ലൈലാമ്മ ഉമ്മൻ.
നിർഭയനായി ജീവിക്കുക എന്നത് ജീവിതത്തിലെ ഒരു വലിയ കാര്യമാണ്.
ജീവിതത്തിലെ പല കാര്യങ്ങളും നാം ഭയപ്പെടുന്നതോ നമ്മെ ഭയപ്പെടുത്തുന്നതോ ആണെന്നു വിശ്വസിച്ചു ജീവിക്കുന്ന അനേകം പേർ നമുക്കിടയിലുണ്ട്.ചിലർ സ്വയം ഭീരുക്കളാവുകയും മറ്റുള്ളവരെക്കൂടി ഭീരുക്കളായി കാണാൻ ആഗ്രഹിക്കുന്നവരും ഉണ്ട്.
എന്താണ് ഭയം? എങ്ങനെയാണ് പേടി അല്ലെങ്കിൽ ഭയം ഉണ്ടാകുന്നത്? എന്തിനെയാണ് ഭയം? എന്തുകൊണ്ടാണ് ഭയം?
ആരെയാണ് ഭയക്കുന്നത്?
ഓരോരുത്തരും ഈ ചോദ്യങ്ങൾ ഒന്നു സ്വയം ചോദിച്ചു നോക്കൂ എല്ലാറ്റിനും ”ഇല്ല” എന്നാണുത്തരമെങ്കിൽ നിങ്ങൾ ധൈര്യശാലി തന്നെ.എന്നാൽ പലർക്കും ഏതിനെങ്കിലുമൊക്കെ ഉത്തരം കാണും.
നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ല എന്നു നാം വിചാരിക്കുന്ന കാര്യങ്ങൾ സംഭവിച്ചാൽ അതിനെ അതിജീവിക്കാനുള്ള ധൈര്യമില്ലായ്മയാണ് നാം പേടി അല്ലെങ്കിൽ ഭയം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഭയം എന്നു പറയുന്നത് മനസ്സിന്റെ ഒരു അവസ്ഥയാണ്.നമ്മുടെ ജീവന്,പേരിന്,വ്യക്തിത്വത്തിന്,സമ്പത്തിന്,ശരീരത്തിന്, കേടുപറ്റുന്നതെന്തും നാം ഭയക്കുന്നു.ചുരുക്കിപ്പറഞ്ഞാൽ ധനനഷ്ടം,
മാനഹാനി,ജീവഹാനി എന്നീ കാര്യങ്ങളാണ് പേടിയുടെ മൂലകാരണം.
എപ്പോഴും ഈ അവസ്ഥയിൽ ആയിക്കൊള്ളണമെന്നില്ല.എങ്കിലും മനസ്സിൽ പേടിയുമായി നടക്കുന്നവരാണധികവും.മിക്കവാറും ആളുകൾ മറ്റുള്ളവർ തങ്ങളെക്കുറിച്ചെന്തു വിചാരിക്കും എന്ന് പേടിച്ചു ജീവിക്കുന്നു. എന്നാൽ ഇങ്ങനെ പേടിച്ചു ജീവിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ? ഉണ്ടെങ്കിൽ എന്ത് പ്രയോജനം ? അതോ നഷ്ടമോ? ഉണ്ടെങ്കിൽ
എന്താണ് ആ നഷ്ടം ? ചിന്തിച്ചു നോക്കൂ.
മറ്റുള്ളവരുടെ അഭിപ്രായത്തെ ഭയന്ന് സ്വന്തം താല്പര്യങ്ങളും ഇഷ്ടങ്ങളും ത്യജിച്ച്
വർത്തമാനകാലത്തെ സന്തോഷകരമായ നിമിഷങ്ങളാണ് നഷ്ടപ്പെടുത്തുന്നത് എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ ധൈര്യമായി തരണം ചെയ്യാൻ കഴിയാതെ ജീവിതം ഹോമിച്ച എത്രയോ പേരെ നമുക്കറിയാം.
