ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്ന ആദ്യ മുസ്ലിം താരമായ ഖവാജ, ഓസ്‌ട്രേലിയക്ക് വേണ്ടി 44 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്
തുടക്ക കാലത്ത് തനിക്കും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഓസ്‌ട്രേലിയൻ താരം ഉസ്മാൻ ഖവാജ. തന്റെ കരിയറിന്റെ ആദ്യ കാലങ്ങളിൽ തനിക്ക് നിറത്തിന്റെ പേരിൽ അവഗണന നേരിടേണ്ടി വന്നുവെന്ന് ഖവാജ പറഞ്ഞു.
“ഞാൻ ചെറുതായിരുന്നപ്പോൾ, ഞാൻ ഒരിക്കലും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കാൻ പോകുന്നില്ല, എന്റെ തൊലി നിറം ഓസ്‌ട്രേലിയക്ക് ചേരുന്നതല്ല തുടങ്ങിയ അധിക്ഷേപങ്ങൾ അഹനീയമായിരുന്നു. ഞാൻ ടീമിന് ചേരില്ലെന്നും, അവർ എന്നെ തിരഞ്ഞെടുക്കില്ലെന്നും പറഞ്ഞിട്ടുണ്ട്. അതായിരുന്നു ആളുകളുടെ മാനസികാവസ്ഥ. എന്നാൽ അതിപ്പോൾ മാറാൻ തുടങ്ങിയിട്ടുണ്ട്.” ഖവാജ ഇഎസ്പിഎൻ ക്രിക്കിൻഫോയോട് പറഞ്ഞു.
34 ക്കാരനായ ഖവാജ 2011ലെ ആഷസ് ടെസ്റ്റിലാണ് തന്റെ അന്താരാഷ്ട്ര കരിയർ ആരംഭിച്ചത്. ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്ന ആദ്യ മുസ്ലിം താരമായ ഖവാജ, ഓസ്‌ട്രേലിയക്ക് വേണ്ടി 44 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
പാകിസ്ഥാനിലെ ഇസ്ലാമബാദിൽ ജനിച്ച ഖവാജ, അഞ്ചു വയസ്സ് പ്രായമുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയത്. ആദ്യം തനിക്ക് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് ഖവാജ പറയുന്നു, എന്നാൽ അവിടെ നിന്നും ഖവാജ വളർന്നു.
Read Also: WTC Final: സാഹചര്യങ്ങൾ ന്യൂസിലൻഡിന് അനുകൂലം: ബ്രെറ്റ് ലീ
“ഞാൻ ക്രിക്കറ്റിൽ സജീവമായപ്പോൾ, ഉപഭൂഖണ്ഡങ്ങളിൽ നിന്നും ഓസ്‌ട്രേലിയയിൽ എത്തിയവർ എന്റെയടുത്ത് വന്നു, എന്നെ ഇങ്ങനെ ഉയർച്ചയിൽ കാണുന്നതിൽ സന്തോഷമുണ്ടെന്നും, നിങ്ങളെ പോലെ ഒരാൾ കളിക്കുമ്പോൾ ഞങ്ങളും ഓസ്‌ട്രേലിയൻ ടീമിന്റെ ഭാഗമായത് പോലെ തോന്നുന്നുവെന്നും, ഞങ്ങൾ ടീമിനെ പിന്തുണക്കുമെന്നും, നേരത്തെ ഞങ്ങൾ ചെയ്തിട്ടില്ല, എന്നാൽ ഇപ്പോൾ ചെയ്യുമെന്നും പറഞ്ഞു.” ഖവാജ പറഞ്ഞു.
“അത് പിന്നീട് തുടർച്ചയായി സംഭവിക്കാൻ തുടങ്ങി. കൂടുതലായി സംഭവിക്കാൻ തുടങ്ങിയപ്പോൾ ഞാൻ മനസിലാക്കി എന്റെ പശ്ചാത്തലം പ്രശ്നമല്ല, അത് ഒരു മാറ്റവും ഉണ്ടാകുന്നില്ല. പിന്നീട് എന്റെ കുട്ടിക്കാലത്തിൽ നിന്നും ഓസ്‌ട്രേലിയയെ പിന്തുണക്കാൻ ഞാൻ കുറച്ചു സമയമെടുത്തു എന്ന് മനസിലാക്കി. ഞാൻ ആദ്യം ഓസ്‌ട്രേലിയയിൽ എത്തിയപ്പോൾ ഓസ്‌ട്രേലിയയെ പിന്തുണച്ചിരുന്നില്ല കാരണം എനിക്കത് മനസ്സിലായിരുന്നില്ല. ഖവാജ കൂട്ടിച്ചേർത്തു.