെ മെട്രോയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ നിന്ന് പിന്നാക്കം പോകുന്ന മമതയെയാണ് ജനം കാണുന്നത്. സിംഗൂര്‍ സംഭവങ്ങളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയാണ് മമത അധികാരം പിടിച്ചെടുത്തത്. വികസനരാഷ്ട്രീയത്തിനെതിരെ സംസ്ഥാനത്തുയർന്ന വലിയ വികാരത്തിന് അനുകൂലമായ രീതിയിലായിരുന്നു മമതയുടെ തുടർന്നുള്ള നയങ്ങളെല്ലാം. മെട്രോയുടെ കാര്യത്തിലും ഇതേ നയം മമത തുടർന്നു.

മെട്രോ പദ്ധതിക്കായി കണ്ടെത്തിയ റൂട്ടുകള്‍ മാറ്റണമെന്ന് മമത കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതിനു പിന്നിലും ഈ സമീപനമായിരുന്നു. 2012ല്‍ കേന്ദ്രത്തിലെ യുപിഎ മുന്നണി സര്‍ക്കാരിനോട് മമത രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു. ബാനര്‍ജിയുടെ നേതൃത്വത്തില്‍ ടാറ്റ നാനോ പദ്ധതിക്കെതിരെ സിംഗൂരില്‍ നടന്ന പ്രതിഷേധത്തിന് ശേഷമാണ് ഇത് സംഭവിച്ചത്. മമതയുടെ പിന്‍മാറ്റത്തിനു കാരണമായത് മെട്രോയുടെ റൂട്ടുകള്‍ക്കായി കണ്ടെത്തിയ ഇടങ്ങള്‍ ചേരിനിവാസികളുടേതാണെന്നതായിരുന്നു. ചേരിനിവാസികളില്‍ നിന്ന് വലിയ പിന്തുണ തിരഞ്ഞെടുപ്പില്‍ മമതയ്ക്ക് കിട്ടിയിരുന്നു. ഇതും മമതയുടെ നീക്കത്തിന് കാരണമായി. താന്‍ ഭരണത്തിലിരിക്കുമ്പോള്‍ ബംഗാളിലെ ചേരിനിവാസികള്‍ അഭയാര്‍ത്ഥികളാവില്ലെന്നും അവര്‍ പ്രഖ്യാപിച്ചു. ചേരിനിവാസികള്‍ സ്ഥലം വിട്ടുനല്‍കില്ലെന്നും അതിനാല്‍ റൂട്ട് മാറ്റണമെന്നും മമത മെട്രോ അധികൃതരോടും നിര്‍ദേശിച്ചു.

ഇതോടെ വിഷയം കോടതിക്കു മുന്നിലെത്തി. രാഷ്ട്രീയ അപ്രയോഗികത എന്ന പരാമര്‍ശത്തോടെ മമത സര്‍ക്കാര്‍ ആരംഭിച്ച വാദം ആദ്യദിനത്തില്‍ തന്നെ കോടതിയുടെ വിമര്‍ശനത്തിന് വിധേയമായി. നിര്‍ദ്ദിഷ്ട റൂട്ട് എന്തുകൊണ്ട് സാധ്യമല്ലെന്ന് കോടതി ചോദിക്കുകയും ചെയ്തു. അനധികൃത കുടിയേറ്റക്കാരെ നീക്കംചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതാണ് കാരണമെന്ന് കൊല്‍ക്കത്ത മെട്രോ അധികൃതര്‍ കോടതിയെ അറിയിച്ചു. 4000 കോടി രൂപയോളം പ്രതീക്ഷിക്കുന്ന മെട്രോ പദ്ധതിക്ക് പുതിയ റൂട്ട് കണ്ടെത്തി ചെയ്താല്‍ ഏകദേശം 9000 കോടി രൂപ ചെലവ് വരുമെന്നും അവര്‍ അറിയിച്ചു.

2012 ജൂണ്‍ 21ന്, കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍, പശ്ചിമ ബംഗാളിന്റെ അന്നത്തെ ഗതാഗത സെക്രട്ടറി കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് എഴുതിയ കത്തില്‍ ഹൗറ റൂട്ടില്‍ ഭൂമി ഏറ്റെടുക്കലില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഡല്‍ഹൗസി തൊടാതെയുള്ള റൂട്ടാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പോഴേക്കും പദ്ധതി അനുവദിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞിരുന്നു. മെട്രോ നടത്തിപ്പുള്ള കെഎംആര്‍സിഎല്‍ മെട്രോ ഇടനാഴിക്ക് അനുമതി ലഭിച്ച് ഏകദേശം നാല് വര്‍ഷത്തിന് ശേഷം റൂട്ട് മാറ്റുന്നത് മൊത്തത്തില്‍ ചെലവ് അടക്കമുള്ള കാര്യങ്ങളെ ബാധിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. 4,874 കോടി രൂപ ചെലവിലാണ് പദ്ധതിക്ക് ഇന്ത്യാ ഗവണ്‍മെന്റ് അനുമതി നല്‍കിയതെന്നും ഇതില്‍ 2,253 കോടി രൂപ ജപ്പാന്‍ ഇന്റര്‍ നാഷനല്‍ കോര്‍പറേഷന്‍ ഏജന്‍സി അഥവ ജെഐസിഎ ആണ് നല്‍കുന്നതെന്നും കത്തില്‍ പറയുന്നു. കൂടാതെ ജപ്പാന്‍ ഇന്റര്‍ നാഷനല്‍ കോര്‍പറേഷന്‍ ഏജന്‍സി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ (ഡിപിആര്‍) വിലയിരുത്തലിന് ശേഷമാണ് വായ്പ അനുവദിച്ചത്. അത് എന്തുപറഞ്ഞ് തിരുത്തിക്കുമെന്നും അവര്‍ ചോദിച്ചു. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയ്ക്കായി ഏകദേശം 40 കോടി രൂപ ചെലവഴിച്ചു. കൂടാതെ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനായി പുതിയ കെട്ടിടം പണിയാന്‍ 14 കോടി രൂപ നിക്ഷേപിച്ചതായും പറയുന്നു.

