ഹരിയാന സ്വദേശി, ഇടിക്കൂട്ടിലെ സിംഹം
വെറും 27 വയസാണ് ദീപക് ബോക്സറിനുള്ളത്. ഹരിയാനയിലെ ഗന്നൂര്‍ സ്വദേശിയായ ദീപക് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ബോക്സിങ് റിങ്ങുകളില്‍ നിന്ന് നേടിയ വിജയത്തിന്റെ പേരിലാണ്. നിരവധി തവണ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഇടികൂട്ടില്‍ കഴിവ് തെളിയിച്ചു. എന്നാല്‍ 20-21 വയസില്‍ ഡല്‍ഹിയിലെ ക്രിമിനല്‍ സംഘങ്ങളുടെ ഭാഗമായതോടെയാണ് ദേശീയതലത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. തലസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന ക്രിമനലുകളുടെ ആവശ്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആളായാണ് ദീപകിന്റെ വളര്‍ച്ച ആരംഭിക്കുന്നത്. അവര്‍ക്ക് വേണ്ടിയുള്ള ക്രിമനല്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഗുണ്ടാസംഘങ്ങളില്‍ ചേര്‍ന്നു.
നീരജ് ബവാന സംഘത്തിലെ അംഗമായാണ് ബോക്സര്‍ തന്റെ ക്രിമിനല്‍ ജീവിതം ആരംഭിച്ചത്. പിന്നീട് നീരജ് ബവാന സംഘത്തിന്റെ അതിശക്തരായ എതിരാളികളായ ‘ഗോഗി സംഘ’ത്തിലേക്ക് ചുവട് മാറ്റി. ഡല്‍ഹിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തില്‍ ഒരാളും, 2021ല്‍ കൊല്ലപ്പെടുകയും ചെയ്ത ജിതേന്ദര്‍ ഗോഗിയുടെ കീഴിലുള്ള സംഘമായിരുന്നു ഇത്. 2010ല്‍ പ്രവീണ്‍ എന്നയാളെ വെടിവച്ച് കൊന്നതോടെ പോലിസ് നിരീക്ഷണത്തിലായ ജിതേന്ദര്‍ ഗോഗി 2011ല്‍ ജയിലിലായി. ഇതോടെയാണ് ഗോഗി സംഘം, യുവാക്കളെ ക്രിമനല്‍ സംഘത്തിന്റെ ഭാഗമാക്കി വളര്‍ത്തിയെടുക്കുന്ന പദ്ധതിയിലേക്ക് തിരിഞ്ഞത്. അതിന്റെ ഭാഗമായി റിക്രൂട്ട് ചെയ്തവരിലൊരാളാണ് ദീപക് ബോക്സറും. കൈനിറയെ പണം എന്നതായിരുന്നു സംഘത്തിലേക്ക് ദീപകിനെയും ആകര്‍ഷിച്ചത്. ഇതിനകം രണ്ട് കൊലപാതകം, കൊള്ള, ബ്ലാക്ക് മെയിലിങ്, ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയും നിരപരാധികളുടെ സ്വത്തുക്കള്‍ കൈക്കലാക്കല്‍, അനധികൃതമായി ഭൂമി തട്ടിയെടുക്കല്‍ തുടങ്ങി നീളുന്ന വലിയ ക്രിമിനല്‍ പശ്ചാത്തലം ദീപകിനുണ്ട്.
ഗോഗിയുടെ കൊല
ഹര്‍ഷിദ ദാഹിയ, ദീപക് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജിതേന്ദര്‍ ഗോഗിയെ പോലിസ് അറസ്റ്റ് ചെയ്ത 2016ലാണ് ദീപക് ബോക്സര്‍ ഡല്‍ഹി പോലിസിന്റെ പട്ടികയിലുള്‍പ്പെടുന്നത്. പാനിപറ്റില് വച്ച് അറസ്റ്റ് ചെയ്ത ഗോഗിയെ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി ദീപകിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തി. 2021ല്‍ ഡല്‍ഹി പോലിസിന് നേരെ മുളക് പൊടിയെറിഞ്ഞ് മറ്റൊരു ക്രിമനലിനെ രക്ഷിക്കുക കൂടി ചെയ്തതോടെ പോലിസിന്റെ ഹിറ്റ് ലിസ്റ്റിലെത്തി. ഇതിനിടെ ഡല്‍ഹി പോലിസ് വീണ്ടും ഗോഗിയെ പിടികൂടി. 2021 ആഗസ്തില്‍ എതിരാളികളായ ‘തില്ലു ഗ്രൂപ്പ്’ അഭിഭാഷകരുടെ വേഷത്തിലെത്തി കോടതിയുടെ സാക്ഷ്യത്തില്‍ ഗോഗിയെ വെടിവച്ച് കൊന്നു. രോഹിണി കോടതി വെടിവയ്പ് എന്ന പേരില്‍ സംഭവം ദേശീയ ശ്രദ്ധനേടിയിരുന്നു. 2021ല്‍ നടന്ന ഈ സംഭവമാണ് ഗുണ്ടാഗ്രൂപ്പുകള്ക്കിടയിലെ പക വളര്‍ത്തിയത്.
