ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീനുകളുടെയും മറ്റു പോഷകഘടകങ്ങളുടെയും ഒരു പ്രകൃതിദത്ത ഉറവിടമാണ് മുട്ട. മുട്ടയുടെ തനതായ പോഷക ഘടനയും, മിതമായ വിലയും, ലഭിക്കാനുള്ള സൗകര്യവും നോക്കുമ്പോള്‍, വളര്‍ന്നുവരുന്ന കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ തങ്ങളുടെ പോഷകാവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ഒരു ഉത്തമ സമ്പൂര്‍ണ്ണ ഭക്ഷണമാണ് മുട്ട.
ഒരു സാമാന്യം വലിപ്പമുള്ള മുട്ടയില്‍ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട് എന്നാല്‍ ഇതെല്ലം കൂടി എഴുപത് കലോറിയാണ് എന്നതാണ് കൗതുകകരമായ വസ്തുത. മുട്ടയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്റെ തൊണ്ണൂറ് ശതമാനത്തില്‍ കൂടുതല്‍ ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്നതാണ്. ഇത് കാരണം പ്രോട്ടീന്‍ ജൈവ ലഭ്യത സ്കെയിലില്‍ മുട്ടയുടെ സ്ഥാനം വളരെ ഉയരത്തിലാണ്. കുട്ടികളില്‍ പ്രോട്ടീന്‍ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. മുതിര്‍ന്നവരില്‍ ലീന്‍ (Lean) ടിഷ്യു , രോഗപ്രതിരോധ ശേഷി എന്നിവ നിലനിര്‍ത്താനും പ്രോട്ടീന്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോര്‍ വികാസത്തെ സഹായിക്കും. മുട്ടയുടെ വെള്ളയില്‍ (എഗ്ഗ് വൈറ്റ്) ചില ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, റൈബോഫ്ലാവിന്, സെലിനിയം എന്നിവ അടങ്ങിയിരിക്കുമ്പോള്‍, മുട്ടയുടെ പോഷകഗുണത്തിന്റെ ഭൂരിഭാഗം മഞ്ഞക്കരുവിലാണ് (Yolk ) കാണപ്പെടുന്നത്.
പോഷകഗുണങ്ങള്‍
വിറ്റാമിന്‍ ഡി (Vitamin D) അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും വേണ്ടി നിര്‍ണ്ണായകമായ ഒന്നാണ്. വിറ്റാമിന്‍ ഡി നൈസര്‍ഗ്ഗികമായ അടങ്ങിയിട്ടുള്ള ഒരേയൊരു ഭക്ഷണമാണ് മുട്ട.
കോളിന് (Choline) ശരീരത്തിലെ കോശങ്ങളുടെ സ്വാഭാവികമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ പോഷകമാണ് കോളിന്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് (AMA) മാര്‍ഗനിര്‍ദേശം അനുസരിച്ചു ഗര്‍ഭിണികള്‍ക്കു അത്യന്തം ആവശ്യമായ ഒന്നാണ് കോളിന്. ഗര്‍ഭസ്ഥശിശുവിന്റെ നട്ടെല്ലിന്റെ വളര്‍ച്ചയ്ക്കും, മസ്തിഷ്ക വികസനത്തിനും, ജനന വൈകല്യങ്ങളുടെ എണ്ണം കുറയ്ക്കുവാനും ഇത് സഹായിക്കും.
ല്യൂട്ടീന്‍ & സിയാസെന്തിന് (Lutein and zeaxanthin) എന്നീ ആന്റിഓക്സിഡന്റുകള്‍ കണ്ണുകളുടെ ആരോഗ്യത്തിനു വളരെ നല്ലതാണു. തിമിരം വരാതിരിക്കാനും ഇത് സഹായിക്കും. ഇവ റെറ്റിനയുടെ(retina) ആരോഗ്യം ഉറപ്പാക്കുന്നു.
ഒമേഗ 3s (Omega-3s) ഇവ തലച്ചോറിന്റെ വളര്‍ച്ചയെ പോഷിപ്പിക്കാനും ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്ന ഫാറ്റി ആസിഡുകളാണ്. മാത്രമല്ല പുതിയ കോശങ്ങള്‍ നിര്‍മിക്കുന്ന പ്രക്രിയയുടെയും,കേന്ദ്ര നാഡീവ്യൂഹം, കാര്‍ഡിയോവാസ്കുലര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഒമേഗ 3 സഹായിക്കും.
പ്രോട്ടീന്‍ കോശങ്ങളുടെ പുനരുല്‍പ്പാദനത്തിനും ആവശ്യമായ പ്രോട്ടീന്‍ മുട്ടകളില്‍ അടങ്ങിയിട്ടുണ്ട്. ഒരു ശരാശരി സാധാരണ വലിപ്പമുള്ള മുട്ടയില്‍ 6 ഗ്രാം പ്രോട്ടീന്‍ എങ്കിലും അടങ്ങിയിട്ടുണ്ട്.
ആരോഗ്യകരമായ പ്രയോജനങ്ങള്‍
ആരോഗ്യമുള്ള മുടിക്കും നഖങ്ങള്‍ക്കും
മുടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി മുട്ട രണ്ട് വിധത്തില്‍ ഉപയോഗിക്കാം. മുട്ട നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി മുട്ടയില്‍ അടങ്ങിയിട്ടുള്ള 9 അമിനോ ആസിഡുകള്‍ ശരീരത്തില്‍ എത്തുകയും, ആരോഗ്യമുള്ള നഖങ്ങള്‍, മുടി എന്നിവയുടെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. മുട്ടയുടെ മറ്റൊരുപയോഗം അതിനെ ഒരു കണ്ടീഷണര്‍ പോലെ ഉപയോഗിക്കുകയാണ്. പ്രോട്ടീന്‍ പാക്കുകള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് വളരെ നല്ലതാണു.
