ലോകരാജ്യങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് കാലാവസ്ഥാ വ്യതിയാനം. ലോകനേതാക്കളുടെയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയിലാണ്. നമ്മള് കരുതുന്നതിനേക്കാള്‍ വലിയ പ്രത്യാഘാതങ്ങളാണ് കാലാവസ്ഥാ മാറ്റം കൊണ്ട് ഉണ്ടാകുകയെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമായി നമ്മുടെ ഇഷ്ടവിഭവങ്ങള്‍ ക്രമേണ അപ്രത്യക്ഷമായേക്കാമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ മാറ്റം ഭക്ഷ്യോത്പാദനം കുറയ്ക്കുകയോ വിളകള്‍ കൃഷിചെയ്യുന്ന രീതിയെ മാറ്റി മറിയ്ക്കുകയോ ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു.
വീടുകളില്‍ വളര്‍ത്താന്‍ പാകത്തില്‍ വിളകളെ പാകപ്പെടുത്തിയെടുത്തപ്പോള്‍ നമുക്ക് ജനിതകവൈവിധ്യം നഷ്ടമായി. കാലാവസ്ഥാ വ്യതിയാനം പോലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു പോകാനുള്ള കഴിവ് ചെടികളില്‍ നിയന്ത്രിക്കപ്പെട്ടു-ജര്‍മന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ. ക്രോപ് ട്രസ്റ്റിന്റെ പദ്ധതിയായ ക്രോപ് വൈല്‍ഡ് റിലേറ്റീവ്സ് പ്രോജക്ടിന്റെ നേതാവായ ബെഞ്ചെമിന്‍ കിലിയാന്‍ പറഞ്ഞു.
നെല്ല്, ഉരുളക്കിഴങ്ങ്, കാപ്പി എന്നിവയെ ആയിരിക്കും കാലാവസ്ഥാ വ്യതിയാനം ഏറ്റവും മോശമായി ബാധിക്കുകയെന്ന് പഠനങ്ങള്‍ പറയുന്നു. 2060 ആകുമ്പോഴേക്കും ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയുടെ ഉത്പാദനത്തില്‍ 32 ശതമാനത്തിന്റെ ഇടിവ് ഉണ്ടാകുമെന്ന് ഇന്റര്‍നാഷണല്‍ പൊട്ടറ്റോ സെന്റര്‍ പ്രവചിച്ചിട്ടുണ്ട്. 2050 ആകുമ്പോഴേക്കും കാപ്പി കൃഷി ചെയ്യുന്ന പകുതിയോളം ഭൂമി നഷ്ടമാകുമെന്നും കരുതപ്പെടുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവിളയായ നെല്ല് ആഗോള താപനം പ്രതികൂലമായി ബാധാക്കുന്ന ഒന്നാണ്. എന്നാല്‍, സമുദ്രജലനിരപ്പ് ഉയരുന്നത് പാടങ്ങളിലെ വെള്ളത്തില്‍ ഉപ്പിന്റെ അംശം വര്‍ധിക്കുന്നതിനും ക്രമേണ നെല്ലുത്പാദത്തെ ബാധിക്കുമെന്നും എ.എഫ്.പി.യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഗോതമ്പ്, നെല്ല്, മധുരക്കിഴങ്ങ്, വാഴ, ആപ്പിള്‍ തുടങ്ങി 28 മുന്‍ഗണനാ വിളകളുടെ സ്വാഭാവികമായ ഉത്പാദനത്തിന് ഗവേഷകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പരമ്പരാഗത വിളകള്‍ക്ക് വളരെ മോശമായ കാലാവസ്ഥയെ പ്രതിരോധിക്കാനും അതുമായി പൊരുത്തപ്പെട്ടുപോകാനും കഴിവുണ്ടാകുമെന്നും അവര്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, ഇവയില്‍ നിന്ന് വിളവെടുക്കുന്നതുകൊണ്ട് മാത്രം ആസന്നമായ ഭക്ഷ്യപ്രതിസന്ധിക്കുള്ള ഉത്തരമാകുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ ഭക്ഷ്യ ഉപഭോഗത്തിന്റെ 60 ശതമാനവും വഹിക്കുന്നത് നെല്ല്, ചോളം, ഗോതമ്പ് എന്നിവയെ ആശ്രയിച്ചാണുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്ഗനൈസേഷന്(എഫ്.എ.ഒ.) പറയുന്നു. ലോകത്തിലുള്ള 50,000-ല്‍ പരം ഭക്ഷ്യ വിളകളില്‍ മൂന്നെണ്ണം മാത്രമാണിതെന്ന് ഓര്‍ക്കണം.
Content highlights: your favourite foods could disappear due to climate change