ഭംഗിയുള്ള മുഖം നേടാൻ രാവിലെ ചെയ്യേണ്ട രണ്ട് കാര്യങ്ങൾ

ഭംഗിയുള്ള-മുഖം-നേടാൻ-രാവിലെ-ചെയ്യേണ്ട-രണ്ട്-കാര്യങ്ങൾ
എന്തൊക്കെ പറഞ്ഞാലും മുഖ സൗന്ദര്യം എന്നത് എല്ലാ ആളുകളും ശ്രദ്ധ നൽകുന്ന കാര്യമാണ്. നല്ല മുഖം നേടാനായി ഏതെങ്കിലും ചെറിയ തരത്തിലുള്ള പരിചരണം പോലും ചെയ്യാത്തവർ നമ്മുടെ ഇടയിൽ കുറവായിരിക്കും. ഭംഗിയുള്ള മുഖം നേടാൻ നാം രാവിലെ ചെയ്യുന്ന പല കാര്യങ്ങളും സഹായിക്കും. അടിസ്ഥാന ചർമ്മ സംരക്ഷണത്തിന് പുറമെ, ചില കൂട്ടുകൾ മുഖത്ത് പുരട്ടുന്നത് ചർമ്മ ഭംഗി നേടാൻ ഗുണകരമായ മാർഗ്ഗമാണ്. അത്തരത്തിൽ രാവിലെ ചെയ്യേണ്ട ഒരു രീതിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. രാവിലെ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ രാത്രിയായാലും ഇത് ചെയ്യാൻ അൽപനേരം മാറ്റിവെയ്ക്കുക. കാരണം ചെയ്യാൻ വളരെ എളുപ്പമുള്ളതും മികച്ച ഫലങ്ങൾ നൽകുന്നതുമായ ഒരു മാർഗ്ഗമാണിത്.

രണ്ട് ചേരുവകൾ

രണ്ട് ചേരുവകൾ

ഈ സൗന്ദര്യ സംരക്ഷണ രീതി പിന്തുടരാൻ വിലയേറിയ സൗന്ദര്യ വർധക ഉത്പന്നങ്ങളുടെയൊന്നും ആവശ്യമില്ല. നമ്മുടെയൊക്കെ വീടുകളിലുള്ള വെറും രണ്ട് ചേരുവകൾ മാത്രം മതി. ആരോഗ്യ – സൗന്ദര്യ സംരക്ഷണത്തിനായി മിക്ക ആളുകളും പതിവായി ഉപയോഗിക്കാറുള്ള കറ്റാർ വാഴ (aloe vera) യും, പിന്നെ നമ്മുടെ ഇഷ്ട ഭക്ഷണ വിഭവങ്ങൾക്ക് രുചിയും മണവും നൽകുന്ന ഉലുവയും. എന്നാൽ ഇവ രണ്ടും കൂടെ ഉപയോഗിക്കുന്നതിന് പ്രത്യേക രീതിയുണ്ട്. പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായാണ് ഈ രണ്ട് ചേരുവകളും ഉപയോഗിക്കേണ്ടത്.

കറ്റാർ വാഴ

ആന്റി ഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ കറ്റാർ വാഴ ആരോഗ്യത്തിന് പല ഗുണങ്ങളും നൽകുന്നുണ്ട്. മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമെല്ലാം സഹായിക്കുന്ന കറ്റാർവാഴ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും (detox) ഗുണകരമാണ്. ഇത് കൂടാതെ മുടിയുടെയും ചർമ്മത്തിന്റെയും സംരക്ഷണത്തിനും കറ്റാർവാഴ ഉപയോഗിക്കുന്നത് മികച്ചതാണെന്ന് നിസംശയം പറയാം. കറ്റാർ വാഴ പതിവായി പുരട്ടുന്നത് ചർമ്മത്തിൽ വരകളും ചുളിവുകളും പ്രത്യക്ഷപ്പെടുന്നത് കുറയ്ക്കാനും ഏറെ നല്ലതാണ്.

മുഖക്കുരു തടയണമെങ്കിൽ വേണം ഈ കാര്യങ്ങളിൽ ശ്രദ്ധ

മുഖക്കുരു തടയണമെങ്കിൽ വേണം ഈ കാര്യങ്ങളിൽ ശ്രദ്ധ

ഉലുവ

താരനും മുടികൊഴിച്ചിലും അകറ്റാൻ ഉലുവ ഉപയോഗിക്കുന്നതിനെ കുറിച്ച് നമുക്കറിയാം. എന്നാൽ ഉലുവ ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കാറുണ്ടോ എന്ന് പലരും ആശ്ചര്യപ്പെട്ടേക്കാം. ഉലുവയിലും ആന്റി ഓക്‌സിഡന്റുകൾ ധാരാളമുണ്ട്. ഇത് ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിലെ മൃത കോശങ്ങൾ ഇല്ലാതാകുകയും ചർമ്മത്തിന് സ്വാഭാവിക തിളക്കവും മൃദുലതയുമൊക്കെ കൈവരികയും ചെയ്യുന്നുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുയും ചെയ്യും.

എങ്ങനെ ഉപയോഗിക്കണം?

