വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലൂടെയാണ് ഈ പുതിയ സംവിധാനം ലഭിക്കുക
വാട്സാപ്പിൽ ഇനി മുതൽ ദൈർഘ്യമേറിയ ശബ്ദ സന്ദേശങ്ങൾ വേഗത്തിലും കേൾക്കാം. ഇതിനായി ‘ഫാസ്റ്റ് പ്ലേ ബാക്ക്’ എന്ന പുതിയ സംവിധാനം കൊണ്ടുവരാൻ ഒരുങ്ങുകയാണ് വാട്സാപ്പ്. വാട്സാപ്പിലെ ഓഡിയോ അല്ലെങ്കിൽ വോയിസ് സന്ദേശങ്ങൾ അയക്കാനുള്ള സംവിധാനം ജനപ്രിയമായ ഒന്നാണ്.
വാട്സാപ്പ് വലിയ രീതിയിൽ ഉപയോഗിക്കാൻ അറിയാത്തവരോ, ഒരുപാട് ടൈപ്പ് ചെയ്ത് മെസ്സേജുകൾ അയക്കാൻ മടിയുള്ളവരോ ധാരാളമായി ഉപയോഗിക്കുന്ന സംവിധാനമാണിത്. പുതിയ ഫാസ്റ്റ് പ്ലേ ബാക്ക് സവിശേഷതയിലൂടെ ഇനി മുതൽ ഉപയോക്താക്കൾക്ക് ശബ്ദ സന്ദേശം കേൾക്കുന്നതിന്റെ വേഗത ക്രമീകരിക്കാൻ സഹായിക്കും.
കമ്പനി പറയുന്നതനുസരിച്ച്, ഉപയോക്താക്കൾക്ക് ശബ്ദ സന്ദേശങ്ങളുടെ സ്ഥിരവേഗതയായ 1x ൽ നിന്നും 1.5x, 2x വരെ വേഗതയിലേക്ക് ഒരാളുടെ ശബ്ദത്തിന്റെ പിച്ച് മാറാതെ വേഗത ക്രമീകരിക്കാൻ സാധിക്കും. സാധാരണയായി ഒരാൾ ഒരു ദൈർഘ്യമുള്ള ശബ്ദ സന്ദേശമയച്ചാൽ അപ്പുറത്തുള്ളയാൾക്ക് സമയ കുറവ് മൂലം ആ സന്ദേശം കേൾക്കാൻ സാധിച്ചേക്കില്ല. ഇതാണ് പുതിയ സംവിധാനം കൊണ്ടുവരാനുള്ള ഒരു കാരണമെന്ന് വാട്സാപ്പ് പറയുന്നു.
പുതിയ ഫാസ്റ്റ് പ്ലേ ബാക്ക് വഴി സന്ദേശം വേഗത്തിൽ കേൾക്കാനും ദൈർഘ്യമേറിയ സന്ദേശം കേൾക്കുന്നതിനുള്ള സമയം കുറയ്ക്കുമെന്നും കമ്പനി പറയുന്നു. വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഐഓഎസ് ഉപയോക്താക്കൾക്കും ഈ സംവിധാനം ലഭ്യമാണ്.
Read Also: ഗൂഗിൾ മാപ്പിലെ സ്ത്രീശബ്ദത്തിന്റെ ഉടമ
എങ്ങനെയാണ് വാട്സാപ്പിൽ ‘ഫാസ്റ്റ് പ്ലേ ബാക്ക്’ ഉപയോഗിക്കേണ്ടത്?
നിങ്ങൾക്ക് ഒരു ശബ്ദ സന്ദേശം ലഭിക്കുമ്പോൾ, നിങ്ങൾക്ക് പ്ലേ ബാക്ക് വേഗതയും കാണാൻ സാധിക്കും, സാധാരണ വേഗത 1x ആയിരിക്കും കാണിക്കുക. അതിൽ തൊടുകയാണെങ്കിൽ വേഗത 1.5x ലേക്കും 2x ലേക്കുമായി വർധിപ്പിക്കാൻ സാധിക്കും. സന്ദേശം കേൾക്കാൻ തുടങ്ങുന്നതിനു മുൻപോ കേൾക്കുന്നതിന്റെ ഇടയിലോ വേഗത കൂട്ടാൻ കഴിയും. വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലൂടെയാണ് ഈ പുതിയ സംവിധാനം ലഭിക്കുക.