ചായപ്രേമികൾക്ക് ചായയുടെ ഇഷ്ടത്തിലും പ്രത്യേകതകളുണ്ട്. ചിലർക്ക് കടുപ്പവും മധുരവുമൊക്കെ കൂടുതലാണ് ഇഷ്ടമെങ്കിൽ ചിലർക്ക് ഇതെല്ലാം പേരിനുമതി. എന്നാൽ ചായയിൽ ചേർക്കുന്ന പൊടിയുടെയും പഞ്ചസാരയുടെയുമൊക്കെ ഗുണമേന്മയെക്കുറിച്ച് ചിന്തിക്കാറുണ്ടോ? ഇവയിൽ പലതും മായം ചേർത്ത് വിപണിയിൽ എത്തുന്നവയാണ്. പഞ്ചസാരയിലെ മായം പരിശോധിക്കേണ്ട വിധം പങ്കുവെക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.).
പഞ്ചസാരയിൽ ചേർക്കുന്ന പ്രധാന മായങ്ങളിലൊന്ന് യൂറിയ ആണെന്നാണ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇത് ശരീരത്തിന്റെ പല അവയങ്ങളെയും ദോഷകരമായി ബാധിക്കും. അമിതമായ അളവിൽ യൂറിയ ശരീരത്തിൽ പ്രവേശിക്കുക വഴി കോശങ്ങളുടെ പ്രവർത്തനത്തെയും ദഹനപ്രക്രിയയെയുമൊക്കെ ബാധിക്കും. പഞ്ചസാരയിൽ മായമുണ്ടോ എന്ന് തിരിച്ചറിയാനുള്ള വിധം വീഡിയോ രൂപത്തിലാണ് എഫ്.എസ്.എസ്.എ.ഐ. പങ്കുവെച്ചിരിക്കുന്നത്.
അതിനായി ഒരു സ്പൂൺ പഞ്ചസാര എടുക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിൽ അലിയിക്കുക. പഞ്ചസാര നന്നായി അലിഞ്ഞതിനുശേഷം വെള്ളം മണത്തുനോക്കുക. അമോണിയയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ പഞ്ചസാരയിൽ യൂറിയ കലർത്തിയിട്ടുണ്ടെന്ന് ഉറപ്പിക്കാം.
അടുത്തിടെ ചായപ്പൊടിയിലെ മായം കണ്ടെത്തുന്ന വിധവും എഫ്.എസ്.എസ്.എ.ഐ. പങ്കുവെച്ചിരുന്നു. അതിനായി ലിറ്റ്മസ് പേപ്പറില്‍ കുറച്ച് ചായപ്പൊടി എടുത്തശേഷം അതിലേക്ക് മൂന്നോ നാലോ തുള്ളി വെള്ളം ഒഴിക്കുക. കുറച്ച് സമയം കാത്തിരുന്നശേഷം ചായപ്പൊടി ലിറ്റ്മസ് പേപ്പറില്‍നിന്ന് മാറ്റുക. ചായപ്പൊടിയില്‍ മായം ഒന്നും കലര്‍ന്നിട്ടില്ലെങ്കില്‍ ലിറ്റ്മസ് പേപ്പറില്‍ വളരെ നേരിയ അളവില്‍ നിറം പിടിച്ചിട്ടുണ്ടാകും. മായം കലര്‍ന്നതാണെങ്കില്‍ നല്ല കട്ടിയായി കറപോലെ നിറം പടര്‍ന്നിട്ടുണ്ടാകും.
Content Highlights: food adulteration, sugar adulteration test, sugar adulteration test in water, food adulteration act, food news malayalam