2024ൽ ലോകത്തെ ഏറ്റവും നൂതന എഐ പുറത്തിറക്കാൻ ഗൂഗിൾ

2024ൽ-ലോകത്തെ-ഏറ്റവും-നൂതന-എഐ-പുറത്തിറക്കാൻ-ഗൂഗിൾ

ലോകത്തെ മാറ്റിമറിക്കാൻ ശക്തമായ കൃത്രിമബുദ്ധിയുടെ ദ്രുതഗതിയിലുള്ള വ്യാപനത്തിനാണ് 2023 എന്ന വർഷം സാക്ഷിയായത്. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി കണ്ടുപിടിത്തവും വിജയവും ടെക് ഭീമന്മാരെയും എഐ രംഗത്തേക്കുള്ള മൽസരത്തിലേക്ക് നയിച്ചു.  മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് കമ്പനികളെല്ലാം തങ്ങളുടെ ഉൽപ്പന്നങ്ങളിൽ എഐ പിന്തുണ നൽകാനും കഴിഞ്ഞ വർഷം ശ്രമിച്ചിരുന്നു.

എഐ സാങ്കേതികതയിൽ ഓപ്പൺഎഐ ഒന്നാമനായി തുടരുമ്പോഴും,​ എഐ രംഗത്ത് ആദിപത്യം സ്ഥാപിക്കാൻ ഗൂഗിളും ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങൾ നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വികസിതവും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ എഐ സേവനം പ്രദാനം ചെയ്യുക എന്ന ഗൂഗിളിന്റെ ലക്ഷ്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്, ദി വെർജ് പുറത്തുവിട്ട ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അറിവ്, പഠനം, സർഗ്ഗാത്മകത, ഉൽപ്പാദനക്ഷമത എന്നിവ മെച്ചപ്പെടുത്തുക; ഏറ്റവും സഹായകരമായ വ്യക്തിഗത കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകളും ഉപകരണങ്ങളും നിർമ്മിക്കുക; ഗൂഗിൾ ക്ലൗഡിലെ നവീകരണങ്ങൾക്കായി ഓർഗനൈസേഷനുകളെയും ഡെവലപ്പർമാരെയും പ്രാപ്‌തമാക്കുക; ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ഉൽപ്പന്നങ്ങളും പ്ലാറ്റ്‌ഫോമുകളും പുറത്തിറക്കുക; ഗൂഗിൾ ഉപയോക്താക്കൾക്കും ലോകത്തിനും അസാധാരണമായ ഒരു ഗൂഗിൾ നിർമ്മിക്കുക; കമ്പനിയുടെ വേഗത, കാര്യക്ഷമത, ഉൽപ്പാദനക്ഷമത എന്നിവ മെച്ചപ്പെടുത്തുക; ദീർഘകാല ചെലവ് നിയന്ത്രിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

കമ്പനിയുടെ വേഗത, കാര്യക്ഷമത, ഉൽപ്പാദനക്ഷമത എന്നിവ മെച്ചപ്പെടുത്തുകയും ദീർഘകാല ചെലവ് ലാഭിക്കുകയും ചെയ്യുക എന്ന ലക്ഷ്യം, ഈ മാസം ആദ്യം ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട ഗൂഗിളിന്റെ നടപടിയിലേക്ക് വിരൽ ചൂണ്ടുന്നു. 

അടുത്തിടെ ചാറ്റ് ജിപിടിയ്ക്ക് പകരക്കാരനായി ഗൂഗിൾ പുറത്തിറക്കിയ ബാർഡ് വലിയ പരാജയമാണ് നേരിട്ടത്, ഇത് വലിയ സമ്മർദ്ദമായിരുന്നു ഗൂഗിളിൽ ഉണ്ടാക്കിയത്. കൂടാതെ ഗൂഗിൾ കഴിഞ്ഞ വർഷം ജെമിനി പുറത്തിറക്കിയിരുന്നെങ്കിലും, ബെഞ്ച്‌മാർക്കുകളുടെ അടിസ്ഥാനത്തിൽ, ഓപ്പൺഎഐയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. അതോടൊപ്പം, ജിപിടി 4-ലേക്കുള്ള അടുത്ത പ്രധാന അപ്‌ഡേറ്റിനായി ഓപ്പൺഎഐ ഇതിനകം തന്നെ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്. അതേസമയം, പിക്‌സൽ സ്‌മാർട്ട്‌ഫോണുകൾ, ബിസിനസ്സ് ആപ്പുകൾ, ജനറേറ്റീവ് എഐ സെർച്ച് തുടങ്ങിയ നിലവിലുള്ള ഉൽപ്പന്നങ്ങളിലേക്ക് എഐ വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ചാറ്റ് ജിപിടിയ്ക്ക് ഒപ്പം പിടിച്ചു നിൽക്കുന്ന പുതിയ സേവനങ്ങൾ സൃഷ്ടിക്കാൻ ഗീഗിളിന് കഴിഞ്ഞിട്ടില്ലെങ്കിലും, ഏറ്റവും മികവുള്ള ജെമിനി അൾട്രാ മോഡലിലെ പുതിയ ചാറ്റ്ബോട്ടിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പദ്ധതിയും ഗൂഗിളിൽ പുരോഗമിക്കുന്നുണ്ട്. അതേസമയം ഓപ്പൺഎഐയ്ക്കൊപ്പം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അതിവേഗം വളരുകയാണ്. ഇത് ഗൂഗിളിനെ മറികടക്കാനുള്ള സാധ്യതയും ടെക് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Check out More Technology News Here 

Exit mobile version