കാക്കനാട്: കോവിഡ് മഹാമാരിയും ലോക്ഡൗണും വരുന്നതിനു മുമ്പേ കാക്കനാട് കുന്നുംപുറം ജങ്ഷനില്‍ ഒരു തട്ടുകടയുണ്ടായിരുന്നു… അങ്ങനെ ഉപജീവനം നടത്തിയിരുന്നയാളായിരുന്നു വി.എച്ച്. അബ്ദുല്‍ സലാം. എന്നാല്‍, ലോക്ഡൗണ്‍ വന്നതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. കടതുറക്കാന്‍ പറ്റാതായതോടെ മറ്റു പണിക്കുപോയില്ല അബ്ദുള്‍ സലാം, ആ പ്രദേശത്ത് ഭക്ഷണം കിട്ടാതെ വലയുന്നവര്‍ക്കായി സമൂഹ അടുക്കള തുറന്നു അദ്ദേഹം.
ആദ്യഘട്ടത്തില്‍ സ്വന്തം നിലയിലാണ് അബ്ദുള്‍ സലാം സമൂഹ അടുക്കളയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയത്. വൈകാതെ ഡി.വൈ.എഫ്.ഐ. തൃക്കാക്കര വെസ്റ്റ് മേഖലാ കമ്മിറ്റി സംരംഭവുമായി സഹകരിക്കാനെത്തി. സമൂഹ അടുക്കള നടത്താന്‍ സ്ഥലമന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്ന സംഘടനയ്ക്ക് തന്റെ തട്ടുകട വിട്ടുനല്‍കുകയായിരുന്നു 38-കാരനായ സലാം.
നിത്യേന തന്നെക്കൊണ്ടാവുംവിധം വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കിയ സലാമിന് ഡി.വൈ.എഫ്.ഐ.ക്കാരുടെ സഹകരണം കരുത്തായി. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, തെരുവില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് നിത്യേന രണ്ടുനേരം ഭക്ഷണം നല്‍കുന്നുണ്ട്. ഇതിനകം 5,000 -ത്തോളം പേര്‍ക്ക് ഭക്ഷണം നല്കി. ഉച്ചയ്ക്ക് ചോറും കറിയും രാത്രി ചപ്പാത്തി, ചോറ്് തുടങ്ങിയവയുമാണ് നല്‍കുന്നതെന്ന് സലാം പറഞ്ഞു.
കുന്നുംപുറം ജങ്ഷനിലെ സ്വകാര്യവ്യക്തിയുടെ പറമ്പ് വാടകയ്ക്കെടുത്താണ്, ഡി.വൈ.എഫ്.ഐ. മുന്‍ തൃക്കാക്കര വെസ്റ്റ് മേഖലാ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം തട്ടുകട നടത്തുന്നത്. ഡി.വൈ.എഫ്.ഐ.ക്കാരുടെ ഹെല്‍പ്പ് ഡെസ്കിലേക്ക് മരുന്നും മറ്റും സാധനങ്ങളും കൊണ്ടുപോകാന്‍ തന്റെ സ്വന്തം കാറും സലാം വിട്ടുനല്‍കിയിട്ടുണ്ട്.
പാവപ്പെട്ട കുടുംബങ്ങള്‍ക്കും ബസ്, ഓട്ടോ, കെട്ടിടംപണി യൂണിയന് തൊഴിലാളികള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റുകളും സലാമിന്റെ നേതൃത്വത്തില്‍ സഹായവിതരണവും ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ ഈ സമൂഹ അടുക്കള സന്ദര്‍ശിച്ച് സാമ്പത്തിക സഹായങ്ങളും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിനിമാ താരം ബാലയും സമൂഹ അടുക്കളയിലെത്തി ഭക്ഷണ വിതരണത്തിന് നേതൃത്വം നല്കി.
സി.പി.എം. കളമശ്ശേരി ഏരിയ കമ്മിറ്റിയംഗം സി.പി. സാജല്‍, ഡിവൈ.എഫ്.ഐ. ബ്ലോക്ക് ജോ. സെക്രട്ടറി കെ.എം. ഷിഹാബ്, വെസ്റ്റ് മേഖലാ സെക്രട്ടറി ലുക്മാനുല്‍ ഹക്കിം, ട്രഷറര്‍ ബിബിന്‍, ജോ. സെക്രട്ടറി ഹക്കിം അലിയാര് തുടങ്ങിയവരാണ് സമൂഹ അടുക്കളയ്ക്ക് നേതൃത്വം നല്‍കുന്നത്.
Content Highlights: About Abdul salam who runs community kitchen