ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി പുകച്ചു; മൂന്നുപേർ അറസ്റ്റിൽ
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 4 Sep 2023, 5:50 pm
ആടുകളെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ കാലിത്തൊഴുത്തിൽ കെട്ടിത്തൂക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. അന്വേഷണം തുടരുകയാണെന്ന് പോലീസ്

ഹൈലൈറ്റ്:
- ദളിത് യുവാക്കളെ കാലിത്തൊഴുത്തിൽ തലകീഴായി കെട്ടിത്തൂക്കി.
- തെലങ്കാനയിലെ മഞ്ചിരിയാൽ ആണ് സംഭവം.
- സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ്.
തെലങ്കാനയിലെ മഞ്ചിരിയാൽ ജില്ലയിലെ മന്ദമാരി പട്ടണത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ആടിനെ മേയ്ക്കുന്ന യുവാക്കളായ കിരൺ, തേജ എന്നീ യുവാക്കൾക്കാണ് ക്രൂര പീഡനം ഏൽക്കേണ്ടി വന്നത്. ആടുകളെ മോഷ്ടിച്ചുവെന്നാരോപിച്ച് ഫാം ഉടമയുടെ നേതൃത്വത്തിലാണ് യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. കാണാതായ ആടുകളുടെ പണം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം.
Kerala High Court: ഹൈക്കോടതിയിൽ നാടകീയ രംഗം; കൈഞരമ്പ് മുറിച്ച് കാമുകൻ
യുവാക്കളെ മർദ്ദിച്ച് അവശനാക്കിയ ശേഷം കാലിത്തൊഴുത്തിൽ തലകീഴായി കെട്ടിത്തൂക്കി സമീപത്ത് തീകൊളുത്തി പുകയിടുകയായിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
കിരണിനെ കാണാതായതോടെ ഭാര്യ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കോമുരാജുല രാമുലു, ഭാര്യ സ്വരൂപ, മകൻ ശ്രീനിവാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ എസ്‌സി – എസ്‌ടി പ്രകാരം കേസെടുത്തതായി രാമഗുണ്ടം പോലീസ് കമ്മീഷണർ രമ രാജേശ്വരി പറഞ്ഞു. നിയം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മോഷണം ഉൾപ്പെടെയുള്ള പരാതികളുണ്ടെങ്കിൽ പോലീസ് അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞു.
കിരണിനെ തലകീഴായി കെട്ടിത്തൂക്കിയെന്നും താഴെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു പരാതി. കിരണിനെ ജോലിസ്ഥലത്ത് നിന്ന് പ്രതികൾ കൂട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. കേസെടുത്ത പോലീസ് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കകം അറസ്റ്റ് രേഖപ്പെടുത്തി. മർദ്ദനമേറ്റ തേജ പോലീസിൽ പരാതി നൽകിയിട്ടില്ല.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക