ചിക്കനും വെളുത്തുള്ളിയും പ്രധാന ചേരുവകളായ ചൈനീസ് സ്റ്റൈൽ ചിക്കന്‍ ഗാര്‍ലിക് ഫ്രൈഡ് റൈസ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
- വേവിച്ച കൈമ ചോറ് -2 കപ്പ്
- ചിക്കന്‍(എല്ലില്ലാത്തത്) -250 ഗ്രാം
- വെളുത്തുള്ളി -12 അല്ലി
- സവാള(അരിഞ്ഞത്) -ഒരെണ്ണം
- ഒലിവ് ഓയില്‍ -3 ടേബിള്‍ സ്പൂണ്‍
- ഗ്രാംപൂ -4 എണ്ണം
- കുരുമുളക് -അര ടീസ്പൂണ്‍
- പച്ചമുളക് -3 എണ്ണം
- സോയാ സോസ് -2 ടേബിള്‍ സ്പൂണ്‍
- വിനാഗിരി -ഒരു ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി(വറുത്തെടുക്കുന്നതിന്)-11 അല്ലി
തയ്യാറാക്കുന്ന വിധം
അടുപ്പില്‍ പാന്‍ വെച്ച് നന്നായി ചൂടായി കഴിയുമ്പോള്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ഒഴിക്കാം. ഓയില്‍ ചൂടായി കഴിഞ്ഞാല്‍ അരിഞ്ഞുവെച്ച വെളുത്തുള്ളി അതിലേക്ക് ഇടുക. നല്ല ബ്രൗണ്‍ നിറമാകുന്നമാകുന്നതോടെ
സവാള അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് മൂന്നു മുതല്‍ നാലുമിനിറ്റുവരെ വേവിച്ചെടുക്കുക.
ചിക്കന്‍ വെന്ത ശേഷം ഇതിലേക്ക് ഉപ്പ്, പച്ചമുളക്, കുരുമുളക്, സോയാ സോസ്, വിനാഗിരി എന്നിവ ചേര്‍ക്കുക. ഇവയെല്ലാം നന്നായി കൂട്ടിയോജിപ്പിച്ചശേഷം ഒരുമിനിറ്റ് നേരം ഇളക്കുക. അതിനുശേഷം ചോറു ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
മറ്റൊരു പാനില്‍ ഒലിവ് എണ്ണ ഒഴിച്ച് ചൂടായ ശേഷം ബാക്കിയുള്ള വെളുത്തുള്ളി ചേര്‍ത്ത് നല്ല ബ്രൗണ്‍നിറമാകുന്നതുവരെ ഇളക്കുക. ഇത് നേരത്തെ തയ്യാറാക്കി വെച്ച ഫ്രൈഡ് റൈസിനു മുകളില്‍ ഒഴിക്കുക. ചൂടാറുന്നതിന് മുമ്പ് വിളമ്പാം.
Content highlights: Chinese style chicken garlic fried rice