അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് റോഡരികില്‍ ഇരുന്ന് പഴങ്ങള്‍ വില്‍ക്കുന്ന ഭിന്നശേഷിക്കാരനായ യുവാവിനെ യൂട്യൂബറായ ടെഡ് കുന്ചോക്ക് പരിചയപ്പെടുത്തിയത് സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്.
ഇപ്പോള്‍ സമാനമായ മറ്റൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി മിഠായിയുണ്ടാക്കി വില്‍ക്കുന്ന പത്തുവയസ്സുകാരിയായ ലൈലയാണ് ഈ വൈറല്‍ വീഡിയോയിലെ നായിക. ലൈലയുടെ ജീവിതവും അവള്‍ക്ക് ലഭിച്ച സര്‍പ്രൈസ് സമ്മാനവും കണ്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കണ്ണുനിറയുകയാണ്. ഇന്‍സ്റ്റഗ്രാം ഉപയോക്താവായ ചാര്‍ലി റോക്കറ്റാണ് ലൈലയെ പരിചയപ്പെടുത്തിയത്.
റോഡരികില്‍ മിഠായികള്‍ വില്‍ക്കുന്നത് കണ്ട് ലൈലയുടെ അടുത്തെത്തിയ ചാര്‍ലി അവളോട് എന്താണ് നിന്റെ സ്വപ്നമെന്ന് ചോദിക്കുന്നിടത്താണ് റീല്‍ ആരംഭിക്കുന്നത്. തനിക്ക് പാചകം ചെയ്യാന്‍ ഇഷ്ടമാണെന്നും ഇന്ന് മിഠായികളുണ്ടാക്കിയെന്നും ലൈല ചാര്‍ളിയെ അറിയിച്ചു. തന്റെ കാലിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് മിഠായി ഉണ്ടാക്കി വില്‍ക്കുന്നതെന്നും ലൈല ചാര്‍ളിയെ അറിയിച്ചു. സിആര്‍പിഎസ് എന്ന രോഗബാധിതയായിരുന്നു ലൈല.
ഇതുകേട്ട ചാര്‍ളി തങ്ങള്‍ക്കുവേണ്ടി ബേക്ക് ചെയ്യാന്‍ സമ്മതമാണോയെന്ന് ലൈലയോട് ചോദിച്ചു. സമ്മതമറിയിച്ച ലൈല അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങി പന്നിയുടെ ആകൃതിയിലുളള മിഠായികള്‍ ഉണ്ടാക്കി അവര്‍ക്ക് നല്കി.
24 മണിക്കൂര്‍ നേരത്തേക്ക് ലൈലയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറികട അവള്‍ക്കായി ഒരുക്കിയാണ് വീഡിയോയുടെ അവസാനം ചാര്‍ളി ലൈലയെ ഞെട്ടിച്ചത്. ബേക്കറികടയില് നിന്ന് കിട്ടുന്ന പണം കാലിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനുവേണ്ടിയായിരുന്നു. ചാര്‍ളിയും അവള്‍ക്കായി ഒരു സമ്മാനം ഒരുക്കിയിരുന്നു. 24 മണിക്കൂര്‍ നേരത്തേക്ക് അവളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബേക്കറിയായിരുന്നു ചാര്‍ളിയുടെ സമ്മാനം. ബേക്കറിയില്‍ നിന്ന് ലഭിക്കുന്ന പണം ലൈലയുടെ കാലിന്റെ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു.
കടയുടെ ഉള്ളില്‍ ലൈലയെ കാത്ത് മറ്റൊരു സര്‍പ്രൈസ് കൂടി ഉണ്ടായിരുന്നു. അത് മറ്റൊരു റീലിലൂടെയാണ് ചാര്‍ലി പുറത്തുവിട്ടത്. ലൈല ചാര്‍ളിക്കായി പന്നിയുടെ ആകൃതിയിലുളള മിഠായി ഉണ്ടാക്കി നല്കിയെങ്കില് ജീവനുളള ഒരു പന്നിക്കുഞ്ഞിനെ തന്നെ ചാര്‍ളി അവള്‍ക്കായി സമ്മാനിച്ചു. ടര്‍ക്കിയ്ക്കുള്ളില്‍ പൊതിഞ്ഞു കൊണ്ടുവരുന്ന പന്നിക്കുഞ്ഞിനെ കണ്ട് ലൈല വാ പൊളിച്ച് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. അതിനെ കെട്ടിപ്പിടിച്ച് കണ്ണീര് പൊഴിക്കുന്ന ലൈല കാഴ്ചക്കാരുടെ കണ്ണുകളെയും ഈറനണിയിക്കും.
മണിക്കൂറുകള്‍ക്കുളളിലാണ് ലൈലയുടെയും ചാര്‍ലിയുടെയും വീഡിയോ വൈറലായത്. 98,000 പേരാണ് വീഡിയോയ്ക്ക് ഇതുവരെ ലൈക്ക് നല്‍കിയത്.
Content highlights: 10 year old girl lyla sells sweets at street she got a surprise gift