മയങ്ങുന്ന (മയക്കുന്ന) കേരളം!

സ്വ.ലെ

കേരളത്തിലെ യുവതലമുറയിൽ പകുതിയിൽ അധികവും ഇപ്പോൾ എന്തിനും ഏതിനും അക്രമാസക്തമാകുന്ന അവസ്ഥയിലൂടെയാണ് കടന്ന്  പോയിക്കൊണ്ടിരിക്കുന്നത്. എന്താണിതിനു കാരണം? ഇതിന്റെ പ്രധാന കാരണം സുലഭമായി കിട്ടുന്ന മയക്കുമരുന്നും അതിന്റെ ഉപയോഗവും തന്നെ.പലരൂപത്തിലും ഭാവത്തിലും ലഭിക്കുന്ന മയക്കുമരുന്ന് നമ്മുടെ യുവതി യുവാക്കളുടെ പഞ്ചേന്ദ്രിയങ്ങളെ തളർത്തി, യാതൊരു കഴിവും ഇല്ലാത്തവരാക്കി മാറ്റി അവരെ സമൂഹത്തിൽ നിന്നും അകറ്റുന്നു. ഈയിടെ ഒരു വാർത്ത കണ്ടു. ഒരു യുവതി മയക്കു മരുന്ന് കഴിച്ച അബോധവസ്ഥയിൽ ഒരു ബസ്സിൽ കയറുകയും എന്നാൽ ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിട്ടും ഇറങ്ങാതെ ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ബസ് ജീവനക്കാർ വിളിച്ചറിയിച്ചത് അനുസരിച്ച എത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിൽ എടുത്തു. വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ വനിതാ പോലീസിനെയും ആശുപത്രി ജീവനക്കാരെയും തെറിയഭിഷേകം നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ഉന്നത വിദ്യാഭ്യാസത്തിനായി വീട്ടിൽ നിന്നും മാറി നിൽക്കുന്ന നമ്മുടെ മക്കൾക്ക് എന്ത് സംഭവിക്കുന്നു, അവർ എന്തെല്ലാം ചെയ്യുന്നു എന്ന് നാം ചിന്തിച്ചിട്ടുണ്ടോ? നഗരത്തിന്റെ വർണപ്പകിട്ടും മനോഹാരിതയും കണ്ട് ഇതാണ് സ്വർഗം എന്ന് ചിന്തിച്ചു നടക്കുന്ന കുട്ടികൾ ചെന്ന് വീഴുന്നത് മയക്കു മരുന്ന്, സെക്സ് റാക്കറ്റുകൾക്ക് ഇടയിലേക്കാണ്. ഈയിടയ്ക്ക് എറണാകുളത്തുള്ള ഒരു ചേട്ടൻ നഗരത്തിലെ അറിയപ്പെടുന്ന കോളേജുകൾക്ക് അടുത്തായി തുണിക്കട നടത്തുന്നുണ്ട്. ഇദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ ഞെട്ടിപ്പോയി. “നഗരത്തിലെ പ്രമുഖ കോളേജുകളിൽ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്ന ചില കുട്ടികൾ അവധി ദിവസങ്ങളിൽ വീടുകളിൽ പോകാതെ നിൽക്കുമെന്നും ചിലർ കാറുമായി വന്നു ഇവരെ കൂട്ടികൊണ്ട് പോയി രണ്ടു ദിവസങ്ങൾക്ക് ശേഷം തിരിച്ചു കൊണ്ട് വിടുമ്പോൾ കൈയിൽ ആയിരങ്ങൾ. ഇതുമായി അവർ അടിച്ചു പൊളിക്കുകയാണ് ജീവിതം എന്ന്!” ഇത്തരക്കാരെ കണ്ടെത്തുന്നതിനായി ഏജന്റുമാർ കോളേജുകൾ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്നുണ്ടത്രേ.

