നേരത്തെ ഫൈനൽ മത്സരം ഒക്ടോബർ 10നാണ് നിശ്ചയിച്ചിരുന്നത്
ഐപിഎൽ ഫൈനൽ ഒക്ടോബർ 15ലേക്ക് നീട്ടാൻ ബിസിസിഐ. സെപ്റ്റംബറിൽ യുഎഇയിലെ കനത്ത ചൂടിൽ പ്രതിദിനം രണ്ടു മത്സരങ്ങൾ നടത്തുന്നത് ഒഴിവാക്കാനാണ് ബിസിസിഐയുടെ പുതിയ നീക്കം. ഇതിനായി ബിസിസിഐ സമിതി എല്ലാ സാധ്യതയും തേടുകയാണെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത് പ്രകാരം, നിർത്തിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ സെപ്റ്റംബർ 19 ഞായറാഴ്ച ആരംഭിച്ച് ഒക്ടോബർ 15ന് ഫൈനൽ മത്സരത്തോടെ അവസാനിക്കും. നേരത്തെ ഫൈനൽ മത്സരം ഒക്ടോബർ 10നാണ് നിശ്ചയിച്ചിരുന്നത് എന്നാൽ ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും ചേർന്ന് നടത്തിയ ചർച്ചയിൽ മത്സരങ്ങൾ ഒക്ടോബർ 15 വരെ നീട്ടാൻ ധാരണയായതായി പിടിഐ റിപ്പോർട്ട് ചെയ്തു.
“സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയാണ് സമയം. ആദ്യം ബിസിസിഐ 10 ഇരട്ട മത്സരങ്ങളാണ് ആലോചിച്ചിരുന്നത്. എന്നാൽ സെപ്റ്റംബറിന്റെ മൂന്നാമത്തെയും നാലാമത്തെയും ആഴ്ചയിൽ വളരെ ചുരുങ്ങിയ ഇടവേളകളിൽ ഉച്ചക്ക് ശേഷം 10 മത്സരങ്ങൾ കളിക്കുന്നത് കളിക്കാരെ ശാരീരികമായി തകർക്കും” ബിസിസിഐ വക്താവ് പിടിഐയോട് പറഞ്ഞു.
“അതുകൊണ്ട് ഒക്ടോബർ 15 ആണെങ്കിൽ അത് ഒരു വെള്ളിയാഴ്ചയാണ്, ഇന്ത്യയിലും ദുബായിയിലും പുതിയ ആഴ്ചയുടെ തുടക്കമാണ്. യുഎഇയിൽ അവധി ആയത് കൊണ്ടു തന്നെ കൂടുതൽ ആരാധകർ മത്സരം കാണാൻ എത്തും. അതോടൊപ്പം 10 ഇരട്ട മത്സരങ്ങൾ എന്നത് അഞ്ചോ ആറോ ആയി ചുരുക്കാനും സാധിക്കും, അങ്ങനെ രണ്ടു ഗുണങ്ങളുണ്ട്. വക്താവ് പറഞ്ഞു.
Read Also: ട്വന്റി-20 ലീഗുകൾ രാജ്യാന്തര ക്രിക്കറ്റിന് ഭീഷണി: ഫാഫ് ഡുപ്ലെസിസ്
നിലവിൽ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി, ഉപ അധ്യക്ഷൻ രാജീവ് ശുക്ല, സിഇഒ ഹേമങ് അമിൻ, ട്രഷറർ അരുൺ ദുമൽ, ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ എന്നിവർ അവസാന ഘട്ട തീരുമാനങ്ങൾക്കായി യുഎഇയിൽ ആണ്. മത്സര വേദികൾ സംബന്ധിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് അംഗങ്ങളുമായുള്ള ചർച്ചകൾക്ക് ശേഷം സെക്രട്ടറി ജയ് ഷാ ഇന്ത്യയിലേക്ക് കഴിഞ്ഞ ദിവസം തിരിച്ചു പോന്നിരുന്നു.
ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരം മാഞ്ചസ്റ്ററിൽ സെപ്റ്റംബർ 14നാണ് അവസാനിക്കുക. അതിനു ശേഷം പ്രത്യേക വിമാനത്തിൽ ദുബായിയിൽ എത്തുന്ന കളിക്കാർ മൂന്ന് ദിവസത്തെ ക്വാറന്റൈൻ ശേഷം ഐപിഎൽ ടീമുകളോടൊപ്പം ചേരാനാണ് സാധ്യത. കളിക്കാർ ഇംഗ്ലണ്ടിലെ ബയോ ബബിളിൽ നിന്നും വരുന്നതിനാൽ ചിലപ്പോൾ ക്വാറന്റൈൻ ഒഴിവാക്കിയേക്കും.