ജിപിഎസ് ഗേൾ എന്നാണ് കാരെൻ അറിയപ്പെടുന്നത്
‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിൽ മോഹൻലാൽ കഥാപാത്രം സാഗർ കോട്ടപ്പുറം പറയുന്നതു പോലെ ‘ചോയ്ച്ചു ചോയ്ച്ചു പോവുന്ന’ യാത്രകൾ ഇപ്പോൾ വിരളമാണ്. ഫോണിലോ കാറിന്റെ നാവിഗേഷനിലോ ഗൂഗിൾ മാപ്പ് ഓൺ ചെയ്തിട്ടുള്ള യാത്രകളാണ് പുതിയ തലമുറയുടെ രീതി. ഗൂഗിൾ മാപ്പിലെ ആ സ്ത്രീ ശബ്ദവും നമുക്കേറെ പരിചിതമാണ്. എന്നാൽ നമ്മുടെ യാത്രകളിൽ കൂട്ടുവരുന്ന ആ സ്ത്രീ ശബ്ദത്തിന്റെ ഉടമ ആരെന്നറിയാമോ?
ആസ്ട്രേലിയയിൽ ജനിച്ചുവളർന്ന് ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ ഗായികയും മോട്ടിവേഷണൽ സ്പീക്കറും വോയിസ്-ഓവർ ആർട്ടിസ്റ്റുമായ കാരെൻ എലിസബത്ത് ജേക്കബ്സൺ ആണ് ആ ശബ്ദത്തിനു പിറകിൽ. ജിപിഎസ് ഗേൾ എന്നാണ് കാരെൻ അറിയപ്പെടുന്നത്.
ജിപിഎസിനു വേണ്ടി കാരെന്റെ ശബ്ദം ഉപയോഗിച്ചു തുടങ്ങിയത് 2002ലാണ്. അതോടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ വ്യക്തിയായി കാരെൻ മാറുകയായിരുന്നു.
എഴുത്തുകാരി കൂടിയായ കാരെൻ രണ്ടു പുസ്തകങ്ങളും പബ്ലിഷ് ചെയ്തിട്ടുണ്ട്. ഒപ്പം നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമാണ് കാരെൻ. thegpsgirl.com എന്നൊരു വെബ്സൈറ്റും കാരെനുണ്ട്.