ഗോഗി കൊല്ലപ്പെട്ടതോടെ ദീപക് സംഘത്തിന്റെ തലവനായി. പിന്നീട് ഗോഗി സംഘവും ഗോഗിയെ കൊന്ന തില്ലു തജ്പുരിയുടെ സംഘവും തമ്മിലുള്ള ഏറ്റമുട്ടലില്‍ ഇടയ്ക്കിടെ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 2022 ആഗസ്തില്‍ അമിത് ഗുപ്തയെന്ന ബില്‍ഡറെ കൊന്നതാണ് ദീപകിന് ഇപ്പോഴത്തെ പ്രതിസന്ധി സൃഷ്ടിച്ചത്. അമിത് ഗുപ്ത തില്ലു തജ്പുരിയ സംഘാംഗമാണെന്നും ഇയാളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നുവെന്നും ദീപക് സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വഴി ഇത്തരം ക്രൂരതകള്‍ വ്യക്തമാക്കുന്നത് ഇയാളുടെ വിനോദമായാണ് പറയപ്പെടുന്നത്. ഡല്‍ഹിയിലെ സിവില്‍ ലൈനിലെ റോഡില്‍ പട്ടാപ്പകല്‍ നിരവധി തവണ വെടിവച്ച് മരിച്ചെന്ന് ഉറപ്പാക്കിയായിരുന്നു കൊലപാതകം. കവര്‍ച്ചയ്ക്കിടെയല്ല, മുന്‍വൈരാഗ്യം തന്നെയാണ് കൊലയ്ക്ക് കാരണമെന്നും ഇന്‍സ്റ്റ പോസ്റ്റില്‍ ദീപക് പറഞ്ഞിരുന്നു.
കൊലപാതകത്തിനു ശേഷം ജനുവരി 29-ന് ദീപക് കൊല്‍ക്കത്തയില്‍ നിന്ന് വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് രാജ്യം വിട്ടു. രവി ആന്റില്‍ എന്ന പേരായിരുന്നു ഇതിനായി ഉപയോഗിച്ചത്. മെക്സിക്കോയില്‍ വെച്ച് ഇയാളെ പിടികൂടാന്‍ സഹായിച്ചത് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ്. അടുത്തദിവസം തന്നെ ഇയാളെ രാജ്യത്ത് തിരികെയെത്തിക്കും.
ഗുരുവിന്റെ 11 വര്‍ഷം നീണ്ട പക, ശിഷ്യന്റെയും വിധി നിര്‍ണയിക്കുന്നു
തടവറയിലേക്ക് പോകുന്ന ദീപക് കൊലനടത്തിയത് ഗുരുവായ ഗോഗിയ്ക്ക് വേണ്ടിയാണ്. ഗോഗി കൊല്ലപ്പെട്ടതാവട്ടെ 11 വര്‍ഷം നീണ്ട കുടിപ്പകയുടെ പേരിലും. 2010ലെ കോളജ് ജീവിതമാണ് ജിതേന്ദര്‍ മന് ഗോഗിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. കോളജിലെ സഹപാഠിയായിരുന്നു എതിര് സംഘത്തിലെ തില്ലു. പഠനകാലത്ത് ഗോഗിയുടെ സുഹൃത്തിന്റെ തിരഞ്ഞെടുപ്പ് പത്രിക തില്ലു ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു. ഇതില്‍ കലിപൂണ്ട ഗോഗി തില്ലുവിന്റെ സുഹൃത്തിന് നേരെ വെടിവച്ചു. അതോടെ പോലിസ് കസ്റ്റഡിയിലായ ഗോഗി പിന്നീട് തടവ് ശിക്ഷ അനുഭവിച്ചു. ജയില്‍ മോചിതനായ ശേഷവും എതിരാളിക്കെതിരേ ആയുധമെടുത്തു. ഒപ്പം യുവാക്കളെ സംഘത്തിലേക്ക് കൂട്ടിചേര്‍ത്ത് അംഗബലം വര്‍ധിപ്പിച്ചു.
11 വര്‍ഷത്തിന് ശേഷം തില്ലു ഗ്രൂപ്പ് ഗോഗിയെ കൊന്ന് പകരം വീട്ടി. വീണ്ടും പക തീര്‍ക്കാനെത്തിയ ദീപക് അഴിക്കുള്ളിലേക്കാണ് എത്തുന്നത്. പക്ഷെ ഈ പകയും പകരംവീട്ടലും ഇതോടെ അവസാനിക്കുമോ, ഗോഗിയ്ക്ക് പകരം ദീപക് വന്നത് പോലെ മറ്റൊരാള്‍ വരുമൊയെന്ന് വരും നാളുകളിലറിയാം.