നാല് നഗരങ്ങളിലായി മത്സരങ്ങൾ നടത്തുന്നതിനാണ് ശ്രമിക്കുന്നത്
ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ടി 20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും. മത്സരങ്ങൾ യുഎഇയിലേക്കും ഒമാനിലേക്കും മാറ്റാനാണ് സാധ്യത. ഇന്ത്യയിലെ കോവിഡ് -19 സാഹചര്യം കാരണം ലോകകപ്പിന്റെ കാര്യത്തിൽ സ്വന്തം തീരുമാനവുമായി മുന്നോട്ട് പോകാമെന്ന് ഐസിസിയോട് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
ഇന്ത്യയിൽ മത്സരം നടത്താൻ കഴിഞ്ഞില്ലെങ്കിൽ പകരം മത്സരം നടത്താനുള്ള വേദിയായി യുഎഇയെ നേരത്തേതന്നെ പരിഗണിച്ചിരുന്നു. ഇതിനൊപ്പം ഒമാൻ തലസ്ഥാനമായ മസ്കറ്റിനെ നാലാമത്തെ വേദിയായി ഉൾപ്പെടുത്താനാണ് ഐസിസി ശ്രമം. അബുദാബി, ദുബായ്, ഷാർജ എന്നിവയാണ് യുഎഇയിലെ മൂന്ന് വേദികൾ.
16 ടീമുകളുടെ മത്സരത്തിന്റെ പ്രാഥമിക റൗണ്ടുകൾക്കായി മസ്കറ്റിനെ കൂടി പ്രത്യേകം തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഐപിഎല്ലിനു ശേഷം മൂന്ന് യുഎഇ മൈതാനങ്ങളും ലോകപ്പിനായി സജ്ജമാക്കാൻ ഇതിനാൽ സമയം ലഭിക്കുമെന്നും ഐസിസിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More: WTC Final: സാഹചര്യങ്ങൾ ന്യൂസിലൻഡിന് അനുകൂലം: ബ്രെറ്റ് ലീ
“ഒക്ടോബർ 10 നകം ഐപിഎൽ പൂർത്തിയാകുകയാണെങ്കിൽ, യുഎഇയിൽ ടി 20 ലോകകപ്പ് നവംബറിൽ ആരംഭിക്കാൻ കഴിയും. ഇത് ആഗോള മത്സരത്തിനായി തയ്യാറാകാൻ പിച്ചുകൾക്ക് മൂന്ന് ആഴ്ച സമയം നൽകും. ഇതിനിടയിൽ, ആദ്യ ആഴ്ചയിലെ മത്സരങ്ങൾ ഒമാനിൽ നടത്താം,” അദ്ദേഹം പറഞ്ഞു.
“ഐസിസി ബോർഡ് മീറ്റിംഗിനിടെ ബിസിസിഐ അന്തിമ തീരുമാനം എടുക്കാൻ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആന്തരികമായി, അവർ ഹോസ്റ്റിംഗ് അവകാശങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും ടൂർണമെൻറ് യുഎഇയിലും ഒമാനിലും നടത്തുന്നതിൽ പ്രശ്നമില്ലെന്നും വ്യക്തമാക്കി,” അദ്ദേഹം പറഞ്ഞു.
ഒക്ടോബർ-നവംബർ മാസങ്ങളിൽ കാര്യങ്ങൾ എങ്ങനെയുണ്ടാകുമെന്ന് പ്രവചിക്കാൻ വളരെ പ്രയാസമുള്ളതിനാലാണ് തീരുമാനമെടുക്കാൻ ഇന്ത്യ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഐസിസി ബോർഡ് അംഗങ്ങൾ വ്യക്തമാക്കി.
“പ്രായോഗികമായി നിങ്ങൾ ഇതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഇന്ത്യയിൽ ഇപ്പോൾ 120,000ൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു, ഇത് ഏപ്രിൽ അവസാനത്തിലും ഈ മാസം ആരംഭത്തിലും റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ മൂന്നിലൊന്ന് വരും,”ഉദ്യോഗസ്ഥൻ പുറഞ്ഞു.
Read More: ‘ഓസ്ട്രേലിയക്ക് വേണ്ടി കളിക്കാനുള്ള നിറമല്ല നിങ്ങളുടേത്’; വംശീയാധിക്ഷേപം നേരിട്ട അനുഭവം പറഞ്ഞ് ഖവാജ
“എന്നാൽ ജൂൺ 28 ന് ലോക ടി 20 ഇന്ത്യയിൽ നടത്തുന്നതിന് നിങ്ങൾ അതേ എന്ന് ഉത്തരം, മൂന്നാമത്തെ തരംഗമുണ്ടെങ്കിൽ ഒക്ടോബറിൽ ആരോഗ്യസ്ഥിതി എങ്ങനെയാവുമെന്ന് പ്രവചിക്കാൻ എങ്ങനെ കഴിയും,” പരിചയസമ്പന്നനായ ഉദ്യോഗസ്ഥൻ ചോദിച്ചു.
“രണ്ടാമത്തെ ചോദ്യം, സെപ്റ്റംബറിൽ ഇന്ത്യയിൽ എട്ട് ടീമുകളുടെ ഐപിഎൽ പുനരാരംഭിക്കാൻ ബിസിസിഐക്ക് ആശങ്കയുണ്ടെങ്കിൽ രാജ്യത്ത് 16 ടീമുകളുടെ ഒരു മത്സരം എങ്ങനെ നടത്താനാകും എന്നതാണ്.”
“നോക്കൂ, ഐപിഎല്ലിന്റെ കാര്യത്തിൽ മൺസൂൺ മതിയായ കാരണമല്ലെന്നും ഇത് കോവിഡ് -19 കാരണം ആണെന്നും ബിസിസിഐയിൽ ഉള്ളവർക്ക് വരെ അറിയാം,” ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്ഥിതിഗതികൾ കാര്യമായി മെച്ചപ്പെടുന്നില്ലെങ്കിൽ എത്ര വിദേശ കളിക്കാർ ടൂർണമെന്റിനായി ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെന്നതാണ് മറ്റൊരു പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.