സച്ചിൻ എ ജി.
“നിങ്ങള് മനുഷ്യനായത് കൊണ്ട് മാത്രം വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോളാണ് വലിയവനാകുന്നത്”, രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി. എത്ര അർത്ഥമുള്ള വാക്കുകൾ. നമ്മൾ മനുഷ്യർ, ഭൂമിയിൽ ഏറ്റവും കൂടുതൽ ചിന്താശക്തിയയുള്ള ജീവികളാണെന്നു അഹങ്കരിക്കുന്നു. ശാസ്ത്രത്തിന്റെ വളർച്ച എന്ന് പറയുന്നത് മനുഷ്യന്റെ തന്നെ വളർച്ചയാണ്. എന്തും നേടിയെടുക്കാനും പിടിച്ചടക്കാനും ഉള്ള കരുത്തും അറിവും ഇന്ന് നമുക്കുണ്ട്. എന്നാൽ നമ്മളിൽ എത്ര പേർക്ക് ശെരിക്കും മനുഷ്യത്വമുണ്ട്? സഹജീവികളുടെ നൊമ്പരം തൊട്ടറിഞ്ഞു പ്രവർത്തിക്കാൻ നമ്മളിൽ എത്രപേർക്കു കഴിയും?അങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള ഒരു പറ്റം മനുഷ്യരെ കുറച്ചു നാളുകൾക്കു മുമ്പ് കാണാനും പരിചയപ്പെടാനും സാധിച്ചു.
അഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരു പറ്റം മനുഷ്യസ്നേഹികൾ തുടങ്ങിയ സംഘടന ആണ് “ഫ്രണ്ട്സ് മരുതൂർ”. 8 പേരിൽ തുടങ്ങി ഇന്ന് 82 പേർ ഉള്ള ഒരു സംഘടന. ഈ സംഘടനയുടെ നേതൃ നിരയിൽ ഉള്ള മനുഷ്യ സ്നേഹികളാണ് പ്രസിഡന്റ് : ഷൈജു ബേബി,സെക്രട്ടറി : വിപിൻ വി നായർ,ട്രഷറർ,സിദ്ധാർഥ് എസ് നായർകൺവീനർ : അക്ഷയ്.
കേരള പോലീസിലെ ചില ഉദ്യോഗസ്ഥരും ചില സർക്കാർ ഉദ്യോഗസ്ഥരും പിന്നെ നല്ലവരായ ചില നാട്ടുകാരും ചേർന്നു തുടങ്ങിയ ഒരു സംഘടനയാണ് ഇത്.കരകുളം പഞ്ചായത്തിൽ മരുതൂർ എന്ന സ്ഥലത്താണ് “ഫ്രണ്ട്സ് മരുതൂർ” പ്രവർത്തിക്കുന്നത്. നിരാലംബരായ,ഭക്ഷണത്തിനും വസ്ത്രത്തിനും കഷ്ടപ്പെടുന്ന, സ്വന്തമായി ഒരു അടച്ചുറപ്പുള്ള വീട് പോലും ഇല്ലാത്ത ഒരു പറ്റം മനുഷ്യർക്ക് വേണ്ടിയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.
പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക്,അവർക്കു ആവശ്യമായ എല്ലാ ഉപകരണങ്ങളും നൽകി,അവരെ പ്രോത്സാഹിപ്പിക്കുകയും ഒരു കരുത്തുറ്റ ഭാവി തലമുറയ്ക്ക് വേണ്ടിയിട്ടുള്ള ഉള്ള എല്ലാ പരിശ്രമവും നടത്തുക്കയാണ് ഫ്രണ്ട്സ് മരുതൂർ.ഈ മഹാമാരിക്ക് ഇടയിൽ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ കഷ്ടപ്പെടുന്ന, വാവിട്ടു ചോദിക്കാൻ പോലും കഴിയാതെ ജീവിക്കുന്ന പാവങ്ങൾക്ക് വേണ്ടിയിട്ടു ഈ സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ചെറുതൊന്നുമല്ല.
കരകുളം പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്കു കോവിഡ് മഹാമാരിയെ നേരിടാനായി പി പി ഇ കിറ്റുകൾ നൽകി അവരുടെ ആത്മവിശ്വാസത്തിനു പുത്തനുണർവ്വ് നൽകാനും ഈ സംഘടനക്ക് കഴിഞ്ഞു. ഈ സംഘടനയുടെ ഏറ്റവും വലിയ പദ്ധതിയായ “വിശപ്പു രഹിത ഗ്രാമം” നടപ്പിലാക്കാനുള്ള അഹോരാത്ര പരിശ്രമത്തിലാണ് ഇതിന്റെ അംഗങ്ങൾ.
“കൂട്ടുകാരന് ഒരു ആലയം” എന്ന പദ്ധതിയുടെ ഭാഗമായി ഒരു നാട്ടുകാരന്റെ വീട് പുതുക്കി പണിയുന്ന പദ്ധതിക്കു ഈ മാസം ഇവർ തുടക്കം കുറിച്ചിട്ടുണ്ട്.നാൽപ്പത്തിനായിരം രൂപയോളം വിലമതിക്കുന്ന കോവിഡ് പ്രധിരോധ സാമഗ്രികൾ ഇവർ ഈ മാസം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് നൽക്കുകയാണ്.
നമ്മളിൽ എത്ര പേർ ഇത്രയും അധികം കർമ്മനിരതർ ആയി പ്രവർത്തിക്കും? ഏതൊരു മനുഷ്യനും, മനുഷ്യസ്നേഹിക്കും ഉത്തേജനം പകരുന്ന രീതിയിൽ ആണ് ഈ മഹാസംഘടനയുടെ പ്രവർത്തനം. വിശക്കുന്നവന്റെയും, കഷ്ടപ്പെടുന്നവന്റെയും മുന്നിൽ ഈശ്വരൻ മനുഷ്യനായി പ്രത്യക്ഷപ്പെടുന്നു എന്നുള്ളതിന്റെ ഏറ്റവും വല്യ ഉദാഹരണം ആണ് “ഫ്രണ്ട്സ് മരുതൂർ”.ജാതിക്കും മദത്തിനും അതീതമായി, എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾക്ക് വേണ്ടി,ഒരു കെടാവിളക്കായി എക്കാലവും ഈ സംഘടന നിലനിൽക്കട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.