ആദ്യ പകുതിയിൽ ശക്തമായി പ്രതിരോധം തീർത്ത തുർക്കി പ്രതിരോധ നിരയുടെ വീഴ്ചയാണ് ഇറ്റലിക്ക് ആദ്യ ഗോൾ സമ്മാനിച്ചത്
റോം: യൂറോ കപ്പ് 2020ന്റെ ഉദ്ഘാടന മത്സരത്തിൽ ഇറ്റലിക്ക് ജയം. ഗ്രൂപ്പ് എ യിൽ തുർക്കിക്കെതിരെ നടന്ന മത്സരത്തിൽ മൂന്ന് ഗോളുകൾക്കാണ് ഇറ്റലി ജയിച്ചത്. ഇറ്റലിക്കായി സീറോ ഇമ്മൊബിൽ, ലോറെൻസോ ഇൻസിഗനെ എന്നിവർ ഓരോ ഗോളുകൾ വീതം നേടി. തുർക്കി പ്രതിരോധ താരം മെറിഹ് ഡെമിറലിന്റെ സെൽഫ് ഗോളിലൂടെയാണ് മറ്റൊരു ഗോൾ ലഭിച്ചത്.
2018ലെ ലോക കപ്പിന് യോഗ്യത നേടാൻ കഴിയാതെ പോയ ഇറ്റലി,തോൽവി അറിയാതെ 10 മത്സരങ്ങൾ ജയിച്ചാണ് യൂറോ കപ്പിന് യോഗ്യത നേടിയത്. പരിശീലകൻ റോബർട്ട് മാൻസിനിയുടെ തോൽവിയറിയാതെ യോഗ്യത നേടിയ ടീം അതിന്റെ ആവർത്തനം തന്നെയാണ് ആദ്യ മത്സരത്തിലും കാഴ്ചവെച്ചത്.
ടൂർണമെന്റിലെ കറുത്ത കുതിരകൾ എന്നറിയപ്പെടുന്ന തുർക്കിക്കെതിരെ ആധികാരികമായ ജയമാണ് അസ്സൂരിപ്പട സ്വന്തമാക്കിയത്. പ്രതിരോധത്തിലെ കരുത്ത് തുർക്കിക്ക് എതിരെയും ഇറ്റലി കാഴ്ചവെച്ചു. മത്സരത്തിലുടനീളം ഇറ്റലി ആധിപത്യം നിലനിർത്തി തുർക്കിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
ആദ്യ പകുതിയിൽ ശക്തമായി പ്രതിരോധം തീർത്ത തുർക്കി പ്രതിരോധ നിരയുടെ വീഴ്ചയാണ് ഇറ്റലിക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. 53 മത്തെ മിനിറ്റില്‍ ഡൊമെനിക്കോ ബെറാര്‍ഡി നടത്തിയ മുന്നേറ്റമാണ് തുര്‍ക്കി താരം മെറി ഡെമിറാലിന്റെ ദേഹത്ത് തട്ടി ഗോളിൽ കലാശിച്ചത്. പിന്നീട് തുർക്കി പ്രതിരോധ നിര തകരുന്ന കാഴ്ചയായിരുന്നു.
66 മത്തെ മിനിറ്റില്‍ ഇറ്റലിയുടെ സൂപ്പർ താരം ഇമ്മൊബിലെയിലൂടെ ഇറ്റലി രണ്ടാം ഗോൾ നേടി. സ്പിനാസോള തൊടുത്ത ഷോട്ട് തുർക്കി ഗോളി തട്ടിമാറ്റിയെങ്കിലും ബോൾ എത്തിയത് ഇമ്മൊബിലിന്റെ മുന്നിലായിരുന്നു. ബോൾ കിട്ടിയ ഉടനെ തുർക്കി പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഗോളിക്ക് തടയാൻ സാധിച്ചില്ല.
79മത്തെ മിനിറ്റില്‍ തുർക്കി ഗോളി കാകിറിന്റെ പിഴവ് മുതലെടുത്തായിരുന്നു ഇറ്റലിയുടെ മൂന്നാം ഗോൾ. ഇമ്മൊബിൽ നൽകിയ പാസ് ലോറന്‍സോ ഇന്‍സിനി പോസ്റ്റിന്റെ വലത് മൂലയിലേക്ക് പായിച്ച് ഇറ്റലിയുടെ മൂന്നാം ഗോളും സ്വന്തമാക്കി.
Read Also: UEFA Euro 2020 Schedule, Teams, Fixtures, Live Streaming: യൂറോകപ്പ് 2020 ഫിക്സ്ചർ
തൂടക്കം മുതൽ ആക്രമിച്ചു കളിച്ച ഇറ്റലിക്ക് 18ആം മിനിറ്റിൽ ഒരു അവസരം ലഭിച്ചിരുന്നു എന്നാൽ ലോറന്‍സോ ഇന്‍സിനിയുടെ ഷോട്ട് ഗോൾ വലയ്ക്ക് പുറത്തേക്കു പോയി. 22മത്തെ മിനിറ്റിൽ ലഭിച്ച രണ്ടാമത്തെ അവസരം തുർക്കി ഗോളി കൈക്കുള്ളിലാക്കി. മറുവശത്ത് തുർക്കിക്കും 35മത്തെ മിനിറ്റില്‍ ഒരു അവസരം ലഭിച്ചിരുന്നു. എന്നാൽ ബുറാക് യില്‍മാസിന്റെ മുന്നേറ്റം ഗോളി ഡൊണ്ണരുമ്മ തടഞ്ഞു.
ഇന്ന് മൂന്ന് മത്സരങ്ങളാണ് യൂറോയിൽ. വൈകുന്നേരം 6:30 നടക്കുന്ന ആദ്യ മത്സരത്തിൽ ഗ്രൂപ്പ് എയിൽ നിന്നും വെയിൽസ് സ്വിറ്റസർലാൻഡിനെയും ഗ്രൂപ്പ് ബിയിൽ നിന്ന് ഡെൻമാർക്ക് ഫിൻലൻഡിനെയും ബെൽജിയം റഷ്യയെയും നേരിടും. രാത്രി 12:30 നാണ് ബെൽജിയത്തിന്റെ മത്സരം.