പേടിച്ചിരുന്നാൽ അസുഖം വരാതിരിക്കുമോ?
മരിക്കാതിരിക്കുമോ?ധൈര്യത്തോടെ ഓരോന്നും അതിജീവിച്ചു മുന്നോട്ടു പോകുമ്പോൾ കിട്ടുന്ന ആ സന്തോഷവും ത്രില്ലും അനുഭവിക്കാതെ എന്തു ജീവിതം?
ഏറ്റവും അന്തിമമായ ഭയം മരണഭയമായിരിക്കും.നാം മരിച്ചാൽ അത് മറ്റുള്ളവരിൽ ഉണ്ടാക്കുന്ന ആഘാതം ഓർത്തു ദുഖിക്കുന്നവരുണ്ട്.അവരോട് പറയാനുള്ളത് നിങ്ങൾ മരിച്ചാലുള്ള ദുഖം കൂടിപ്പോയാൽ ഒരു മാസം…അതു കഴിഞ്ഞാൽ എല്ലാവരും അവരുടെ ദിനചര്യകളുമായി മുന്നോട്ടു പോകും. അല്ല, നമ്മുടെ സ്വത്തുക്കളും സമ്പാദ്യങ്ങളും ഇട്ടിട്ടു പോകാനുള്ള വിഷമമാണെങ്കിൽ അത് ആരെങ്കിലും ഇന്നുവരെ കൂടെ സ്വത്തുക്കൾ കൊണ്ടുപോയിട്ടുണ്ടോ? സമ്പത്ത് ഒരിക്കലും കൂടെ കൊണ്ടുപോകാൻ കഴിയില്ലെന്നത് സത്യമാണെന്നും.മരണം മാറ്റിവയ്ക്കാൻ കഴിയാത്ത മറ്റൊരു സത്യം ആണെന്നും എന്നെങ്കിലും മരിച്ചേ പറ്റൂ എന്നും കൂടി അംഗീകരിക്കാൻ കഴിഞ്ഞാൽ പിന്നെ ഈ ലോകത്ത് ഒന്നിനേയും പേടി കൂടാതെ ജീവിക്കാം.
നിർഭയരായി ജീവിക്കുന്നവരെ ചിലപ്പോൾ നിഷേധികളെന്നു സമൂഹം വിശേഷിപ്പിച്ചേക്കാം. എന്നാൽ നിഷേധാത്മക ഭാവനയിലൂടെ മനസ്സിൽ കുടിയേറിയ അബദ്ധധാരണകളെ ക്രിയാത്മക ഭാവനകൾ ഉപയോഗിച്ച് ഉൻമൂലനം ചെയ്യാൻ ശ്രമിക്കാം. നാം ഭയപ്പെടുന്നതായ കാര്യങ്ങളെപ്പറ്റി എപ്പോഴും ചിന്തിക്കുന്നതു മൂലം അത് നമ്മുടെ ജീവിതത്തിൽ സംഭവിക്കുമെന്നൊരു മനഃശാസ്ത്രപരമായ സത്യം മനസിലാക്കുന്നതും നന്നായിരിക്കും.
അതുകൊണ്ട് നാം ഭയക്കുന്ന കാര്യങ്ങളെ ഭയന്നു മാറി നില്ക്കാതെ അതിനെ അഭിമുഖീകരിക്കുന്നതിനായി മനസ്സ് സജ്ജമാക്കി മുന്നോട്ടു പോകാൻ ശ്രമിക്കുക.
ഭയപ്പെടുത്തുന്ന ചിന്തകൾ മനസിലേക്കെത്തുന്നു എന്നു തോന്നിയാൽ
”സ്റ്റോപ്പ് തിങ്കിങ്” എന്ന് സ്വയം ശാസിക്കുക.ജീവിത വിജയത്തിന്റെ വഴിമുടക്കി നില്ക്കുന്ന ഭയത്തെ അകറ്റി ധൈര്യസമേതം ജീവിച്ച് ജീവിത വിജയം കൈവരിക്കാം.