എതിരില്ലാത്ത മൂന്ന് ഗോളിനാണ് വെനസ്വേലയെ ആതിഥേയര്‍ തകര്‍ത്തത്
ബ്രസീല്‍: കോപ്പ അമേരിക്കയില്‍ ബ്രസീലിന് തകര്‍പ്പന്‍ തുടക്കം. വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ഗോളടിച്ചും, അടിപ്പിച്ചും സൂപ്പര്‍ താരം നെയ്മര്‍ തിളങ്ങി. മാര്‍ക്വിനസ്, നെയ്മര്‍, ഗബ്രിയല് എന്നിവരാണ് സ്കോറര്‍മാര്‍.
വെനസ്വേലയ്ക്ക് മുകളില്‍ സര്‍വാധിപത്യം നേടാന്‍ ബ്രസീലിനായി. 23-ാം മിനുറ്റിലാണ് ആദ്യ ഗോള്‍ വീണത്. നെയ്മര്‍ തൊടുത്ത ക്രോസ് വെനസ്വേലന്‍ പ്രതിരോധ താരത്തിന്റെ ദേഹത്തിടിച്ച് പോസ്റ്റിനരികിലേക്ക്. അവസരം മനസിലാക്കിയ മാര്‍ക്വിനസ് അനായാസം പന്ത് വലയിലെത്തിച്ചു. ബ്രസീല്‍ മുന്നില്‍.
Also Read: UEFA Euro 2020 Schedule, Teams, Fixtures, Live Streaming: യൂറോകപ്പ് 2020 ഫിക്സ്ചർ
ആദ്യ പകുതിയില്‍ നിരവധി മുന്നേറ്റങ്ങള്‍ നെയ്മറിന്റെ നേതൃത്വത്തില്‍ നടന്നെങ്കിലും ഗോളുകള്‍ പിറന്നില്ല. 64-ാം മിനുറ്റില്‍ ഡാനിലോയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി പെനാലിറ്റി വിധിച്ചു. കിക്കെടുത്ത നെയ്മറിന് പിഴച്ചില്ല. ലളിതവും സുന്ദരവുമായിരുന്നു ആ കിക്ക്. ബ്രസീല്‍ ലീഡ് ഉയര്‍ത്തി.
പിന്നീട് വെനസ്വേലന്‍ ഗോള്‍ മുഖം നെയ്മറിന് മുന്നില്‍ പലതവണ ശൂന്യമായി കിടന്നിരുന്നു. പക്ഷെ ലക്ഷ്യം തെറ്റിയ ഷോട്ടുകളായിരുന്നു കൂടുതല്‍ എന്ന് മാത്രം.
കളിയുടെ അവസാന നിമിഷമാണ് മൂന്നാം ഗോളിന്റെ വരവ്. ഇടത് വിങ്ങിലൂടെ നെയ്മറിന്റെ മൂന്നേറ്റം. എളുപ്പത്തില്‍ പ്രതിരോധ നിരയെ മറികടന്ന് ബോക്സിനുള്ളിലേക്ക് ക്രോസ്. ഓടിയെത്തിയ ഗബ്രിയേല്‍ തന്റെ നെഞ്ച് കൊണ്ടാണ് പന്ത് ലക്ഷ്യത്തിലെത്തിച്ചത്.