തുടര്‍ച്ചയായ രണ്ടാം വാരത്തിലും നേട്ടം കാഴ്ച്ചവെച്ച് നിഫ്റ്റി

തുടര്‍ച്ചയായ-രണ്ടാം-വാരത്തിലും-നേട്ടം-കാഴ്ച്ചവെച്ച്-നിഫ്റ്റി

ആഭ്യന്തര ഫണ്ടുകള്‍ ബ്ലൂചിപ്പ് ഓഹരികളില്‍ പിടിമുറുക്കിയത് ഓഹരി ഇന്‍ഡക്‌സുകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം വാരവും മികവിന് അവസരം ഒരുക്കി. നിഫ്റ്റി സൂചിക സര്‍വകാല റെക്കോര്‍ഡ് ബുള്‍ റാലിയില്‍ പുതുക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. പിന്നിട്ടവാരം നിഫ്റ്റി 385 പോയിന്റ്റ് മുന്നേറി. ബോംബെ സെന്‍സെക്‌സ് 1228 പോയിന്റ്റ് പ്രതിവാര മികവിലാണ്.

       തുടര്‍ച്ചയായ രണ്ടാം വാരത്തിലും നേട്ടം കാഴ്ച്ചവെച്ച നിഫ്റ്റി ബുള്ളിഷ് മനോഭാവത്തില്‍ 19,435 ല്‍ നിന്നും 19,800 പോയിന്റ്റിലെ പ്രതിരോധം മറികടന്നത് ഓപ്പറേറ്റര്‍മാരെ പുതിയ ബാധ്യതകള്‍ക്ക് പ്രേരിപ്പിച്ചു. വിപണിയുടെ സാങ്കേതിക ചലനങ്ങള്‍ വിലയിരുത്തിയാല്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും മുന്നേ നിഫ്റ്റി 20,200 – 20,580 നെ ലക്ഷ്യമാക്കാം. പോയവാര സൂചിക രണ്ട് ശതമാനം ഉയര്‍ന്നു.
   
 വിദേശ ഫണ്ടുകള്‍ വില്‍പ്പനയ്ക്ക് തന്നെയാണ് മുന്‍ തൂക്കം നല്‍ക്കുന്നത്. അവര്‍ മുന്‍നിര ഓഹരികളില്‍ കനത്ത വില്‍പ്പന നടത്തി, മൊത്തം 9322 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ നാല് ദിവസങ്ങളിലായി 4819 കോടി രൂപ നിക്ഷേപിച്ചു. ഒരു ദിവസം അവര്‍ 247 കോടി രൂപയുടെ വില്‍പ്പനയും നടത്തി.
 
     എല്‍ ആന്റ് ഓഹരി വില 7.43 ശതമാനം ഉയര്‍ന്നു. എച്ച് സി എല്‍ ടെക് ആറ് ശതമാനം ഉയര്‍ന്നു. ഇന്‍ഫോസീസ്, വിപ്രോ, റ്റി സി എസ്, എസ് ബി ഐ, ഇന്‍ഡസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ആര്‍ ഐ എല്‍, ടാറ്റാ മോട്ടേഴ്‌സ്, മാരുതി, സണ്‍ ഫാര്‍മ്മ, എല്‍ ആന്റ് റ്റി തുടങ്ങിയവയിലും നിക്ഷേപകര്‍  താല്‍പര്യം കാണിച്ചു.
   
