ആപ്പിൾ, സാംസങ് ഡിവൈസുകളിൽ വൻ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി ഐടി മന്ത്രാലയം

ആപ്പിൾ,-സാംസങ്-ഡിവൈസുകളിൽ-വൻ-സുരക്ഷാ-വീഴ്ച;-മുന്നറിയിപ്പുമായി-ഐടി-മന്ത്രാലയം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള രണ്ട് പ്രമുഖ ബ്രാൻഡുകളാണ് ആപ്പിൾ, സാംസങ് എന്നീ വിദേശ കമ്പനികൾ. എന്നാൽ ഉപയോക്താക്കളിൽ ആശങ്ക പരത്തുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഉപയോക്താക്കളുടെ ഡിവൈസിനേയും ഡാറ്റകളെയും അപഹരിച്ചേക്കാവുന്ന ഒന്നിലധികം പിഴവുകളെക്കുറിച്ചാണ് ഇന്ത്യൻ സർക്കാർ അപകട മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർറ്റി-ഇൻ) പ്രകാരം, ഹാക്കർമാർക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അടക്കമുള്ള ഡാറ്റകൾ ചോർത്താൻ കഴിയുന്ന നിരവധി പിഴവുകൾ ആപ്പിൾ ഉപകരണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഐഒഎസ്, മാക് ഒഎസ്, ടിവി ഒഎസ്, വാച്ച് ഒഎസ്, സഫാരി തുടങ്ങിയ സേവനങ്ങൾ അപകട ഭീഷണിയിലാണ്. 

“ആപ്പിൾ ഉൽപ്പന്നങ്ങളിൽ ഒന്നിലധികം കേടുപാടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് ആക്രമണകാരിയെ സെൻസിറ്റീവ് വിവരങ്ങൾ ആക്സസ് ചെയ്യാനും ആർബിറ്റ്രറി കോഡ് നടപ്പിലാക്കാനും സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും സേവന നിഷേധത്തിന് (DoS) വ്യവസ്ഥകൾ ഉണ്ടാക്കാനും ഒതന്റിക്കേഷൻ മറികടക്കാനും എലിവേറ്റഡ് പ്രവിലേജ് നേടാനും ടാർഗെറ്റഡ് സിസ്റ്റത്തിനെ കബളിപ്പിക്കുന്ന ആക്രമണങ്ങൾ നടത്താനും അനുവദിക്കുന്നു,” സിഇആർറ്റി-ഇൻ ഉദ്ധരിച്ചു.

ഹാക്കർമാർക്ക്, സുരക്ഷാനടപടികൾ മറികടക്കാനും ഡാറ്റ ആക്‌സസ് ചെയ്യാനും കഴിയുമെന്ന അപകട മുന്നറിയിപ്പ് സാംസങ് ഉപകരണങ്ങളിലും സിഇആർറ്റി-ഇൻ ചൂണ്ടിക്കാണിച്ചിരുന്നു. ആൻഡ്രോയിഡ് 11,12,13,14 തുടങ്ങിയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന സാംസങ് ഫോണുകളെ പ്രശ്നം ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പു നൽകി.

നിർദ്ദേശിക്കുന്ന പരിഹാരങ്ങൾ

ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ, പ്രത്യേകിച്ച് വെബ് ബ്രൗസ് ചെയ്യുമ്പോഴോ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോഴോ അറ്റാച്ച്‌മെന്റുകൾ തുറക്കുമ്പോഴോ ജാഗ്രത പാലിക്കാനാണ്, പൂർണ്ണമല്ലെങ്കിലും പ്രശ്നപരിഹാരമായി വദഗ്ധർ നിർദ്ദേശിക്കുന്നത്. ഉപകരണങ്ങളിൽ എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനമോ സന്ദേശങ്ങളോ ഉണ്ടോയെന്നും ശ്രദ്ധിക്കണം. ഉപകരണങ്ങളിൽ ഏതെങ്കിലും അപ്‌ഡേറ്റുകൾ വന്നിട്ടുണ്ടെങ്കിൽ, ഉടൻ തന്നെ പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ ശ്രമിക്കണം, കാരണം ഇതിൽ നിർണായകമായ പരിഹാരങ്ങൾ ഉൾപ്പെടാം.

ആപ്പിളും സാംസങ്ങും സാങ്കേതിക ലോകത്തെ ഏറ്റവും വിശ്വസനീയമായ സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകൾ ആണെങ്കിലും, അവ സൈബർ ആക്രമണങ്ങളിൽ നിന്നും പൂർണ്ണമായി മുക്തമല്ല. അതുകൊണ്ടുതന്നെ ഉപയോക്താക്കൾ എപ്പോഴും ജാഗരൂകരായിരിക്കണം. കൂടാതെ ഉപകരണം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ചും ബോധവാന്മാരായിരിക്കണം.

Exit mobile version