Sumayya P | Samayam Malayalam | Updated: 11 Jun 2021, 09:22:52 AM
രക്ഷിതാക്കളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ കുട്ടികളില്‍ വാക്സിന് പരീക്ഷണം നടത്തുകയുള്ളൂ. അതേസമയം സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
900 കുട്ടികളില്‍ വാക്സിന് പരീക്ഷിക്കും
സിനോഫാം വാക്സിന് കുട്ടികളുടെ കൊവിഡിനെതിരായ പ്രതിരോധത്തില്‍ ഏതു രീതിയിലുള്ള പ്രതികരണമാണ് ഉണ്ടാക്കുകയെന്ന് കണ്ടെത്തുന്നതിനായി 900 പേരിലാണ് വാക്സിന് പരീക്ഷിക്കുക. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുകയെന്നും മീഡിയ ഓഫീസ് അറിയിച്ചു. രക്ഷിതാക്കളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ കുട്ടികളില്‍ വാക്സിന് പരീക്ഷണം നടത്തുകയുള്ളൂ. അതേസമയം സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പരീക്ഷണം വിജയം കാണുകയാണെങ്കില്‍ യുഎഇയിലെ ഈ പ്രായത്തിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന് ലഭ്യമാക്കും.
സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കും
അബൂദാബി ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയത്തിന്റെ സൂക്ഷ്മമായി നിരീക്ഷണത്തിലായിരിക്കും വാക്സിന് പരീക്ഷണം നടക്കുക. പരീക്ഷണത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള വിവരങ്ങള്‍ രക്ഷിതാക്കളുമായും മുതിര്‍ന്ന കുട്ടികളുമായും പങ്കുവയ്ക്കും. കുട്ടികള്‍ക്ക് സുരക്ഷിതമായി വാക്സിന് സ്വീകരിക്കാനാവും എന്ന കാര്യം ക്ലിനിക്കല്‍ പരീക്ഷണത്തിലൂടെ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നല്കുന്ന നാഷനല്‍ കൊവിഡ് 19 ക്ലിനിക്കല്‍ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷ ഡോ. നവാല്‍ അല്‍ കഅബി അറിയിച്ചു. ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ഏത് സംശയങ്ങളും മറുപടി നല്കാന് 24 മണിക്കൂറും തങ്ങളുണ്ടാകുമെന്നും അവര്‍ ഉറപ്പു നല്കി.
കുട്ടികളിലെ കൊവിഡ് ബാധ തടയുക ലക്ഷ്യം
കൊവിഡിന്റെ ജനിതക മാറ്റങ്ങള്‍ സംഭവിച്ച വകഭേദങ്ങള്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈറസില്‍ നിന്ന് കുട്ടികളെ സുരക്ഷിതരാക്കേണ്ടതുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ജനിതക മാറ്റം സംഭവിച്ച വൈറസ് കുട്ടികളില്‍ പടര്‍ന്നു പിടിക്കുന്നതായും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും തെളിയിക്കപ്പെട്ടതായി യുനൈറ്റഡ് അറബ് എമിറേറ്റിസ് യൂനിവേഴിസിറ്റിയിലെ പീഡിയാട്രിക്സ് വിഭാഗം അസോസിയറ്റ് പ്രഫസര്‍ ഡോ. അഹ്മദ് അല്‍ സുവൈദി പറഞ്ഞു. കുട്ടികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പരക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വീട്ടിലെ പ്രായമായവര്‍ക്ക് കുട്ടികളില്‍ നിന്ന് വൈറസ് ബാധ ഏല്‍ക്കാനുള്ള സാധ്യത കൂടുതലുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കുട്ടികളില്‍ വൈറസ് പ്രതിരോധ ശേഷി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ട്രയല്‍ ആരംഭിക്കുന്നത്.
മറ്റ് വാക്സിനുകള്‍ പോലെ സുരക്ഷിതം
കുട്ടികളില്‍ കൊവിഡ് വാക്സിന് സുരക്ഷിതമായിരിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഡോ. അല്‍ സുവൈദി അറിയിച്ചു. കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിന് നമ്മുടെ കൈയില്‍ ഉണ്ടെന്നിരിക്കെ കൊവിഡ് ഭീഷണിയെ മറി കടക്കാന്‍ നമുക്ക് സാധിക്കും. മറ്റ് പകര്‍ച്ച വ്യാധികള്‍ക്കെതിരായ വാക്സിനുകള്‍ കൊച്ചു കുട്ടികളില്‍ പോലും സുരക്ഷിതമാണെന്ന് തലമുറകളായുള്ള ഉപയോഗത്തിലൂടെ ഇതിനകം തെളിയിക്കപ്പെട്ടതാണ്. അതുപോലെ കുട്ടികളില്‍ കൊവിഡ് വാക്സിനും സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മറ്റു പകര്‍ച്ച വ്യാധികള്‍ക്കുള്ള വാക്സിനുകള്‍ക്ക് സമാനമായ രീതിയിലാണ് സിനോഫാമിന്റെ നിര്‍മാണമെന്നും അതുകൊണ്ടു തന്നെ കുട്ടികളില്‍ ഇതിന്റെ കാര്യത്തിലും മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും ഡോ. അല്‍ സുവൈദി പറഞ്ഞു.
12നും 15നും ഇടയിലുള്ളവര്‍ക്ക് വാക്സിന് വിതരണം തുടങ്ങി
അതേസമയം, രാജ്യത്തെ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിന് വിതരണം പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസര്‍ ബയോണ്‍ടെക് വാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. സ്കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി കുട്ടികളെ പരമാവധി പ്രതിരോധ ശേഷിയുള്ളവരാക്കി മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പലയിടങ്ങളും സ്കൂളുകള്‍ തന്നെ മുന്‍ കൈയെടുത്താണ് ഈ പ്രായ പരിധിയിലുള്ള കുട്ടികളുടെ വാക്സിന് വിതരണത്തിന് സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വാക്സിനേഷന് പുരോഗമിക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. നിലവില്‍ 135 ലക്ഷം വാക്സിന് ഡോസുകളാണ് വിതരണം ചെയ്തത്.