ഇവിടെ തലസ്ഥാനത്തും സ്ഥിതി മറിച്ചല്ല. തിരുവനന്തപുരത്തെ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് വെള്ളയമ്പലം. കേരളം സംസ്ഥാന പോലീസ് ഹെഡ് ക്വട്ടേഴ്‌സും രാജ്ഭവനും സ്ഥിതി ചെയുന്ന ഒരു സ്പെഷ്യൽ സെക്യൂരിറ്റി സോൺ കൂടിയായ വെള്ളയമ്പലത്തെ പ്രധാന കേന്ദ്രമാണ് മാനവീയം വീഥി. വര്ഷങ്ങളായി കലാകാരന്മാരും കലാസ്നേഹികളും കൂടിച്ചേരലിനായി തിരഞ്ഞെടുക്കുന്ന സ്ഥലം. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി കോർപ്പറേഷൻ, മാനവീയം വേദിയുടെ മുഖച്ഛായ തന്നെ മാറ്റിയെടുത്തു. റോഡിൻറെ പകുതി ഭാഗത്തോളം ടൈലുകൾ വിരിച്ചു , ബഞ്ചുകൾ സ്ഥാപിച്ചു, ചെടികൾ നട്ട് പിടിപ്പിച്ചു, കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാൻ സ്റ്റേജും, ചെറിയ കഫറ്റീരിയകളും പണിതു. ഇപ്പോൾ കാണാൻ എത്ര സുന്ദരമാണ്. പക്ഷെ അത്ര സുന്ദരമല്ലാത്ത കാഴ്ചകളാണ് അവിടെ നിന്നും കാണുന്നതും കേൾക്കുന്നതും.

കഴിഞ്ഞ കുറച്ചു നാളുകളായി മയക്കു മരുന്നുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ‘നൈറ്റ് ലൈഫ്’ എന്ന പേരിൽ നടക്കുന്ന പലകാര്യങ്ങളും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. പെൺസുഹൃത്ത് ഒന്നിച്ച് റീൽസ് എടുക്കുന്നതിനിടെ യുവാവിന് വെട്ടേറ്റതുൾപ്പെടെ നിരവധി സംഭവങ്ങളിൽ പോലീസ് കേസ് എടുത്തിട്ടുള്ളതാണ്. അടിക്കടി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പോലീസ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വന്നു. മയക്ക് മരുന്ന് വിതരണക്കാരെ ഇവിടെ നിന്നും പിടിച്ചിട്ടുണ്ട്. യുവതലമുറയെ രക്ഷിക്കാൻ പോലീസ് തീവ്രശ്രമം നടത്തുമ്പോൾ, അതിനെതിരെ ചില സാമൂഹിക വിരുദ്ധരും രംഗത്തുണ്ട്.

മാനവീയം വീഥിയിൽ നിന്നും കുറച്ചുമാറി വെള്ളയമ്പലം-ശാസ്തമംഗലം റോഡിൻറെ തുടക്കത്തിൽ വലത്തെ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു ചായക്കടയുണ്ട്. സെക്യൂരിറ്റി സോണിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കടയിൽ വെളുക്കുവോളം വലിയ തിരക്കാണ്. നഗരത്തിലെ മറ്റൊരു “നൈറ്റ് ലൈഫ്” കേന്ദ്രമായ ഈ ചായക്കടയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കുവാനുള്ള അനുമതി ലഭിച്ചതായി അറിവില്ല.നഗരത്തിൽ മറ്റൊരിടത്തും കാണാൻ സാധിക്കാത്ത തിരക്ക് ഇവിടെ ഉണ്ടാവാനുള്ള കാരണമെന്ത്? കടയുടെ പരിസരത്തു നിന്നും സ്ഥിരം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. മദ്യത്തിന്റെയും ഗർഭനിരോധന ഉറകളുടെയും പാക്കറ്റുകൾ സ്ഥിരമായി പൊതുജനങ്ങൾക്ക് ലഭിക്കുന്നു. തുടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദയകേരളം ന്യൂസ് റിപ്പോർട്ടർ അന്വേഷണം നടത്തിയത്. ഞങ്ങളുടെ റിപ്പോർട്ടർ മൂന്ന് മാസം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളാണ്‌ ഇനി പറയുന്നത്.

