രാജലക്ഷ്മി ജയശങ്കർ.
ഒരു പെണ്ണിനെ സ്നേഹത്തിന്റെ പേരിൽ കൂടെക്കൂട്ടി സ്വന്തം വീട്ടിൽ ഒരു കുടുസ്സു മുറിക്കുള്ളിൽ മറ്റാരേയും കാണിക്കാതെ 10 വർഷങ്ങളോളം അടച്ചിട്ട് പോറ്റുക…’എന്നിട്ട് ദിവ്യപ്രണയം എന്ന് പേരും..! ഇതൊക്കെ വിശ്വസിക്കാൻ സാധാരണ സുബോധം ഉള്ള മനുഷ്യർക്ക് പറ്റില്ല.ഇത് മറ്റൊരു പീഡനം ആണെന്നേ പറയാൻ കഴിയൂ.
സ്നേഹം തലയ്ക്കു പിടിച്ചു ഒരുത്തനോടൊപ്പം ജീവിക്കാൻ, സ്വന്തം മാതാ പിതാക്കളെ ഉപേക്ഷിച്ചു വീടിന്റെ പടിയിറങ്ങിയപ്പോൾ ആ 18 വയസ്സുള്ള പെൺകുട്ടി എന്തൊക്കെ സ്വപ്നങ്ങൾ കണ്ടിരിക്കും? പ്രേമത്തിനു കണ്ണില്ല മൂക്കില്ല എന്ന് പറയും പോലെ… അപ്പോഴത്തെ അവസ്ഥയിൽ അവൾക്ക് ചിലപ്പോൾ അയാളുടെ വാക്കുകൾ അനുസരിച്ചു ഒളിച്ചിരിക്കേണ്ടി വന്നേക്കാം… എങ്കിലും എത്ര നാൾ? ഇങ്ങനെയൊരു ദീർഘകാല “ഒളിച്ചിരിപ്പ്” അവൾ പ്രതീക്ഷിച്ചിട്ടും ഉണ്ടാകില്ല.
എത്ര കുറഞ്ഞ നാളുകൾ കൊണ്ട് അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും അസ്തമിച്ചു കാണും? താൻ ചെയ്തു പോയ തെറ്റിന്റെ “ശിക്ഷ”ആയി എടുത്ത് അവൾ സ്വയം ഉരുകി തീരാൻ ശ്രമിച്ചതും ആകാം… അതിനു ശേഷം അവൾ ചിരിച്ചിട്ടുണ്ടാകുമോ? ദിവസങ്ങൾ കഴിയുംതോറും അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന ധൈര്യത്തെ മുഴുവനും കരിച്ചു കളഞ്ഞു ഭയത്തിന്റെ വിത്തുകൾ പാകി, പുറത്തിറങ്ങിയാൽ ഉള്ള ഭീകരവസ്ഥ പറഞ്ഞു ബോധിപ്പിച്ചു അയാളുടെ ഇഷ്ടത്തിന് ജീവിക്കാൻ ആ സ്ത്രീ മനസ്സിനെ അയാൾ പാകപ്പെടുത്തി എടുത്തതല്ലേ ഈ കഴിഞ്ഞ ദശവർഷങ്ങൾ?
പെണ്ണിന്റെ സ്വപ്നങ്ങൾ പ്രതീക്ഷകൾ എന്താണെന്നു മനസ്സിലാക്കാതെ ഇത്രയും വർഷങ്ങൾ വെയിലും മഴയും കാണിക്കാതെ പകലും രാത്രിയും അറിയാതെ ആകാശത്തിലെ നക്ഷത്രങ്ങളെയും മറ്റു ജീവജാലങ്ങളെപ്പോലും അവളെ കാണിക്കാതെ അയാളുടെ സ്വന്തം ഇഷ്ടങ്ങൾക്കു മാത്രം വിധേയയാക്കി.. ഇതാണോ അനശ്വര പ്രണയം?
അയാളോടൊപ്പം പോകും മുമ്പ് നിറഞ്ഞ ചിരിയാൽ പ്രിയപ്പെട്ടവരോടൊപ്പം ആഘോഷിച്ചിരുന്ന ഓണവും വിഷുവും ക്രിസ്തുമസും റംസാനും എന്താണെന്ന് അവൾ മറന്നു കാണും.. അല്ല എല്ലാം മറന്ന പോലെ അയാൾക്കു മുന്നിൽ അഭിനയിച്ചു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനാകാതെ, അയാൾ കൊണ്ട് വരുന്നത് എന്താണെന്ന് പോലും നോക്കാതെയായിരിക്കണം വിശപ്പു ശമിപ്പിച്ചിരുന്നത്…പിന്നെ പിന്നെ വിശപ്പും കെട്ടു കാണണം…. എല്ലാം സഹിച്ചു “പ്രണയത്തിന്റെ” പേരിൽ പൊട്ടക്കുളത്തിലെ തവളയെ പോലെ ജീവിച്ചു… ഇതാണോ പ്രണയം?
