ഗതാഗത നിയമലംഘനം: ട്രാഫിക് പിഴകൾ പരിഷ്‌കരിക്കാൻ കുവൈത്ത്

ഗതാഗത-നിയമലംഘനം:-ട്രാഫിക്-പിഴകൾ-പരിഷ്‌കരിക്കാൻ-കുവൈത്ത്

കുവൈത്ത് സിറ്റി > കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ വർദ്ധിപ്പിക്കുന്ന നിർദ്ദേശത്തിന് പാർലമെന്റിന്റെ ആഭ്യന്തര-പ്രതിരോധകാര്യ സമിതിയോഗം അംഗീകാരം നൽകി. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ട്രാഫിക് പിഴകൾ പരിഷ്‌കരിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചത്.

ചുവപ്പ് സിഗ്നൽ മറികടക്കൽ, അമിത വേഗത, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കൽ, മത്സരയോട്ടം മുതലായ ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾക്കാണ് പിഴ സംഖ്യ ഗണ്യമായി ഉയർത്താൻ നിർദ്ദേശമുള്ളത്. വാഹന ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ വാഹനമോടിക്കുക, അവ്യക്തമായ നമ്പർ പ്ലേറ്റ് ഉപയോഗിക്കുക, കാലാവധി കഴിഞ്ഞ വാഹനപെർമിറ്റ് ഉപയോഗിച്ച് വാഹമോടിക്കൽ, നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യൽ, എതിർ ദിശയിൽ വാഹനമോടിക്കൽ, ഹൈവേകളിലും, റിങ് റോഡുകളിലും അനുവദിക്കപ്പെട്ട ഏറ്റവും കുറഞ്ഞ വേഗതയിലും താഴെ വാഹനമോടിക്കുക, നിരോധിത സമയത്ത് വാഹനമോടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗം എന്നീ കുറ്റങ്ങൾക്ക് ഒരു മാസം തടവോ, നൂറു ദിനാറിൽ കൂടാത്ത പിഴയോ ചുമത്താനും ആഭ്യന്തര-പ്രതിരോധ കാര്യ സമിതി അംഗീകരിച്ച നിർദ്ദേശത്തിലുണ്ട്.

വാഹനാപകടങ്ങൾ കുറയ്ക്കുക, റോഡ് അപകടത്തിൽ നിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുക എന്നിവയാണ്‌ പുതിയ നിയമ നിർമ്മാണം വഴി ലക്ഷ്യമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version