ഈ വാർത്ത പബ്ലിഷ് ചെയ്യുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻമ്പുവരെയും ഈ കടയിൽ 24 മണിക്കൂറും അനധികൃതമായിട്ടുള്ള സിഗരറ്റ് വിൽപ്പന ഉണ്ടായിരുന്നു.എന്നാൽ ഇതിന് ഇവർക്ക് ലൈസൻസ് ഇല്ല.ഭക്ഷണം വിൽക്കുന്ന കടകളിൽ സിഗരറ്റ് വിൽക്കുന്നതിന് പ്രത്യേകം ലൈസൻസ് എടുക്കണം. കൂടാതെ പൊതുസ്ഥലത്ത് സിഗരറ്റ് വലിക്കുവാൻ അനുവദിക്കുവാനും പാടുള്ളതല്ല.’സ്മോക്കേഴ്സ് ഏരിയ’ നൽകണം. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച വിവരങ്ങളാണിവ.ഒരു വിദ്യാഭ്യാസ സ്ഥാപനവും ഈ കടയുടെ 100 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ ഇത്തരം വില്പനകൾ നിയമ വിരുദ്ധമാണ്. ഇപ്പോഴും ഇവിടെ സിഗരറ്റ് വില്പന നടക്കുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്. ഈ കടയുടെ സമീപത്തു നിരന്തരം ആയിട്ട് കഞ്ചാവ് ഉപയോഗം നടക്കുന്നതായിട്ട് പൊതുജനങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.അതിനോടൊപ്പം പരസ്യമായിട്ടുള്ള മദ്യപാനവും.

ഈ കടയുടെ പരിസരത്ത് സ്ത്രീകളോട് മോശപ്പെട്ട രീതിയിൽ ചിലർ പെരുമാറാറുണ്ട് എന്നും പൊതുജനങ്ങളിൽ നിന്നും മനസ്സിലായി.ഈ ന്യൂസ്‌ പബ്ലിഷ് ചെയ്യുന്നതിന് രണ്ടു മാസം മുൻപ് ബഹുമാനപ്പെട്ട സിറ്റി പോലീസ് കമ്മിഷണർക്ക് ഈ കടയിലെ വിദേശ നിർമ്മിത സിഗററ്റ് വിൽപ്പനയെ കുറിച്ചും, സമീപത്തെ കഞ്ചാവ് ഉപയോഗത്തെ കുറിച്ചും ഉള്ള സംശയങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു പരാതി ലഭിച്ചു.ഈ പരാതി കമ്മീഷ്ണർ ഓഫീസിൽ നിന്നും നാർക്കോട്ടിക് ACP ക്കാണ് കൈമാറിയത്. ഈ പരാതിക്കു പുറമെ നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർക്കും പരാതി ലഭിച്ചു.പരാതിക്കാരനെ ഈ കടയുടെ നടത്തിപ്പുകാർ തല്ലി അവശനാക്കി. ഈ സംഭവത്തിൽ മ്യൂസിയം പോലീസ് FIR ഇട്ടു.ഉദയകേരളം നടത്തിയ അന്വേഷണത്തിൽ ചില വിവരങ്ങൾ ലഭിക്കുകയുണ്ടായി.

