Ken Sunny | Samayam Malayalam | Updated: 27 Jul 2021, 07:47:00 PM
കാഞ്ചൻ സാഹൂ എന്ന കടയുടമ 15 രൂപയ്ക്കാണ് രണ്ട് സമോസയുടെ പായ്ക്കറ്റ് വിറ്റിരുന്നത്. വില കൂട്ടിയത് ചോദ്യം ചെയ്ത യുവാവുമായി തർക്കത്തിലായതോടെ കടയുടമ പോലീസിൽ പരാതിപ്പെട്ടു.
(representational image)
ഹൈലൈറ്റ്:
- ഐപിസി 294, 506, 34 വകുപ്പുകൾ പ്രകാരം പോലീസ് കേസ് ഫയൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
- അന്വേഷണത്തിന്റെ ഭാഗമായി സമോസ വാങ്ങാൻ വന്ന യുവാവിനെ പോലീസ് വിളിപ്പിച്ചു ചോദ്യം ചെയ്തു.
- ഇതിൽ മനം നൊന്ത യുവാവ് സ്വയം തീകൊളുത്തുകയായിരുന്നു.
ചില വാർത്തകൾ വായിച്ചാൽ നമുക്ക് പ്രത്യേകിച്ച് പ്രതികരണം ഒന്നുമുണ്ടാവില്ല. ഇങ്ങനെയും ലോകത്ത് നടക്കുന്നുണ്ടല്ലേ എന്നാലോചിച്ച് ഒന്ന് നിശ്വസിക്കുക മാത്രമാവും നാം ചെയ്യുക. അത്തരത്തിൽ ഒരു വാർത്തയാണ് മധ്യപ്രദേശിലെ അനുപൂർ ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം 22 ന് അമർകാന്തക് പട്ടണത്തിലെ ബന്ദ ഗ്രാമത്തിൽ സമൂസയുടെ വിലയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഒരാൾ ആത്മഹത്യ ചെയ്തു എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
കാഞ്ചൻ സാഹൂ എന്ന കടയുടമ 15 രൂപയ്ക്കാണ് രണ്ട് സമോസയുടെ പായ്ക്കറ്റ് വിറ്റിരുന്നത്. എന്നാൽ അടുത്തിടെ വില കൂട്ടുകയും രണ്ട് സമോസയ്ക്കും 20 രൂപയായി വില നിശ്ചയിക്കുകയും ചെയ്തു. ഇത് കടക്കാരനും യുവാവും തമ്മിലുള്ള തർക്കത്തിനിടയാക്കി. വിഷയം രൂക്ഷമായപ്പോൾ കടയുടമ പോലീസിനെ സമീപിച്ച് പരാതി നൽകി. ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) 294, 506, 34 വകുപ്പുകൾ പ്രകാരം പോലീസ് കേസ് ഫയൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി സമോസ വാങ്ങാൻ വന്ന യുവാവിനെ പോലീസ് വിളിപ്പിച്ചു ചോദ്യം ചെയ്തു. എന്നാൽ ഇതിൽ മനം നൊന്ത യുവാവ് സ്വയം തീകൊളുത്തുകയായിരുന്നു. കണ്ടു നിന്നവർ ഉടനെ തീ അണച്ച് അടുത്തുള്ള ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയേങ്കിലും ഈ മാസം 24 യുവാവ് മരിച്ചു. ശരീരമാസകലം പൊള്ളലേറ്റതാണ് മരണകാരണമെന്ന്, പോലീസ് പറഞ്ഞു.
സംഭവം വിവാദമായതോടെ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്ന് പുഷ്പ്രജ്ഗഡ് സബ് ഡിവിഷണൽ പോലീസ് (എസ്ഡിഒപി) പറഞ്ഞു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man dies by suicide after heated exchange with shop owner over price hike of samosa
Malayalam News from malayalam.samayam.com, TIL Network