പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ; ഏഷ്യന്‍ ഓഹരി സൂചികകളില്‍ വിള്ളലുളവാക്കാം

പശ്ചിമേഷ്യന്‍-സംഘര്‍ഷാവസ്ഥ;-ഏഷ്യന്‍-ഓഹരി-സൂചികകളില്‍-വിള്ളലുളവാക്കാം

പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ ഏഷ്യന്‍ ഓഹരി സൂചികകളില്‍ വീണ്ടും വിള്ളലുളവാക്കാം. ഇന്ത്യന്‍ ഇന്‍ഡക്‌സുകള്‍ പ്രതിവാര നേട്ടത്തിലാണെങ്കിലും സാങ്കേതികമായി വിപണി സെല്ലിങ് മൂഡില്‍ നീങ്ങുന്നത് വീണ്ടും തിരുത്തല്‍ സാധ്യതകള്‍ക്ക് ശക്തിപകരാം. നിഫ്റ്റി സൂചിക 15 പോയിന്റ്റും സെന്‍സെക്‌സ് 165 പോയിന്റ്റും കഴിഞ്ഞവാരം ഉയര്‍ന്നു. രണ്ടാഴ്ച്ചകളിലെ തുടര്‍ച്ചയായ തിരിച്ചടിക്ക് ശേഷമാണ് സൂചിക നേരിയ നേട്ടം സ്വന്തമാക്കിയത്.

യു എസ്, യുറോപ്യന്‍ മാര്‍ക്കറ്റുകള്‍ മികവിലാണെങ്കിലും തിങ്കളാഴ്ച്ച ഏഷ്യന്‍ വിപണികള്‍ അല്‍പ്പം സമ്മര്‍ദ്ദത്തില്‍ ഇടപാടുകള്‍ പുനരാരംഭിക്കാന്‍ സാധ്യത. ഇസ്രയേല്‍പാലസ്തീന്‍ സംഘര്‍ഷാവസ്ഥ യുദ്ധത്തിലേയ്ക്ക് നീങ്ങിയത് സാന്പത്തിക മേഖലയില്‍ വന്‍ ആഘാതമുളവാക്കും. സെന്‍സെക്‌സ് 65,828 പോയിന്റ്റില്‍ നിന്നും 64,893 ലേയ്ക്ക് ഇടിഞ്ഞ അവസരത്തില്‍ മുന്‍ നിര ഓഹരികളില്‍ അലയടിച്ച വാങ്ങല്‍ താല്‍പര്യം വിപണിയുടെ തിരിച്ചു വരവിന് അവസരം ഒരുക്കി, വ്യാപാരാന്ത്യം സൂചിക 65,995 പോയിന്റ്റിലാണ്. ഈ വാരം 65,230 ല്‍ താങ്ങ് ലഭിച്ചാല്‍ 66,430 ലേയ്ക്ക് മുന്നേറാന്‍ ശ്രമം നടത്തും. അതേ സമയം പ്രതികൂല വാര്‍ത്തുകള്‍ വിദേശ ഫണ്ടുകളെ വീണ്ടും വില്‍പ്പനയ്ക്ക് പ്രേരിപ്പിച്ചാല്‍ വിപണി 64,460 ലേയ്ക്ക് പരീക്ഷണങ്ങള്‍ തുടരാം.

നിഫ്റ്റി 16,638 പോയിന്റ്റില്‍ നിന്നും ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം മൂലം ഒരവസരത്തില്‍ 19,380 ലെ താങ്ങ് ഭേദിച്ച് 19,333 ലേയ്ക്ക് ഇടിഞ്ഞു. ഇതിനിടയില്‍ വിപണി സാങ്കേതികമായി ഓവര്‍ ബ്രോട്ടായതും ഇതേ അവസരത്തില്‍ ഇന്ത്യാ വോളാറ്റിലിറ്റി സൂചിക 10.33 ലേയ്ക്ക് താഴ്ന്നതും ബുള്‍ ഇടപാടുകാര്‍ അവസരമാക്കി. നിഫ്റ്റി താഴ്ന്ന നിലവാരത്തില്‍ നിന്നും 19,675 ലേയ്ക്ക് വെളളിയാഴ്ച്ച മുന്നേറിയെങ്കിലും മാര്‍ക്കറ്റ് ക്ലോസിങില്‍ 19,653 ലാണ്.

ബി എസ് ഇ റിയാലിറ്റി സൂചിക രണ്ട് ശതമാനം ഉയര്‍ന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ക്യാപിറ്റല്‍ ഗുഡ്‌സ് സൂചികയും മികവിലാണ്. പവര്‍ ഇന്‍ഡക്‌സ് രണ്ടര ശതമാനം ഇടിഞ്ഞു. മെറ്റല്‍, സൂചിക 2.3 ശതമാനവും ടെലികോം സൂചിക രണ്ട് ശതമാനവും താഴ്ന്നു. ഫണ്ടുകളുടെ ലാഭമെടുപ്പും വില്‍പ്പന സമ്മര്‍ദ്ദവും ആര്‍ ഐ എല്‍, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടേഴ്‌സ്, സണ്‍ ഫാര്‍മ്മ, മാരുതി, ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ, ആക്‌സിസ് ബാങ്ക് ഓഹരി വിലകളെ തളര്‍ത്തി. മുന്‍ നിര ഓഹരികളായ വിപ്രോ, ഇന്‍ഫോസീസ്, ടെക് മഹീന്ദ്ര, റ്റി സി എസ്, എച്ച് സി എല്‍ ടെക്, എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഡസ് ബാങ്ക്, എച്ച് യു എല്‍ തുടങ്ങിയവയില്‍ നിക്ഷേപകര്‍ താല്‍പര്യം കാണിച്ചു.

യു എസ് ഡോളര്‍ സൂചിക 99 ല്‍ നിന്നും 107.5 ലേയ്ക്ക് ഉയര്‍ന്നത് വിനിമയ വിപണികളില്‍ രൂപയില്‍ സമ്മര്‍ദ്ദമുളവാക്കി. രൂപയുടെ മൂല്യം പോയവാരം 83.01 ല്‍ നിന്നും 83.24 ലേയ്ക്ക് ദുര്‍ബലമായി. രാജ്യത്തിന്റ വിദേശ നാണയ കരുതല്‍ ശേഖരം നാലാം വാരവും ഇടിഞ്ഞു. സെപ്റ്റംബര്‍ 29 ന് അവസാനിച്ച വാരം കരുതല്‍ ധനം 3.7 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 586.9 ബില്യണ്‍ ഡോളറായി. വിദേശ ഫണ്ടുകള്‍ പിന്നിട്ടവാരം 8412 കോടി രൂപയുടെ വില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര ഫണ്ടുകള്‍ 4434 കോടി രൂപ നിക്ഷേപിച്ചു. ഇതില്‍ 1304 കോടി രൂപ അവസാന രണ്ട് ദിവസങ്ങളിലാണ് ഇറക്കിയത്.

ക്രൂഡ് ഓയില്‍ വില ബാരലിന് 82.79 ഡോളറായി താഴ്ന്നു, സെപ്റ്റംബര്‍ അവസാനം എണ്ണ 95 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ എണ്ണ വിലയെ സ്വാധീനിക്കാം. ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1848 ഡോളറില്‍ നിന്നും 1811 ലേയ്ക്ക് ഇടിഞ്ഞങ്കിലും ക്ലോസിങില്‍ 1832 ഡോളറിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version