ഈ കടയിൽ സ്ഥിരം സന്ദർശകർ ആയ ചില യുവാക്കളെ ആണ് ജൂലൈ മാസം കഞ്ചാവും ആയിട്ട് കഴക്കുട്ടത് വച്ചു പോലീസ് അറസ്റ്റ് ചെയ്തത്.ഈ കടക്ക് നിലവിൽ ഒരു വാടക കരാർ ഇല്ല. മുൻപ് ഉണ്ടായിരുന്ന വാടക കരാർ ഒരു സ്ത്രിയുടെ പേരിൽ ആണ്. നിലവിൽ കടയുടെ ലൈസൻസും ഇവരുടെ പേരിൽ ആണ്. ഇപ്പോൾ ഈ കട നടത്തുന്ന ബംഗ്ലാദേശ് കോളനിയിലെ താമസക്കാരനായ തൃശൂർ സ്വദേശികൾ ഈ സ്ത്രിയിൽ നിന്നും സബ് കോൺട്രാക്ട് എടുത്താണ് നടത്തുന്നത്.ഇതിൽ തിരുവനന്തപുരം ബംഗ്ലാദേശ് കോളനി നിവാസിയായ നടത്തിപ്പുകാരന്റെ സഹോദരൻ ഇന്ന് ജയിലിൽ ആണ്. NDPS act കേസ്.2021 ൽ ബഹുമാനപ്പെട്ട കോടതി ശിക്ഷ വിധിച്ച ഒരു പ്രമാദമായ നാർക്കോട്ടിക് കേസ്.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആണ് ഹെറോയിനും ആയിട്ട് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. തെളിവെടുത്ത് അന്വേഷണം പൂർത്തീകരിച്ചു.വല്യ തോതിൽ ഹെറോയിൻ കൈയ്യിൽ വച്ചതും അതിന്റെ കൈമാറ്റവും ബന്ധപ്പെട്ടുള്ള കേസ്. കേസിലെ ഒന്നാം പ്രതി ഈ ചായക്കടയുടെ നടത്തിപ്പുകാരന്റെ സഹോദരൻ ആണ്.പ്രതിക്ക് 2021 ൽ ബഹുമാനപ്പെട്ട കോടതി 15 വർഷം കഠിന തടവ് ശിക്ഷയായിട്ടു നൽകി. മറ്റൊരു NDPS ആക്ട് കേസിലും ഈ പ്രതി മുൻപൊരിക്കൽ കുറ്റാരോപിതൻ ആയിട്ടുണ്ട്‌.NDPS കേസിലെ പ്രതിയുടെ സഹോദരൻ ഒരു കഞ്ചാവ് വിൽപ്പനക്കാരൻ ആണെന്ന് പറയാൻ കഴിയില്ല. തെളിവുകൾ ഇല്ലാതെ പറയുന്നത് നിയമ വിരുദ്ധം ആണ്.തെളിവുകൾ ഇല്ലാതെ അങ്ങനെ പറയുന്നത് ഒരാളുടെ ജീവിതത്തെ തന്നെ നശിപ്പിക്കുന്നതാണ്.

എന്നാൽ ഈ കടയുടെ പരിസരത്ത് നടക്കുന്ന കഞ്ചാവ് ഉപയോഗത്തെ കുറിച്ചുള്ള സംശയങ്ങൾ , ഈ കടയിൽ നടക്കുന്ന അനധികൃത വിദേശ നിർമ്മിത സിഗരറ്റ് വിൽപ്പനയെ കുറിച്ചുള്ള സംശയങ്ങൾ , ഗർഭ നിരോധന ഉറകളുടെ പാക്കേറ്റുകൾ ഈ കടയുടെ പരിസര പ്രദേശങ്ങളിൽ ലഭിക്കുന്നത്,പരിസര പ്രദേശങ്ങളിൽ നടന്ന ആക്രമണ കേസുകൾ, ഇതെല്ലാം തള്ളിക്കളയാൻ കഴിയില്ല. കടയുടെ നടത്തിപ്പുകാരന്റെ സഹോദരന്റെ നാർക്കോട്ടിക്സ് പശ്ചാത്തലം മുഖവിലയ്ക്ക് എടുക്കേണ്ടതാണ്. 24 മണിക്കൂർ നിലനിൽക്കുന്ന ആൾക്കൂട്ടം എന്തിനും ഒരു മറ ആവാം. പൊതുജനങ്ങൾക്കും സമീപ വാസികൾക്കും സംശയം തോന്നുന്നതിൽ തെറ്റില്ല. ഇതിൽ ഒരു സമഗ്ര അന്വേഷണം ആവശ്യം അല്ലെ? സർക്കാരും പോലീസും മുന്നിട്ടിറങ്ങി ഇതിൽ ഒരു അന്വേഷണം ഉണ്ടാവണം. നമ്മുടെ യുവതലമുറക്കും സമൂഹത്തിനും ഭീഷണി ആയ ഒരു സാഹചര്യം ഉണ്ടോ എന്ന് തീർച്ചയായും അന്വേഷിക്കേണ്ടതാണ്.

തുടരും….

Exit mobile version