ശരീരഭാരം കുറയ്ക്കാന്‍
മുട്ടയില്‍ ആവശ്യമായ അനുപാതത്തില്‍ എല്ലാ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ചയാപചയ പ്രക്രിയ (മെറ്റബോളിസം) വര്‍ധിപ്പിക്കും. ഭക്ഷണത്തിലെ പ്രോട്ടീന്‍ ചയാപചയത്തിന് അധിക ഊര്‍ജ്ജം ആവശ്യമാണ്. അങ്ങനെ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ദിവസംപ്രതി 80-100 കലോറി വരെ നീക്കാന്‍ കഴിയും. പ്രഭാതഭക്ഷണത്തില്‍ മുട്ട കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് വയറു നിറഞ്ഞതായി തോന്നുകയും , അത് വഴി കൂടുതല്‍ കലോറിയുള്ള ഭക്ഷണം ഉടനെ കഴിക്കുന്നത് തടയുകയും ചെയ്യും.
എല്ലുകളുടെ ബലം
മുട്ട സള്‍ഫര്‍ സമൃദ്ധമായുള്ള ഒരു ഭക്ഷണമാണ്. അസ്ഥികളുടെ ഘടന പരിശോധിച്ചാല്‍ മനസിലാകും അതിലെ മുഖ്യ ചേരുവയാണ് കൊളാജന്‍ (collagen) എന്ന്. കൊളാജന്‍ സൃഷ്ടിക്കുന്ന പ്രക്രിയയ്ക്ക് വളരെ അത്യാവശ്യമായ ഒന്നാണ് സള്‍ഫര്‍. വിറ്റാമിന്‍ഡി ധാരാളമായി മുട്ടയില്‍ അടങ്ങിയിരിക്കുന്നു. കാല്‍സ്യം ആഗിരണം ചെയ്യാനും രക്തത്തില്‍ ക്രമീകരിക്കാനും വിറ്റാമിന്‍ഡി സഹായിക്കുന്നു. കൂടാതെ, മുട്ടകളില്‍ കാത്സ്യം (calcium), ഫോസ്റസ് (phosphorus) എന്നിവ സമ്പുഷ്ടമായിട്ടുണ്ട്, അത് അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
മുട്ടകളുടെ മറ്റു ആരോഗ്യ ഗുണങ്ങള്‍
മുട്ടകളില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധശേഷി വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.
മുട്ടയിലടങ്ങിയിട്ടുള്ള സെലീനിയം ആന്റിഓക്സിഡന്റാണ്. ഇത് ബ്രെസ്റ്റ് കാന്‍സറിനെ പ്രതിരോധിക്കും.മുട്ടയില്‍ അടങ്ങിയിട്ടുള്ള അയണ്‍ രക്തത്തില്‍ ഓക്സിജന്‍ വഹിക്കുന്നതിനും ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
കുറച്ചു നാളുകള്‍ മുന്‍പ് വരെ നമ്മുടെ ഇടയില്‍ പൊതുവെയുള്ള ഒരു സംസാരമായിരുന്നു മുട്ട കഴിച്ചാല്‍ ശരീരത്തിലെ കൊളസ്ട്രോള്‍ അളവ് കൂടുമെന്നും, ഹൃദ്രോഗമുണ്ടാകുമെന്നും. ഒരു വലിയ മുട്ടയ്ക്ക് 186 മില്ലിഗ്രാം കൊളസ്ട്രോള്‍ ഉണ്ട്, ആകെ ഏകദേശം 5 ഗ്രാം കൊഴുപ്പു (അതില്‍ സാച്ചുറേറ്റഡ് കൊഴുപ്പു 1.5 ഗ്രാം) ആണ്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് നിലവില്‍ ശുപാര്‍ശ ചെയ്യുന്നത് പ്രതിദിനം 300 മില്ലിഗ്രാമില്‍ കുറവ് ഭക്ഷണ കൊളസ്ട്രോളിന്റെ ഉപയോഗമാണ് (ഹൃദ്രോഗം മൂലമുള്ളവര്, ഉയര്‍ന്ന എല്‍.ഡി.എല്‍ അല്ലെങ്കില്‍ ‘ചീത്ത’ കൊളസ്ട്രോള്‍ നിലകള്‍ക്ക് 200 മില്ലിഗ്രാമില്‍ താഴെ). നിങ്ങളുടെ കൊളസ്ട്രോളിനെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ അല്ലെങ്കില്‍ മുട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യാവസ്ഥയ്ക്കു സുരക്ഷിതമാണോ എന്ന് ഉറപ്പില്ലെങ്കില്‍ ദയവായി നിങ്ങളുടെ ഡോക്ടറോട് ചോദിക്കുക.
മുട്ട നല്ലതോ ചീത്തയോ എന്നെങ്ങനെ തിരിച്ചറിയാം
മുട്ട എടുത്തു ഒരു പാത്രത്തില്‍ വച്ചിരിക്കുന്ന തണുത്ത വെള്ളത്തില്‍ ഇടുകയാണെങ്കില്‍, നല്ല മുട്ട വെള്ളത്തില്‍ താഴ്ന്നു പോകും. എന്നാല്‍ പഴകിയ മുട്ട വെള്ളത്തില്‍ പൊങ്ങി കിടക്കും.
Content Highlights: benefits of egg