മനാമ > ബഹ്‌റൈൻ പ്രതിഭ കോടിയേരി അനുസ്മരണവും ആനത്തലവട്ടം ആനന്ദൻ അനുശോചന യോഗവും സംഘടിപ്പിച്ചു. ബാംഗ് സാങ് തായ് റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിക്കപ്പെട്ട അനുസ്മരണ- അനുശോചന യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു ഉദ്‌ഘാടനം ചെയ്തു.
നാടിൻറെ വികസനത്തിന് വ്യക്തമായ കാഴ്ചപ്പാടോടു കൂടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അസാധാരണമായ കാഴ്ചയുള്ള നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്ന് പി കെ ബിജു അനുസ്മരിച്ചു. വിദ്യാർത്ഥികളും ചെറുപ്പക്കാരുമായ നിരവധി പേരെ രാഷ്ട്രീയ രംഗത്തേക്കെത്തിക്കുന്നതിനും അവരിലെ നേതൃശേഷി കണ്ടെത്തി ഉയർത്തികൊണ്ടുവരുന്നതിനും വലിയ ശ്രദ്ധ പതിപ്പിച്ച ഒരു രാഷ്ട്രീയ നേതാവ് കൂടെയായിരുന്നു അദ്ദേഹം എന്നും പികെ ബിജു കൂട്ടിച്ചേർത്തു.
പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അദ്ധ്യക്ഷനായി. പ്രതിഭ മുഖ്യരക്ഷാധികാരി ചുമതല വഹിക്കുന്ന ഷെരീഫ് കോഴിക്കോടും രക്ഷാധികാരി സമിതി അംഗം ഷീബ രാജീവനും അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രതിഭ അംഗങ്ങളും സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..