കറ്റാർ വാഴയും ഉലുവയും മുഖത്ത് ഒരു പ്രത്യേക രീതിയിലാണ് പുരട്ടേണ്ടത്. ആദ്യം ഉലുവ വെള്ളം തയ്യാറാക്കണം. അതിനായി കുറച്ച് ഉലുവ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ശുദ്ധമായ വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കുതിർത്ത് വെയ്ക്കുക. രാവിലെ ഇത് അരിച്ച് ഉലുവ വെള്ളം മാത്രമായി എടുക്കുക. ഇനി മുഖം നന്നായി കഴുകിയ ശേഷം കറ്റാർ വാഴ ജെൽ എടുത്ത് മുഖത്ത് പുരട്ടി നന്നായി മസ്സാജ് ചെയ്യുക. വീട്ടിൽ കറ്റാർ വാഴ ഇല്ലെങ്കിൽ ശുദ്ധമായ കറ്റാർ വാഴ വാങ്ങാൻ കിട്ടും. നല്ലത് നോക്കി വാങ്ങുക. ഈ ജെൽ ഉപയോഗിച്ച് മസ്സാജ് ചെയ്ത് അത് ഉണങ്ങാൻ വിടുക. ഇനി നേരത്തെ എടുത്ത് വെച്ചിരിക്കുന്ന ഉലുവ വെള്ളത്തിൽ ഒരു പഞ്ഞി മുക്കി മുഖത്തും കഴുത്തിലുമൊക്കെ പുരട്ടി കൊടുക്കുക. ഇതും ഉണങ്ങാൻ അനുവദിക്കുക.

കഴുകാൻ

കറ്റാർ വാഴയും അതിന് ശേഷം ഉലുവ വെള്ളവും മുഖത്ത് പുരട്ടിയ ശേഷം കഴുകിയില്ലെങ്കിലും പ്രശ്നമൊന്നുമില്ല. ഇനി നിങ്ങൾക്ക് ഇത് കഴുകി കളയണമെന്നാണെങ്കിൽ പുരട്ടി ഏകദേശം അര മണിക്കൂറിന് ശേഷം ശുദ്ധമായ വെള്ളത്തിൽ മുഖം കഴുകാം. അപ്പോൾ ഫേസ് വാഷ് ഒന്നും ഉപയോഗിക്കേണ്ടതില്ല. ഇവ പുരട്ടുന്നതിന് മുമ്പ് മുഖ ചർമ്മം ഒരു ഫേസ് വാഷ് ഉപയോഗിച്ച് കഴുകി, കറ്റാർ വാഴ – ഉലുവ ഉപയോഗ ശേഷം വീണ്ടും ഫേസ് വാഷ് ഉപയോഗിച്ച് കഴുകുന്നത് ചർമ്മത്തിന് ഗുണത്തേക്കാളുപരി ദോഷം ചെയ്യും. അതിനാൽ സാധാരണ വെള്ളത്തിൽ കഴുകിയാൽ മതി.

ഗുണങ്ങൾ

കറ്റാർ വാഴയും ഉലുവയും രണ്ട് പ്രകൃതിദത്ത ചേരുവകളാണ്. ഇവ ചർമ്മത്തിന് യാതൊരു ദോഷവും വരുത്തുന്നവയല്ല. എന്നിരുന്നാലും ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് ഉചിതമായിരിക്കും. ഇത് പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിന് ദിവസം മുഴുവൻ ഫ്രഷ്‌നെസ്സ് നൽകാൻ സഹായിക്കും. ഏത് തരം ചർമ്മത്തിലെ ഉപയോഗിക്കാവുന്ന ഒരു മാർഗ്ഗമാണിത്. ചർമ്മത്തിന് ദിവസം മുഴുവൻ ഉന്മേഷം തോന്നാൻ ഈ രീതി പ്രയോഗിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം രാവിലെ തന്നെയാണ്. എന്നിരുന്നാലും രാവിലെ സമയമില്ലെങ്കിൽ രാത്രിയായെങ്കിലും ചെയ്യാവുന്നതാണ്. രാത്രി ചെയ്യുന്നവരാണെങ്കിൽ ഉലുവ കുറഞ്ഞത് 8 മണിക്കൂറെങ്കിലും കുതിർത്ത വെള്ളം ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കുക.

അനിറ്റ് നെ കുറിച്ച്

അനിറ്റ് സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

മാധ്യമപ്രവർത്തന രംഗത്ത് ഒൻപത് വർഷത്തിലേറെ പ്രവർത്തന പരിചയം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ മികച്ച രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള പരിജ്ഞാനം. വാർത്താ അവതാരകയായി തുടക്കം. ഡിജിറ്റൽ മേഖലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് അവ പൂർണ്ണമായും പ്രയോജനപ്പെടുത്താനായി കരിയറിലെ ചുവടുമാറ്റം. ജീവിത യാഥാർഥ്യങ്ങളും അനുഭവങ്ങളും കോർത്തിണക്കിയുള്ള എഴുത്തുകളോട് പ്രിയം. വൈകാരിക തലത്തിൽ വായനക്കാരോട് സംവദിക്കുന്ന തരത്തിലുള്ള രീതിയിൽ സ്ത്രീകളടക്കമുള്ള സാധാരണക്കാരുടെ ശബ്ദമാകാൻ ഊർജ്ജം നൽകുന്ന എഴുത്ത്. എഴുത്തിന് പ്രചോദനമാകുന്ന യാത്രകൾ, ഇതിലൂടെ ലഭിക്കുന്ന അനുഭവങ്ങൾ. എഴുത്തും യാത്രകളും മാറ്റി നിർത്തിയാൽ സിനിമകളോട് ഏറെ ഇഷ്ടം.Read More

Exit mobile version