ഭൂമി ഏറ്റെടുക്കലിൽ ഒരു പുതിയ മാതൃക സൃഷ്ടിക്കാൻ മമതയ്ക്ക് സാധിച്ചില്ല എന്നിടത്താണ് പദ്ധതി പാളാൻ തുടങ്ങിയത്. അനധികൃത കുടിയേറ്റക്കാർ എന്ന ലേബൽ‌ നൽകി ചേരികളിലെ താമസക്കാരെ ഒഴിപ്പിക്കുക എന്നതായിരുന്നു സർക്കാരിന്റെ പരിപാടി. ഇതിനു പകരം അവരെ പുനരധിവസിപ്പിച്ച് പദ്ധതി നടപ്പാക്കാൻ മമത മുൻകൈയെടുത്തില്ല.

തുടങ്ങി 5ാം വര്‍ഷം മാറ്റിയ മെട്രോ റൂട്ട്

2012ല്‍ തന്നെ ജപ്പാന്‍ ഇന്റര്‍ നാഷനല്‍ കോര്‍പറേഷന്‍ ഏജന്‍സി അഥവ ജെഐസിഎയും ബംഗാള്‍ സര്‍ക്കാരിനോട് നിര്‍ദ്ദിഷ്ട പദ്ധതി തന്നെ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മമതയുടെ പിടിവാശിയില്‍ മാറ്റമുണ്ടായില്ല. സിംഗൂര്‍ ഭൂപ്രശ്‌നത്തില്‍ സൃഷ്ടിക്കപ്പെട്ട പ്രതിഛായ നഷ്ടമാവാതിരിക്കുക എന്നതായിരുന്നു മമതയുടെ അജണ്ടയെന്ന് രാഷ്ട്രീയനിരൂപകരും വിലയിരുത്തുന്നു. ഒടുവില്‍ 2013ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ മമതയുടെ ആവശ്യം അംഗീകരിക്കുകയും പുതിയ റൂട്ട് മെട്രോയ്ക്കായി അനുവദിക്കുകയും ചെയ്തു. മറ്റ് ഏജന്‍സികളും ഇത് അംഗീകരിച്ചു. പുനഃക്രമീകരിച്ച റൂട്ട് സീല്‍ദായില്‍ നിന്ന് ഹൗറ മൈതാനത്തേക്ക് ആയിരുന്നു. ഇതില്‍ ബിബി ഗാംഗുലി സ്ട്രീറ്റ്, സുബോധ് മുള്ളിക് സ്‌ക്വയര്‍, എസ്എന്‍ ബാനര്‍ജി റോഡ്, ഡല്‍ഹൗസി, ബ്രാബോണ്‍ റോഡ് എന്നിവ ഉള്‍പ്പെടുന്നു.

പിടിച്ചതിനേക്കാള്‍ വലിയ വള്ളിയായ പുതിയ പാത

പുതിയ റൂട്ടിന്റെ പണി മുന്നോട്ട് പോകവേ 2019 സപ്തംബറില്‍ സീല്‍ദായിലേക്കുള്ള തുരങ്ക നിര്‍മാണം ജലാശയ നിര്‍മിതിയ്ക്ക് കേട് സംഭവിക്കുന്നതില്‍ എത്തി. അതോടെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. 700 പേരെ ഇവിടെനിന്ന് മാറ്റിപ്പാര്‍പ്പിച്ചു. കെഎംആര്‍സിഎല്‍ 100 കുടുംബങ്ങള്‍ക്കെങ്കിലും നഷ്ടപരിഹാരമായി 5 ലക്ഷം രൂപ വീതം നല്‍കി. പ്രാരംഭ പദ്ധതി റൂട്ട് ആയിരുന്നെങ്കില്‍ 250 കടയുടമകളെ മാത്രമേ പുനരധിവസിപ്പിക്കേണ്ടി വരുമായിരുന്നുള്ളൂ. കെഎംആര്‍സിഎല്‍ പറയുന്നതനുസരിച്ച് പുതിയ പദ്ധതിച്ചെലവ് 8,574 കോടി രൂപയാണ്. പുതിയ പാതയ്ക്ക് അനുമതി ലഭിച്ചതിനുശേഷം പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി കുറഞ്ഞത് ആറുതവണയെങ്കിലും കഴിഞ്ഞുപോയിരുന്നു. 2019ല്‍ പൂര്‍ത്തിയാക്കാനിരുന്ന പദ്ധതി ഒടുവില്‍ രണ്ടുവര്‍ഷം വൈകി 2022ലാണ് പ്രവര്‍ത്തനക്ഷമമായത്. ചുരുക്കത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴാണ് പദ്ധതിയ്ക്ക് വേഗത വന്നത്.

Exit mobile version