രശ്മികയ്ക്ക് പിന്നാലെ ആലിയയുടെയും ഡീപ്ഫേക്ക്; എങ്ങനെ തടയാം? എടുക്കേണ്ട മുൻകരുതലുകളെന്ത്?

രശ്മികയ്ക്ക്-പിന്നാലെ-ആലിയയുടെയും-ഡീപ്ഫേക്ക്;-എങ്ങനെ-തടയാം?-എടുക്കേണ്ട-മുൻകരുതലുകളെന്ത്?

രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചത് ഞെട്ടലോടെയാണ് ഇന്റർനെറ്റ് ലോകം കണ്ടത്. ഇതിനു പിന്നാലെ കത്രീന കൈഫിന്റെ അടക്കം നിരവധി ‘എഐ ജനറേറ്റഡ്’ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് കേന്ദ്രം, ഇത്തരം വ്യജ വീഡിയോകൾ പ്രചരിക്കുന്നതിനെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ  വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നേരിടേണ്ടി വരാവുന്ന നിയമ നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. 

ഇപ്പോഴിതാ, ബോളിവുഡ് താരം ആലിയാ ഭട്ടിന്റെ ഡീപ്ഫേക്ക് വീഡിയോയും ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. ഡീപ്ഫേക്കുകളിൽ നിന്ന് ഡാറ്റ സംരക്ഷിക്കാനും, ഡീപ്ഫേക്കുകളെ തിരിച്ചറിയാനും എന്താണ് ചെയ്യേണ്ടത്? ഇതാ അതിനുള്ള ചില വഴികൾ പരിചയപ്പെടുത്തുകയാണ് വിദഗ്ധർ. 

ഈ വീഡിയോകൾ എല്ലാം ചൂണ്ടിക്കാണിക്കുന്നത്, ഡീപ്ഫേക്കുകൾ ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളാണ്. ഡീപ്ഫേക്ക് നിർമ്മിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിന്റെ പ്രരംഭഘട്ടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വരും നാളുകളിലെ മികവുറ്റ മാറ്റങ്ങൾ ഇനി എത്രത്തോളം ഭീഷണി സൃഷ്ടിക്കുമെന്ന് കണ്ടറിയണം. “ഡീപ്ഫേക്ക് വീഡിയോകൾ കാണുമ്പോഴേ മനസിലാകുമല്ലോ, പിന്നെന്തിനാ ഇത്ര പരിഭ്രന്തി?” എന്നു പലരും ചിന്തിച്ചേക്കാം. എന്നാൽ എഐ-യും ഡീപ്ഫേക്കും ഒന്നും അറിയാത്ത നിരവധി ജനങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ എന്നത് മറക്കരുത്.

എഐ കടന്നു കയറ്റം സ്വകാര്യതയിലും സുരക്ഷയിലും ഉണ്ടാക്കുന്ന ഭീഷണി മറികടക്കാൻ നമുക്ക് സ്വീകരിക്കാവുന്ന ചില മുൻകരുതലുകൾ ഇതാ 

നിങ്ങൾ ഓൺലൈനിൽ എന്താണ് പങ്കിടുന്നതെന്ന് പരിശോധിക്കുക: സ്വയം സുരക്ഷിതമായിരിക്കാൻ, സോഷ്യൽ മീഡിയയിലോ മറ്റ് പൊതു പ്ലാറ്റ്‌ഫോമുകളിലോ നിങ്ങൾ പങ്കിടുന്ന വ്യക്തിഗത വീഡിയോകളും ചിത്രങ്ങളും പരിമിതപ്പെടുത്താൻ ശ്രമിക്കുക. ചിത്രങ്ങളും, വീഡിയോകളും പങ്കിടേണ്ട അവസരങ്ങളിൽ, മീഡിയയെ സ്വകാര്യമായി നിലനിർത്താൻ ഏറ്റവും ഉയർന്ന ‘പ്രൈവസി സെറ്റിങ്സു’കൾ ഉപയോഗിക്കുക.

ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക: ഏറ്റവും അടിസ്ഥാനവും ആളുകൾ ശ്രദ്ധനൽകാത്തതുമായ കാര്യമാണ് പാസ്‌വേഡുകൾ. മറന്നു പേകുന്നതുകൊണ്ട് പലരും ഏറ്റവും എളുപ്പവും പേരിനോടും ഫോൺനമ്പരിനോടും സാമ്യമുള്ളതുമായ പാസ്‌വേഡുകളാണ് പൊതുവേ തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇത് എളുപ്പത്തിൽ പാസ്‌വേഡ് കണ്ടെത്താനും, നിങ്ങളുടെ വിവരങ്ങൾ കൈക്കലാക്കാനും കാരണമാകുന്നു. അതുകൊണ്ടുതന്നെ  അക്കങ്ങളും, അക്ഷരങ്ങളും ചിഹ്നങ്ങളും ഉൾക്കൊള്ളുന്ന പാസ്‌വേഡുകൾ ഉപയോഗിക്കുക. കൂടാതെ ഇടയ്ക്കിടെ പാസ്‌വേഡുകൾ മാറ്റാനും ശ്രമിക്കുക.

ഡിജിറ്റൽ ഫിംഗർപ്രിന്റുകളോ വാട്ടർമാർക്കുകളോ ഉപയോഗിക്കുക:  ചിത്രങ്ങളുടെയും വീഡിയോകളുടെയും കാര്യത്തിൽ, ഡിജിറ്റൽ ഫിംഗർപ്രിന്റുകളോ വാട്ടർമാർക്കുകളോ ഉപയോഗിക്കുന്നത് നിങ്ങളുടെ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള മികച്ച മാർഗമാണ്. ഇതിലൂടെ സിന്തറ്റിക് ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ മറ്റൊരാൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

മെറ്റാഡാറ്റ മാനേജ്മെന്റ്: നിങ്ങളുടെ കണ്ടന്റ് സുരക്ഷിതമാക്കുന്നതിനു സ്വീകരിക്കാവുന്ന മറ്റൊരു മികച്ച മാർഗമാണ് മെറ്റാഡാറ്റ. സൃഷ്ടിച്ച തീയതി, സ്ഥാനം, പകർപ്പവകാശ ഉടമസ്ഥാവകാശ വിശദാംശങ്ങൾ എന്നിവ പോലുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഉടമസ്ഥാവകാശം തെളിയിക്കുന്നതിൽ ഈ വിശദാംശങ്ങൾ സഹായകമായേക്കാം.

ബോധവൽക്കരണവും വിദ്യാഭ്യാസവും:  ഡീപ്ഫേക്കുകളുടെ വിപത്തിനെതിരായ പോരാട്ടത്തിലേക്കുള്ള ആദ്യപടി ചുറ്റുമുള്ളവരെ ബോധവൽക്കരിക്കുക എന്നതാണ്. ഇത് എങ്ങനെ നിർമ്മിക്കപ്പെടുന്നുവെന്നും ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുക.

ഓൺലൈൻ അക്കൗണ്ടുകൾ സുരക്ഷിതമായി സൂക്ഷിക്കുക:  നിങ്ങളുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ടു-ഫാക്ടർ ഒതന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഏതെങ്കിലും തരത്തിലുള്ള അനധികൃത ലോഗിനിൽ നിന്നും നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണെന്ന് ഇത് ഉറപ്പാക്കുന്നു.

നിലവിലെ സാഹചര്യത്തിൽ പ്രചരിക്കുന്ന ഡീപ്ഫേക്ക് വീഡിയോ അല്ലെങ്കിൽ ചിത്രങ്ങൾ കണ്ടെത്താൻ എളുപ്പമാണ്. ഇതിൽ ആദ്യം പരിശോധിക്കേണ്ടത് ഉറവിടമാണ്. വീഡിയോ പങ്കുവച്ച പേജോ, അക്കൗണ്ടോ വിശ്വസനീയമാണോ എന്ന് പരിശോധിക്കുക. വീഡിയോയിലെ അസ്വഭാവികത, പെട്ടന്നു തന്നെ ഇത്തരം വീഡിയോകളെ കണ്ടെത്താൻ സഹായിക്കും. പെട്ടെന്നുള്ള ഇളക്കങ്ങൾ, സ്ക്രീൻ ലോസുകൾ തുടങ്ങിയവ പരിശോധിക്കുക. കൂടാതെ കണ്ണുകൾ, മുഖത്തിന്റെ അസ്വാഭാവിക ചലനങ്ങൾ, ലിപ് സിങ്ക്, നിഴലുകൾ എന്നിവ ഡീപ്ഫേക്കുകളെ കണ്ടെത്താൻ സഹായിക്കുന്നു.

Check out More Technology News Here 

Exit mobile version