യുഎഇ തൊഴിൽ, താമസ ടൂറിസ്റ്റ് വിസ നിയമങ്ങൾ; ബോധവൽക്കരണ ക്യാമ്പയിന് തുടക്കം

യുഎഇ-തൊഴിൽ,-താമസ-ടൂറിസ്റ്റ്-വിസ-നിയമങ്ങൾ;-ബോധവൽക്കരണ-ക്യാമ്പയിന്-തുടക്കം

ദുബായ് >  യുഎഇയിലെ തൊഴിൽ, താമസ ടൂറിസ്റ്റ് വിസ നിയമങ്ങൾ സംബന്ധിച്ചു പൊതുജനങ്ങൾക്കിടയിൽ കൂടുതൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ ക്യാമ്പെയിന് തുടക്കം കുറിച്ചു. മൂന്ന് മാസം നീണ്ട് നിൽക്കുന്ന ക്യാമ്പയിൻ ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റ്‌സ് മന്ത്രാലയവും, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയുമായി സഹകരിച്ചാണ് നടത്തുന്നത്.  

തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളെയും രാജ്യം വാഗ്ദാനം ചെയ്യുന്ന വിവിധ വിസകളെയും  പൊതുജനങ്ങളെ പരിചയപ്പെടുത്തുക, തൊഴിൽ മേഖലയിലെ മത്സരക്ഷമത നിയന്ത്രിക്കുക, നിയമം അനുസരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

ടൂറിസ്റ്റ് വിസകൾ, തൊഴിൽ വിസകൾ, തൊഴിലന്വേഷകരുടെ വിസകൾ, തൊഴിൽ അവസാനിപ്പിക്കൽ, നിയമപരമായ റസിഡൻസി കാലാവധി കഴിഞ്ഞതിന് ശേഷമുള്ള അനധികൃത താമസങ്ങൾ, എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ അൽ ഖൈലി അറിയിച്ചു. എൻട്രി വിസയുടെ കാലാവധി അവസാനിക്കുന്നതും രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ സംബന്ധിച്ചും ബോധവൽക്കരണം നടത്തും.

ക്യാമ്പയിൻ, നിയമങ്ങൾ പാലിക്കാൻ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുമെന്നും ഇതിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും ഹ്യൂമൻ റിസോഴ്‌സ് അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഖലീൽ അൽ ഖൂരി പറഞ്ഞു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും റേഡിയോ, ടെലിവിഷൻ ചാനലുകളിലും പത്രങ്ങളിലും അറബി, ഇംഗ്ലീഷ്, ഉറുദു, സ്വാഹിലി എന്നീ നാല് ഭാഷകളിലുമാണ് ക്യാമ്പയിൻ നടക്കുക. കൂടാതെ വിവിധ സർക്കാർ സ്ഥാപനങ്ങളും രാജ്യത്തുടനീളമുള്ള ഫ്രീ സോണുകളും മാധ്യമ സ്ഥാപനങ്ങളും ക്യാമ്പയിനിൽ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version