ഹൈലൈറ്റ്:
- ‘എനിക്ക് രാഘവിനെ മതി, വെദ്യുതി വേണ്ട’ എന്നാണ് കിർത്തി താക്കൂർ എന്ന് പേരുള്ള ട്വിറ്റെർ ഉപഭോക്താവിന്റെ പ്രതികരണം.
- “ഞാൻ മാനിഫെസ്റ്റോയിലില്ല (തിരഞ്ഞെടുപ്പ് പ്രകടന), പക്ഷേ സൗജന്യ വൈദ്യുതി ഉറപ്പാണ്. കെജ്രിവാളിന് വോട്ട് ചെയ്യുക”, രാഘവ് ചദ്ദയുടെ മറുപടി
- കുറിക്ക് കൊള്ളുന്ന മറുപടി വന്നതോടെ കിർത്തി താക്കൂർ ട്വീറ്റ് പിൻവലിച്ചു തടി തപ്പി.
ആം ആദ്മി പാർട്ടി നേതാവും ഡൽഹിയിലെ രാജേന്ദ്ര നഗർ എംഎംഎയുമായ രാഘവ് ചദ്ദ പാർട്ടിയുടെ ജനപ്രിയ മുഖം മാത്രമല്ല. യുവാവും സുമുഖനുമായ എംഎൽഎയ്ക്ക് സ്ത്രീകളുടെ ഒരു വലിയ ആരാധക കൂട്ടമുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ രാഘവ് ചദ്ദയ്ക്ക് നിരവധി വിവാഹാഭ്യർത്ഥനകൾ ലഭിക്കാറുണ്ട്. ചില അഭ്യർത്ഥനകൾക്ക് രസകരമായ രീതിയിൽ മറുപടി നൽകിയും രാഘവ് ചദ്ദ ശ്രദ്ധ നേടാറുണ്ട്.
വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ തിരഞ്ഞെടുത്താൽ ഡൽഹിയ്ക്ക് സമാനമായി സൗജന്യമായി വൈദ്യുതി ലഭിക്കും എന്ന ഒരാളുടെ ട്വീറ്റിനെ കീഴെ ‘എനിക്ക് രാഘവിനെ മതി, വെദ്യുതി വേണ്ട’ എന്നാണ് കിർത്തി താക്കൂർ എന്ന് പേരുള്ള ട്വിറ്റെർ ഉപഭോക്താവിന്റെ പ്രതികരണം. ഇത് ശ്രദ്ധയിൽപ്പെട്ട യുവ നേതാവ് നൽകിയ മറുപടിയുമാണ് സൈബറിടത്തിൽ ചിരി പടർത്തുന്നത്.
“ഞാൻ മാനിഫെസ്റ്റോയിലില്ല (തിരഞ്ഞെടുപ്പ് പ്രകടന), പക്ഷേ സൗജന്യ വൈദ്യുതി ഉറപ്പാണ്. കെജ്രിവാളിന് വോട്ട് ചെയ്യുക, നിങ്ങൾക്ക് 24×7 സൗജന്യ വൈദ്യുതി ലഭിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. പക്ഷെ എന്റെ കാര്യത്തിൽ എനിക്ക് അതുപോലെ ചെയ്യാൻ കഴിയില്ല” എന്നാണ് രാഘവ് ചദ്ദ ട്വീറ്റ് ചെയ്തത്. കുറിക്ക് കൊള്ളുന്ന മറുപടി വന്നതോടെ കിർത്തി താക്കൂർ ട്വീറ്റ് പിൻവലിച്ചു തടി തപ്പി.
അതെ സമയം രാഘവ് ചദ്ദ ട്വിറ്റർ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് എടുത്ത് ഇൻസ്റ്റഗ്രാമിൽ #KejriwalDiGuarantee എന്ന ഹാഷ്ടാഗുമായി പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങൾ കുറിക്കുന്നത്. “സർജി, നിങ്ങളുടെ മറുപടി, നർമ്മബോധം അടിപൊളി” എന്നാണ് ഒരു യുവാവിന്റെ കമന്റ്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ട്വിറ്ററിലൂടെ വിവാഹാഭ്യർത്ഥന നടത്തിയ യുവതിയോട് മറുപടിയായി മോദി സർക്കാരിനെ പരിഹസിച്ച് സാമ്പത്തിക മാന്ദ്യം കാരണം വിവാഹം കഴിക്കാൻ ഇപ്പോൾ ശരിയായ സമയമല്ലെന്നായിരുന്നു രാഘവ് ചദ്ദയുടെ മറുപടി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : women tweets she wants raghav, not free electricity; mla posts savage reply
Malayalam News from malayalam.samayam.com, TIL Network