  നിഫ്റ്റി സൂചിക 19,435 പോയിന്റ്റില്‍ നിന്നുള്ള മുന്നേറ്റത്തില്‍ പ്രതിരോധങ്ങള്‍ ഓരോന്നും  തകര്‍ത്തതോടെ വിപണിയില്‍ നിന്നും വിട്ടുനിന്നിരുന്ന പ്രദേശിക നിക്ഷേപകര്‍ പുതിയ വാങ്ങലുകള്‍ക്ക് താല്‍പര്യം കാണിച്ചു. ഇതോടെ നിഫ്റ്റി 19,842 ലെ നിര്‍ണായക തടസം ഭേദിച്ച് ഒരവസരത്തില്‍ 19,867 പോയിന്റ് വരെ കയറിയ ശേഷം ക്ലോസിങില്‍ 19,819 പോയിന്റ്റിലാണ്. വാരമദ്ധ്യത്തിന് മുന്നേ 19,981 പ്രതിരോധം കടന്നാല്‍ 19,991 ലെ റെക്കോര്‍ഡ് തകര്‍ത്ത് സൂചിക 20,143 വരെ സഞ്ചരിക്കാം. പ്രതികൂല വാര്‍ത്തകള്‍ വിപണിയെ സ്വാധീനിച്ചാല്‍ 19,540 ല്‍ ആദ്യ താങ്ങുണ്ട്.
   
 സെന്‍സെക്‌സ് കഴിഞ്ഞ വാരത്തിലെ 65,387 പോയിന്റ്റില്‍ നിന്നും ഓപ്പണിങ് വേളയില്‍ 65,284 പോയിന്റ്റിലേയ്ക്ക് താഴ്ന്ന ഘട്ടത്തിലാണ് ആഭ്യന്തര ഫണ്ടുകള്‍ വാങ്ങലുകാരായത്. ഇതോടെ കരുത്ത് നേടിയ സെന്‍സെക്‌സ് 66,766 പോയിന്റ് വരെ നീങ്ങിയെങ്കിലും മാര്‍ക്കറ്റ് ക്ലോസിങില്‍ 66,615 ലാണ്.
 
  വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ രൂപയ്ക്ക് മൂല്യ തകര്‍ച്ച. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ബാങ്ക് കോടികള്‍ വാരി എറിഞ്ഞു. രൂപയുടെ മൂല്യം 83.71 ല്‍ നിന്നും 83.21 ലേയ്ക്ക് ദുര്‍ബലമായ അവസരത്തിലാണ് ആര്‍ ബി ഐ ഡോളര്‍ വില്‍പ്പനയ്ക്ക് നീക്കം നടത്തിയത്. റിസര്‍വ് ബാങ്ക് ഇടപെടലില്‍ വിനിമയ മൂല്യം വാരാന്ത്യം 82.94 ലേയ്ക്ക് മെച്ചപ്പെട്ടു. എന്നാല്‍ തൊട്ട് മുന്‍വാരത്തെ അപേക്ഷിച്ച് 23 പൈസ നഷ്ടത്തിലാണ്.
 
   സാര്‍വദേശീയ വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചു. എണ്ണ ഉല്‍പാദനം കുറക്കാന്‍  റഷ്യയും സൗദിയും തിരുമാനിച്ചതോടെ ക്രൂഡ് ഓയില്‍ വില രണ്ട് മാസത്തിനിടയില്‍ 25 ശതമാനം ഉയര്‍ന്ന് ബാരലിന് 90 ഡോളറിലെത്തി. വിപണിയുടെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ 98 ഡോളര്‍ വരെ ക്രൂഡ് വില മുന്നേറാം.
 
  ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ഔണ്‍സിന് 1939 ഡോളറില്‍ നിന്നും 1954 വരെ ഉയര്‍ന്ന ശേഷം 1918 ലേയ്ക്ക് ഇടിഞ്ഞു. ചൈനീസ് കേന്ദ്ര ബാങ്ക് കരുതല്‍ ശേഖരം ഉയര്‍ത്തിയ വിവരമാണ് തുടക്കത്തില്‍ മഞ്ഞലോഹ വില ഉയര്‍ത്തിയത്. എന്നാല്‍ ഉയര്‍ന്ന തലത്തില്‍ പുതിയ ബയ്യര്‍മാരുടെ അഭാവം വാരാന്ത്യം സ്വര്‍ണത്തെ തളര്‍ത്തി. 29 ടണ്‍ സ്വര്‍ണമാണ് ചൈനീസ് കേന്ദ്ര ബാങ്ക് കഴിഞ്ഞ മാസം സംഭരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version