അവൾക്കും ഉണ്ടായിരുന്നില്ലേ അമ്മയാവണമെന്ന മോഹം? ഒരു കുഞ്ഞിനെ ലാളിക്കാൻ, താരാട്ടു പാടിയുറക്കാൻ…ഒരുക്കാൻ, കളിപ്പിക്കാൻ, പഠിപ്പിക്കാൻ, സ്കൂളിൽ കൊണ്ട് വിടാൻ.. എല്ലാമോഹങ്ങളും അവൾക്ക് കുഴിച്ചു മൂടേണ്ടി വന്നു.. ആർക്കു വേണ്ടി? എന്തിനു വേണ്ടി?
ഇതിനുമപ്പുറം ഒരു സ്ത്രീയെന്ന നിലയിൽ അവളനുഭവിച്ച സ്വകാര്യ നൊമ്പരങ്ങൾ അനവധിയല്ലേ? മലമൂത്ര വിസർജ്ജനം മുതൽ ആർത്തവ ശുചീകരണത്തിനു വരെ മറ്റുള്ളവരുടെ അസാന്നിധ്യത്തിനായി കാത്തിരിക്കേണ്ട ഗതികേട്.പരാതികളില്ലാഞ്ഞിട്ടോ പറയാൻ ഭയന്നിട്ടോ ഈ ദുരിതങ്ങൾ പേറി പത്തുവർഷക്കാലം ഇരുളടഞ്ഞ ജീവിതത്തിന്റെ ഇരയായത്?
ഇതിലെ രണ്ടു കഥാപാത്രങ്ങളും പറയുന്നത് സത്യമാണെങ്കിൽ ഇവരുടെ ഈ പ്രണയം പവിത്രമാണ് പരിപാവനമാണ് എന്ന് പറഞ്ഞു സപ്പോർട്ട് ചെയ്യുന്നവരോട് ഒന്ന് ചോദിച്ചോട്ടേ?.. നിങ്ങളുടെ വീട്ടിൽ.,. നിങ്ങളുടെ മകൾക്കോ സഹോദരിക്കോ ആണ് ഈ അവസ്ഥ ഉണ്ടായതെങ്കിൽ ഇത്തരം ഒരു പ്രണയത്തെ മഹത്വവൽക്കരിക്കുമായിരുന്നോ? അനശ്വര പ്രണയമാക്കി എല്ലാം ശുഭം ആക്കി പര്യവസാനിപ്പിക്കുമായിരുന്നോ? ആ പെൺകുട്ടി അയാളെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അതയാളുടെ വക്രബുദ്ധി.. ആ പെൺകുട്ടിയുടെ ഇപ്പോഴത്തെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടോ? “ചിരി” എന്ന വികാരം പോലും അത് മറന്നു പോയി കാണും. എന്നോ മരവിച്ചു പോയ മനസ്സിന് എങ്ങനെ ചിരിക്കാൻ കഴിയും?
സ്നേഹിക്കുന്ന പെണ്ണിനെ ധൈര്യത്തോടെ കൈപിടിച്ചു നാലാൾ കാൺകെ സന്തോഷത്തോടെ ജീവിക്കണം. അങ്ങനെയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ രണ്ടു സമുദായങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം.. എന്നാൽ അതൊന്നും ഇത്തരം ഒരു പ്രവൃത്തിയെ ന്യായീകരിക്കാൻ കാരണമല്ല. പെണ്ണിനെ സ്നേഹത്തിന്റെ പേരും പറഞ്ഞു കൊണ്ടു പോയെങ്കിൽ ദൂരെ എവിടെയെങ്കിലും പോയി മനുഷ്യർ ജീവിക്കുന്നത് പോലെ ജീവിക്കാം.അല്ലാതെ ഇങ്ങനെ പ്രണയം പറഞ്ഞു മണ്ടിയാക്കി ദ്രോഹിക്കുകയല്ലായിരുന്നു വേണ്ടിയിരുന്നത്.
10 വർഷങ്ങൾക്ക് മുമ്പ് സ്വന്തം മകളെ കാണ്മാനില്ല എന്ന പരാതി കിട്ടിയിട്ടും ആ മാതാപിതാക്കളോട് ആത്മാർത്ഥത കാണിക്കാൻ കഴിയാത്ത നിയമപാലകരോട് പുച്ഛം മാത്രം… മൂക്കിന് താഴെ ഉണ്ടായിട്ടും… കണ്ടു പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്ത് നിയമപാലനം?